ആത്മവിശ്വാസം നഷ്ടപ്പെട്ട ബിസിനസ്സുകാര്‍ യുകെ വിടുന്നു; പ്രൈവറ്റ് സ്‌കൂളുകള്‍ അടക്കം സംരംഭങ്ങള്‍ പൂട്ടുന്നു; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറി കീര്‍ സ്റ്റര്‍മാര്‍; സാമ്പത്തിക മാന്ദ്യവും ഇങ്ങെത്തി: ബ്രിട്ടന്‍ വല്ലാത്ത അവസ്ഥയിലേക്ക്
ആത്മവിശ്വാസം നഷ്ടപ്പെട്ട ബിസിനസ്സുകാര്‍ യുകെ വിടുന്നു
ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റ് തന്നെ ബിസിനസ്സ് സമൂഹത്തിന്റെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞതായി സൂചന. ഇത് ബ്രിട്ടനെ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തമാവുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍, വ്യാപാര - വ്യവസായ രംഗത്തുള്ളവരുടെ ശുഭാപ്തി വിശ്വാസം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബി ഡി ഒ യുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അതിലും ഭയാനകമായ കാര്യം, ഈ വര്‍ഷം മൂന്നാം പാദം ജി ഡി പി വളര്‍ച്ച കഷ്ടിച്ച് പോസിറ്റീവ് ഭാഗത്തെത്തിയെങ്കിലും (0.1 ശതമാനം) സെപ്റ്റംബറില്‍ അത് വീണ്ടും 0.1 ശതമാനം താഴോട്ട് പോയി എന്നതാണ്. ഇത് പ്രാഥമിക വിവരം അനുസരിച്ചുള്ള കണക്കാണ്. കൂടുതല്‍ വിശദമായ പഠനത്തില്‍ ഇതില്‍ മാറ്റം വന്നേക്കാം. എന്നാലും, ഇത് നല്‍കുന്നത് അത്ര ശുഭകരമായ ഒരു സൂചനയല്ല എന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഒക്ടോബറില്‍, റേച്ചല്‍ റീവ്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സില്‍ തൊഴിലുടമകളുടെ വിഹിതം വര്‍ദ്ധിപ്പിച്ചതും, പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ മിനിമം വേതനം വര്‍ദ്ധിപ്പിച്ചതും ബിസിനസ്സ് രംഗത്തിന് മറ്റൊരു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
ഈ നീക്കം, നിരവധി പേരുടെ തൊഴില്‍ നഷ്ടത്തിനും അതുപോലെ നിരവധി ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ അടച്ചു പൂട്ടലിലേക്കും നയിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ബജറ്റിന് ശേഷം, ശുഭാപ്തി വിശ്വാസ സൂചിക താഴ്ന്ന് 93.49 ല്‍ എത്തിയതായി നവംബറില്‍ ബി ഡി ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണപ്പെരുപ്പവും, ലിസ് ട്രസ്സിന്റെ വിനാശകരമായ ബജറ്റിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയും നടമാടിയ 2023 ജനുവരിക്ക് ശേഷം ഇത് ഇത്രയും താഴുന്നത് ഇതാദ്യമായാണ്. ബജറ്റിന്റെ അനന്തരഫലങ്ങളുടെ പ്രതിഫലനമാണ് ശുഭാപ്തി വിശ്വാസ സൂചികയില്‍ വന്നിരിക്കുന്ന ഇടിവ് എന്നും ബി ഡി ഒ പറയുന്നു. ചില്ലറ വില്പന മേഖലയെയും സേവന മേഖലയെയും ആണ് ഇത് ഏറെയും ബാധിച്ചിരിക്കുന്നത്.
ഈ മേഖലകളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് പ്രധാനമന്ത്രിക്കും മന്ത്രി സഭയ്ക്കും എതിരെ ഉയരുന്നത്. എം ആന്‍ഡ് എസ്, സെയിന്‍സ്ബറി, ആമസോണ്‍ യു കെ, നെക്സ്റ്റ് തുടങ്ങിയ വന്‍ബകിട ചില്ലറ വില്പന കമ്പനികളുടെ മേധാവികളെല്ലാം തന്നെ, സര്‍ക്കാരിന്റെ ഈ നടപടി വിലക്കയറ്റത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യാപാര- വ്യവസായ മേഖലയില്‍ നിന്നും പുതിയ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍, ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത സാധാരണക്കാരും ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവര്‍ പറഞ്ഞത് മാര്‍ഗരറ്റ് താച്ചറേക്കാള്‍ മോശം പ്രധാനമന്ത്രിയാണ് സ്റ്റാര്‍മര്‍ എന്നാണ്.
മോര്‍ ഇന്‍ കോമണ്‍ നടത്തിയ പഠനം തെളിയിക്കുന്നത്, സര്‍ കീര്‍ സ്റ്റാര്‍മറുടെ ഭരണത്തിനോട് കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അതൃപ്തി പ്രകടിപ്പിക്കുന്നു എന്നാണ്. കഴിഞ്ഞ 40 വര്‍ഷക്കാലത്തെ ഏറ്റവും നല്ല പ്രധാനമന്ത്രിയാര് എന്ന ചോദ്യത്തിന് വെറും 4 ശതമാനം പേര്‍ മാത്രമാണ് ലേബര്‍ നേതാവിന്റെ പേര് പറയുന്നത്. മാര്‍ഗരറ്റ് താച്ചര്‍ക്ക് ഇതില്‍ 33 ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചപ്പോള്‍, ടോണി ബ്ലെയര്‍ ആണ് ഏറ്റവും നല്ല പ്രധാന മന്ത്രി എന്ന് പറഞ്ഞത് 20 ശതമാനം പേരാണ്. ബോറിസ് ജോണ്‍സനും, ഗോര്‍ഡോണ്‍ ബ്രൗണും 10 ശതമാനം വീതം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി.