ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്ന വിദേശ പൗരന്മാരെ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്താന്‍ നീക്കം തുടങ്ങി; 20 വര്‍ഷം കൊണ്ട് മുപ്പത് ശതമാനം കുടിയേറ്റക്കാരായ സ്വിന്‍ഡന്‍

ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്ന വിദേശ പൗരന്മാരെ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്താന്‍ നീക്കം തുടങ്ങി

Update: 2025-03-04 02:50 GMT

ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ബ്രിട്ടീഷ് ജയിലുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വിദേശ പൗരന്മാരെ അവരവരുടെ നാടുകളിലേക്ക് നാടുകടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജയിലുകളിലേക്ക് പ്രത്യേക സംഘങ്ങളെ അയയ്ക്കും. യു കെയി താമസിക്കാന്‍ അനുവാദമില്ലാത്തവരെ കണ്ടെത്തുക എന്നതായിരിക്കും അവരുടെ ഉദ്ദേശ്യം എന്ന് നീതിന്യായ മന്ത്രാലയം വിശദീകരിക്കുന്നു.

ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള 5 മില്യന്‍ പൗണ്ട് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ഈ പ്രത്യേക സംഘങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ നേരിടുന്ന ക്രിമനലുകളെ കണ്ടെത്താനും ഇവര്‍ ഹോം ഓഫീസിനെ സഹായിക്കും ശിക്ഷ അവസാനിക്കുവാന്‍ 18 മാസം വരെ ബാക്കിയുള്ളവരെയായിരിക്കും അവരുടെ സ്വദേശങ്ങളിലേക്ക് നാടുകടത്തുക. ബ്രിട്ടീഷ് ജയിലുകളില്‍ ഉള്ള തടവുകാരില്‍ ഏകദേശം 12 ശതമാനത്തോളം പേര്‍ വിദേശികളാണെന്നാണ് കണക്കാക്കപ്പെടുന്നത്.

നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടിയെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന് പഴികേട്ട, കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗം കൂടിയാണിത്. ബ്രിട്ടനില്‍ താമസിക്കുന്നതിന് നിയമപരമായി അനുവാദമില്ലാത്തവരെ നാടുകടത്തുന്നതിനായി, വിമാന ങ്ങള്‍ ബുക്ക് ചെയ്യുന്നതിനും മറ്റുമായി ഹോം ഓഫീസ് സ്വകാര്യ കമ്പനികളുടെ സഹായം തേടുന്നതായി കഴിഞ്ഞ മാസം ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ഏകദേശം 2,580 ഓളം അനധികൃത കുടിയേറ്റക്കാരെയാണ് നാടുകടത്തിയത്. അതിന് തൊട്ടു മുന്‍പുള്ള 12 മാസക്കാലത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 12 ശതമാനം കൂടുതലാണിത്. അതേസമയം, ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും ജയിലുകളില്‍ ഈ വര്‍ഷം ഫെബ്രുവരി 24 ലെ കണക്കുകള്‍ പ്രകാരം 87,199 തടവുകാരുണ്ടെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകളും വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷമുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്.

കുടിയേറ്റക്കാരെക്കൊണ്ട് നിറഞ്ഞ് സ്വിന്‍ഡന്‍

പുതിയ സെന്‍സസ് കണക്കുകള്‍ അനുസരിച്ച് സ്വിന്‍ഡന്റെ പല ഭാഗങ്ങളിലും ജനസംഖ്യ റെക്കോര്‍ഡ് തലത്തില്‍ എത്തിയിരിക്കുകയാണ്. കുടിയേറ്റം വര്‍ദ്ധിച്ചതാണ് ഇതിന് ഒരു കാരണം. പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍, സ്വിന്‍ഡനിലാണ് ഏറ്റവും വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷക്കാലത്തിനിടയില്‍ ഇവിടെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 30 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.

ആരോഗ്യ, സാമൂഹ്യ ക്ഷേമ മേഖലകളിലും ഐ ടി രംഗത്തും ജോലി ചെയ്യുന്നതിനാണ് കൂടുതലായി ആളുകള്‍ ഈ നഗരത്തിലെത്തുന്നത്. അതിനു പുറമെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും വിദേശ രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നുണ്ട്. പുതിയ ആളുകള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് സ്വിന്‍ഡന്‍ നല്‍കുന്നതെന്നാണ് ഐ ടി രംഗത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജയായ സുധ ശ്രീ നുഖാന പറയുന്നത്. നിലവില്‍ സ്വിന്‍ഡനിലെ ഏറ്റവും വലിയ വിഭാഗം ഇന്ത്യാക്കാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News