പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍; സൗദിയില്‍ വച്ച് നേരിട്ടുള്ള ചര്‍ച്ച; റഷ്യ- യുക്രൈന്‍ യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും തീര്‍ക്കാന്‍ ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി കൂട്ടു നില്‍ക്കുമോ എന്ന് ഭയന്ന് ഹമാസ്

പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍

Update: 2025-02-13 02:16 GMT

വാഷിങ്ടണ്‍: ലോകത്തെ ആശങ്കയിലാക്കിയ യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ ,യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളാണ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. പുടിനെപ്പോലെ സെലന്‍സ്‌കിയും സമാധാനം ആഗ്രഹിക്കുന്നതായി അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു.

സൗദി അറേബ്യയില്‍ വെച്ച് പുടിനുമായി കൂടിക്കാഴ്ച്ചക്ക് ഒരുങ്ങുകയാണ് ട്രംപ്. ഈ ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ദം അവസാനിപ്പിക്കാനുള്ള ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞേക്കും. അതേസമയം ട്രംപിന്റെ സൗദി സന്ദര്‍ശനം ഗാസയുടെ വിഷയത്തിലും നിര്‍ണായകമാണ്. ഗാസയെ യുഎസ് ഏറ്റെടുക്കുമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്. ഈ വിഷയത്തില്‍ തന്റെ മനസ്സില്‍ എന്താണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ട്രംപ് പങ്കുവെച്ചേക്കും. സൗദിക്കും താല്‍പ്പര്യമുള്ള വിഷയമായി ട്രംപിന്റെ പ്രെപ്പോസല്‍ മാറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഹമാസിനുമുള്ളത്.

യുക്രൈന്‍-റഷ്യ യുദ്ധംം അവസാനിപ്പിക്കാനായി ഇരു നേതാക്കളും ട്രംപുമായി സംസാരിച്ച കാര്യം റഷ്യയും യുക്രൈനും സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒന്നര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്ക് ക്ഷണിച്ചതായി റഷ്യ അറിയിച്ചു. സമാധാനം കൈവരിക്കാനുള്ള അവസരം ഉള്‍പ്പെടെ ചര്‍ച്ചയായെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.

പുടിനുമായി ടെലിഫോണിലൂടെയാണ് ട്രംപ് സംസാരിച്ചത്. ഒന്നര മണിക്കൂര്‍ നീളുന്ന സംഭാഷണത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ചാണ് സംസാരിച്ചത്. ഇരു നേതാക്കളും കാലതാമസം കൂടാതെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിച്ചതായി ട്രംപ് വെളിപ്പെടുത്തി. സൗദി അറേബ്യയില്‍ വെച്ച് പുടിനുമായി കണ്ടുമുട്ടുമെന്നാണ് ട്രംപ് പറഞ്ഞത്. സൗദി രാജകുമാരനെ നമുക്കറിയാം, കൂടിക്കാഴ്ച്ചക്ക് പറ്റിയ സ്ഥലമാണ് സൗദിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഇടപെടലോടെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിന്റെ അന്ത്യത്തിലേക്ക് അടക്കുന്നുവെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും.


 



'ഞങ്ങളുടെ ടീമുകള്‍ ഉടനടി ചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ വിളിച്ച് ഈ ചര്‍ച്ചയെ കുറിച്ച് ഞങ്ങള്‍ ഉടന്‍ അറിയിക്കും അക്കാര്യമാണ് ഉടന്‍ ചെയ്യുക' ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കാത്ത തന്റെ മുന്‍ഗാമി ബൈഡനെ കുറ്റപ്പെടുത്തുകയും ചെയ്തു ട്രംപ്. എന്നാല്‍ എന്താണ് യുദ്ധം അവസാനിപ്പിക്കാനുള്ള പ്ലാനെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. തുല്‍സി ഗബ്ബാര്‍ഡ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വെച്ചാണ് ട്രംപ് യുദ്ധം അഴസാനിപ്പിക്കാനുള്ള പരിശ്രമങ്ങളെ കുറിച്ചു പറഞ്ഞത്. രണ്ടാം വട്ടം അധികാരത്തിലെത്തിയ ട്രംപിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഒന്നാണ് യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പരിഹാരം.

ഒന്നര മണിക്കൂറോളം നീണ്ട പുടിന്‍ -ട്രംപ് സംഭാഷണത്തെ റഷ്യയും ശരിവെക്കുന്നുണ്ട്. ഈ സംഭാഷണത്തിനിടെ ഇരുവരും കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചുവെന്നുമാണ് ക്രെംലിന്‍ പറയുന്നത്. അതിനിടെ പുടിന്‍ ട്രംപിനെ മോസ്‌കോയിലേക്ക് ക്ഷണിച്ചുവെന്നും ഇപ്പോള്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയും യുക്രൈനും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ തന്നെയാണ്. എന്നാല്‍ ട്രംപിന്റെ പ്ലാന്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുമെന്നാണ് സെലന്‍സ്‌കി ആശങ്കപ്പെടുന്നത്. യുദ്ധവുമായി മുന്നോട്ടുപോകാന്‍ ഇനി യുക്രൈന് സാധ്യമായേക്കില്ല. അമേരിക്ക സഹായം നിര്‍ത്തിയത് വന്‍ തിരിച്ചടിയായിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായാല്‍, ഇരുരാജ്യങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളുടെ പരസ്പര കൈമാറ്റം എന്ന നിര്‍ദേശം യുക്രൈന്‍ മുന്നോട്ട് വെക്കുമെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. യുക്രൈനിലെ റഷ്യയുടെ കൈവശമുള്ള ഭൂപ്രദേശങ്ങള്‍ക്ക് പകരം കുര്‍സ്‌കിലെ യുക്രൈന്‍ അധിനിവേശ പ്രദേശം റഷ്യക്ക് നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് സെലെന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. കുര്‍സ്‌ക് മേഖല റഷ്യയ്ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പകരം റഷ്യയുടെ അധീനതയിലുള്ള ഏതെല്ലാം പ്രദേശങ്ങളാണ് തിരികെ ചോദിക്കുക എന്ന ചോദ്യത്തിന്, തങ്ങളുടെ എല്ലാ ഭൂപ്രദേശങ്ങളും പ്രധാനപ്പെട്ടതാണെന്നും അതില്‍ മുന്‍ഗണനകളില്ലെന്നുമായിരുന്നു സെലന്‍സ്‌കിയുടെ മറുപടി.

2014 ലാണ് റഷ്യ യുക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തത്. പിന്നീട് 2022 ല്‍ ഡോണെസ്‌ക്, ഖെര്‍സണ്‍, ലുഹന്‍സ്‌ക്, സപ്പോറിഷിയ എന്നിവിടങ്ങളും പിടിച്ചെടുത്തു. എങ്കിലും ഈ പ്രദേശങ്ങള്‍ക്ക് മേല്‍ റഷ്യയ്ക്ക് പൂര്‍ണ നിയന്ത്രണമില്ല. മൂന്ന് വര്‍ഷക്കാലമായി തുടരുന്ന യുക്രൈനിലെ യുദ്ധം താന്‍ അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുടിനുമായുള്ള സംഭാഷണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എങ്കിലും യുദ്ധമവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന് തന്നെയാണ് യുഎസിന്റെ നിരീക്ഷണം.

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും തമ്മില്‍ കരാറുണ്ടാക്കുന്നുണ്ടെങ്കില്‍ കര്‍ശനമായ സുരക്ഷാ ഗാരന്റിയും വേണമെന്ന നിലപാടാണ് സെലന്‍സ്‌കിയ്ക്ക്. നാറ്റോ അംഗത്വം, സമാധാന സേനയുടെ വിന്യാസം ഉള്‍പ്പടെയുള്ള സൈനിക ഉടമ്പടികള്‍ അടങ്ങുന്ന വ്യവസ്ഥകള്‍ കരാറിലുണ്ടാകണമെന്നാണ് യുക്രൈന്‍ നിലപാട്. അല്ലാത്തപക്ഷം റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്നും വീണ്ടും ആക്രമണം നടത്തിയേക്കുമെന്നുമാണ് യുക്രൈന്റെ ആശങ്ക.

ഇതിനിടെ പലസ്തീന്‍കാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു. വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതുകൊണ്ട് തന്നെ ട്രംപിന്റ് സൗദി ദൗത്യത്തെയും ആശങ്കയോടെയാണ് ഹമാസ് അടക്കമുള്ളവര്‍ കാണുന്നത്.

ഗാസയില്‍നിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതിനെതിരായ ജോര്‍ദാന്റെ നിലപാട് ട്രംപിനെ ധരിപ്പിച്ചുവെന്നും അദ്ദേഹം സമാധാനത്തിന്റെ ആള്‍രൂപമാണെന്നും അബ്ദുല്ല രാജാവ് പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ നടത്തിയ മാധ്യമസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. അറബ് രാജ്യങ്ങള്‍ ബദല്‍ മാര്‍ഗം യുഎസിനു മുന്നില്‍ അവതരിപ്പിക്കുമെന്നാണു സൂചന. ഗാസയിലേക്കു തിരിച്ചെത്താന്‍ പലസ്തീന്‍കാര്‍ക്ക് അവകാശമില്ലെന്ന നിലപാട് ആവര്‍ത്തിച്ച യുഎസ് പ്രസിഡന്റ്, പലസ്തീന്‍ അഭയാര്‍ഥികളെ ഏറ്റെടുത്തില്ലെങ്കില്‍ സഖ്യകക്ഷികളായ ഈജിപ്തിനും ജോര്‍ദാനുമുള്ള സഹായം നിര്‍ത്തുമെന്നും മുന്നറിയിപ്പു നല്‍കി.


 



അതിനിടെ, ശനിയാഴ്ച ഉച്ചയ്ക്കുമുന്‍പ് മുഴുവന്‍ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കില്‍ ഗാസ വെടിനിര്‍ത്തല്‍ റദ്ദാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഇക്കാര്യം ആവര്‍ത്തിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ മാനിച്ചാലേ ബന്ദികളുടെ മോചനം സാധ്യമാകൂയെന്നു ഹമാസ് പ്രതികരിച്ചു.

കിഴക്കന്‍ ജറുസലം തലസ്ഥാനമായി പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമെന്ന നയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സൈനികരുടെ അവധികള്‍ റദ്ദാക്കിയ ഇസ്രയേല്‍ സൈന്യം ഗാസ അതിര്‍ത്തിയില്‍ സൈനികനീക്കം ആരംഭിച്ചിട്ടുണ്ട്. ഗാസയില്‍ സമാധാനം നിലനിര്‍ത്താനായി നേരത്തേ നിശ്ചയിച്ചതുപോലെ ബന്ദികളുടെ മോചനം നടത്തണമെന്ന് ഐക്യരാഷ്ട്ര സംഘടന മേധാവി അന്റോണിയോ ഗുട്ടെറസ് ഹമാസിനോട് അഭ്യര്‍ഥിച്ചു.

ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തല്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ലംഘിക്കുന്നുവെന്നും സഹായങ്ങള്‍ തടയുന്നുവെന്നും ആരോപിച്ചാണു ശനിയാഴ്ചത്തെ അടുത്തഘട്ട ബന്ദിമോചനം അനിശ്ചിതമായി നീട്ടുമെന്ന് ഹമാസ് കഴിഞ്ഞദിവസം പ്രസ്താവിച്ചത്.

Tags:    

Similar News