യുക്രെയ്ന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഫലപ്രദം; സമാധാനകരാറിനായി യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ ചര്‍ച്ച വേണമെന്ന് മാര്‍ക്കോ റൂബിയോ; ഇനി ഒരിക്കലും മറ്റൊരു യുദ്ധം ഉണ്ടാകില്ല എന്ന് ഉറപ്പുനല്‍കുന്ന ഒരു കരാര്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

യുക്രെയ്ന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഫലപ്രദം

Update: 2025-12-01 06:00 GMT

വാഷിങ്ടണ്‍: റഷ്യ-യുക്രെയ്ന്‍ സമാധാന കരാര്‍ നടപ്പിലാക്കുന്നതിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചര്‍ച്ചകള്‍ നടത്തുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും മാര്‍ക്കോ റൂബിയോയും ഇന്നലെ ഫ്ലോറിഡയില്‍ യുക്രേനിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നോട്ട് വെച്ച 28 ഇന സമാധാന പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്.

തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച മാര്‍ക്കോ റൂബിയോ യുക്രൈന് ഇനി ഒരിക്കലും മറ്റൊരു യുദ്ധം ഉണ്ടാകില്ല എന്ന് ഉറപ്പുനല്‍കുന്ന ഒരു കരാര്‍ വികസിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ വെറുമൊരു യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചല്ല എന്നും സ്വതന്ത്രരും പരമാധികാരികളുമായിരിക്കാനും ഇനി ഒരിക്കലും മറ്റൊരു യുദ്ധം ഉണ്ടാകാതിരിക്കാനും അവരെ അനുവദിക്കുന്ന ഒരു സംവിധാനവും മുന്നോട്ടുള്ള വഴിയും സൃഷ്ടിക്കുന്ന വിധത്തില്‍ ഒരു യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് എന്നാണ് അദ്ദേഹം വിശദമാക്കിയത്.

ചര്‍ച്ചകള്‍ മികച്ച ഒരു തുടക്കമായിരുന്നു എന്നാണ് യുക്രൈനിന്റെ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി കിസ്ലിറ്റ്സ്യ എക്‌സില്‍ കുറിച്ചത്. ചര്‍ച്ചകള്‍ വളരെ ക്രിയാത്മകമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുവേ അനുകൂലമായ ഒരു ഊഷ്മളമായ അന്തരീക്ഷം' ഉണ്ടായിരുന്നുവെന്നും കിസ്ലിറ്റ്സ്യ വ്യക്തമാക്കി. ട്രംപ് ഭരണകൂടം അവതരിപ്പിച്ച 28-ഇന സമാധാന പദ്ധതി കഴിഞ്ഞാഴ്ച ആദ്യം റഷ്യയ്ക്ക് അനുകൂലമാണെന്നാണ് വിമര്‍ശിക്കപ്പെട്ടത്.

ട്രംപിന്റെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഈ വിമര്‍ശനം ആവര്‍ത്തിച്ചിരുന്നു. റഷ്യ അമേരിക്കയുടെ സ്വയം പ്രഖ്യാപിത എതിരാളിയാണ് എന്ന കാര്യം യാഥാര്‍ത്ഥ്യമായിരിക്കെ ട്രംപ് എന്ത് കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്നാണ് അവര്‍ ചോദിക്കുന്നത്. റഷ്യ അമേരിക്കയെ പ്രത്യേകമായി ലക്ഷ്യമിടുന്ന നൂതനവുമായ ആണവായുധങ്ങള്‍ വിന്യസിക്കുന്നുണ്ടെന്നും അമേരിക്കയില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

സെലെന്‍സ്‌കിയുമായുള്ള വൈറ്റ് ഹൗസിലെ നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് മുമ്പ് പുട്ടിനുമായി ട്രംപിന് അടുക്കാനുള്ള തന്ത്രങ്ങള്‍ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എങ്ങനെ മെനഞ്ഞുവെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. റഷ്യന്‍ പ്രതിനിധിയോട് പുടിന്‍ ട്രംപിനെ എങ്ങനെ സമീപിക്കണമെന്ന് വിറ്റ്കോഫ് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഗാസ സമാധാന കരാറിന് പുട്ടിന്‍ ട്രംപിനെ പ്രശംസിക്കണെന്നായിരുന്നു നിര്‍ദ്ദേശം. പിന്നീട് പുട്ടിന്‍ ട്രംപിനെ പ്രശംസിക്കുകയും ചെയ്തു.

സെലെന്‍സ്‌കിയെ കാണുന്നതിന് രണ്ട് ദിവസം മുമ്പ് ട്രംപ് പുട്ടിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്ക യുക്രൈന് ടോമോഹോക്ക് മിസൈലുകള്‍ അയയ്ക്കുന്നത് യുഎസ്-റഷ്യ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെലെന്‍സ്‌കിയുമായും പുടിനുമായും ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ അത് യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ അന്തിമമാകുമ്പോഴോ അവസാന ഘട്ടത്തിലായിരിക്കുമ്പോഴോ മാത്രം എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

Tags:    

Similar News