വഴങ്ങാത്ത കാര്‍ണിയെ വരുതിയിലാക്കാന്‍ ട്രംപിന്റെ 'എയര്‍ സ്‌ട്രൈക്ക്'; യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി; കാനഡയുടെ ബോംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് അമേരിക്കയില്‍ വിലക്ക് വീണെക്കും; ചൈനയുമായുള്ള വ്യാപാര കരാര്‍ തടയാന്‍ നീക്കം
വഴങ്ങാത്ത കാര്‍ണിയെ വരുതിയിലാക്കാന്‍ ട്രംപിന്റെ 'എയര്‍ സ്‌ട്രൈക്ക്';
വാഷിങ്ടണ്‍: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായിട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാരക്കരാറുമായി മുന്നോട്ടു പോയാല്‍ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്ത നടപടി.
ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു. തിരുത്താന്‍ കാനഡ തയാറായില്ലെങ്കില്‍ യു.എസില്‍ നിന്നുള്ള എല്ലാ എയര്‍ ക്രാഫ്റ്റുകള്‍ക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇതൊടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായുള്ള തര്‍ക്കം പുതിയ ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നതായാണ് സൂചന.
കാനഡയിലെ വിമാന നിര്‍മാതാക്കളായ ബോംബാര്‍ഡിയറിന്റെ ഗ്ലോബല്‍ എക്‌സ്പ്രസ് ബിസിനസ് ജെറ്റുകള്‍ അമേരിക്കയില്‍ നിന്ന് ''ഡീസര്‍ട്ടിഫൈ'' ചെയ്യുമെന്നും ട്രംപ് പറഞ്ഞു. വിമാന വ്യവസായ ഡാറ്റ നല്‍കുന്ന സിരിയം എന്ന സ്ഥാപനത്തിന്റെ കണക്കുകള്‍ പ്രകാരം,നിലവില്‍ 150ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ എക്‌സ്പ്രസ് വിമാനങ്ങള്‍ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 115ഓപ്പറേറ്റര്‍മാരാണ് ഇവ ഉപയോഗിക്കുന്നത്.ഗള്‍ഫ്സ്ട്രീമും ബോംബാര്‍ഡിയറും ബിസിനസ് ജെറ്റ് വിപണിയില്‍ നേരിട്ടുള്ള എതിരാളികളാണ്.
കാനഡയില്‍ നിര്‍മ്മിച്ച ആയിരക്കണക്കിന് സ്വകാര്യവും പൊതുവായതുമായ വിമാനങ്ങള്‍ ദിവസേന അമേരിക്കന്‍ ആകാശത്ത് പറക്കുന്നു.വ്യാപാര തര്‍ക്കത്തിന്റെ പേരില്‍ വിമാനങ്ങള്‍ ഡീസര്‍ട്ടിഫൈ ചെയ്യുന്നത് അത്യന്തം അസാധാരണമാണ്. അമേരിക്കമെക്‌സിക്കോകാനഡ വ്യാപാര കരാര്‍ (ഡടങഇഅ)പുനപരിശോധനയ്ക്ക് വിധേയമാക്കുന്ന സമയമാണ്. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നത്. അമേരിക്കന്‍ വ്യാപാര നയങ്ങളെ വിമര്‍ശിച്ച കാര്‍ണിയുടെ പരാമര്‍ശങ്ങള്‍ തിരിച്ചടിയാകാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇതിനിടെ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് കാര്‍ണിയും വ്യക്തമാക്കിയിരുന്നു.
