ലേബര്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുന്ന ജനപിന്തുണ ടോറികള്‍ക്ക് മുതല്‍ക്കൂട്ടാകില്ലെന്ന് മുന്നറിയിപ്പ്; വമ്പന്മാര്‍ തമ്മിലുള്ള മത്സരത്തില്‍ നേട്ടം കൊയ്യുന്നത് നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ എന്നും രാഷ്ട്രീയ നിരീക്ഷകര്‍; ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങിമറിയുന്നതിങ്ങനെ
ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങിമറിയുന്നതിങ്ങനെ
ലണ്ടന്‍: ഏറെ പ്രതീക്ഷകളുയര്‍ത്തി കഴിഞ്ഞ ജൂലായില്‍ അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടിക്ക് പക്ഷെ അതിവേഗം ജനപിന്തുണ നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്. ജൂലായ്ക്ക് ശേഷം നടന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം ലേബര്‍ പാര്‍ട്ടി ജനപിന്തുണയുടെ കാര്യത്തില്‍ തുടര്‍ച്ചയായി പിന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, ലേബര്‍ പാര്‍ട്ടിയുടെ ഈ അവസ്ഥ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ വരുന്നത്. വലതു ചായ്വുള്ളവര്‍ക്ക് വേണ്ടി ഒരു ബദല്‍ കക്ഷിയായി നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ ഉയര്‍ന്നു വരുന്നു എന്നാണ് സര്‍വേഷനിലെ തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും അവസാനം അവര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ ഫലം വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഈ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി ലഭിച്ചത് 30 ശതമാനം വോട്ടുകള്‍ ആയിരുന്നു. ജൂലായിലേതിനേക്കാള്‍ 4 പോയിന്റുകളുടെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ടോറികള്‍ ഒരു പോയിന്റ് വര്‍ദ്ധിച്ച് 25 ശതമാനത്തില്‍ എത്തിയപ്പോള്‍, റിഫോം യു കെ പാര്‍ട്ടിക്ക് ആറ് പോയിന്റുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. 20 ശതമാനമാണ് ഇപ്പോള്‍ അവരുടെ ജനപിന്തുണ.
നികുതി വര്‍ദ്ധനവുള്‍പ്പടെ ജനപ്രിയമല്ലാത്ത നടപടികളുമായി തുടക്കം കുറിച്ച ലേബറിന് നഷ്ടപ്പെട്ട ജനപിന്തുണ പ്രയോജനപ്പെടുത്തിയത് റിഫോം യു കെ ആണെന്ന് സര്‍വേഷന്‍ അവരുടെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിദയനീയമായിട്ടായിരുന്നു കഴിഞ്ഞ ഏതാനും ദശകങ്ങളായി ബ്രിട്ടന്‍ നയിക്കപ്പെട്ടു കൊണ്ടിരുന്നതെന്ന് തന്റെ പുതുവത്സര സന്ദേശത്തില്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയായിരുന്നു ഈ വിശകലന റിപ്പോര്‍ട്ട് പുറത്തു വന്നത്.
വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹീം പാലസില്‍ ചിത്രീകരിച്ച വീഡിയോയില്‍ ഫരാജ് പറയുന്നത് തന്റെ പാര്‍ട്ടിക്ക് ഒരു പുത്തനുണര്‍വ്വ് ഉണ്ടായി എന്നാന്. ക്രിസ്ത്മസ് കാലത്ത് പതിനായിരങ്ങളാണ് പാര്‍ട്ടിയില്‍ പുതുതായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 1997 ന് ശേഷം ലഭിച്ച വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന്, സര്‍വേഷനിലെ സ്ട്രാറ്റജി ആന്‍ഡ് റിസര്‍ച്ച് മാനേജര്‍ ജാക്ക് പീക്കോക്ക് തന്റെ ബ്ലോഗ് പോസ്റ്റില്‍ എഴുതുന്നു.,
അധികാരത്തിലെത്തി, കഴിഞ്ഞ ആറ് മാസക്കാലമായി സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്കാണ് ലേബര്‍ പാര്‍ട്ടി കൂപ്പുകുത്തുന്നതെന്നും അദ്ദേഹം എഴുതുന്നു. എന്നാല്‍, ഇത് കണ്‍സര്‍വേറ്റീവുകളുടെ രക്ഷക്കെത്തില്ല എന്നാണ് അദ്ദേഹം പറയുന്നത്. ലേബര്‍ പാര്‍ട്ടിയുടെ കുറയുന്ന ജനപിന്തുണ കൊണ്ടു മാത്രം വീണ്ടും അധികാരത്തിലേറാം എന്ന മോഹം നടക്കില്ല. വലതു ചിന്താഗതിക്കാര്‍ക്ക് ഇപ്പോള്‍ ഒരു ബദല്‍ കക്ഷി ലഭിച്ചിരിക്കുകയാണ്. അദ്ദേഹം എഴുതുന്നു. റിഫോം യു കെ വലതുപക്ഷ വോട്ടുകളില്‍ കനത്ത വിള്ളല്‍ വീഴ്ത്തിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അധികാരം എന്നത് കൈയ്യെത്താത്ത ദൂരത്തിലാകും എന്നതില്‍ സംശയമില്ല.
സാമൂഹികമായും സാമ്പത്തികമായും ബ്രിട്ടന്‍ താഴെക്കിടയിലേക്ക് പോവുകയാണെന്ന് ഓര്‍മ്മപ്പെടുത്തിയ ഫരാജ് ബ്രിട്ടീഷുകാര്‍ക്ക് ദേശീയബോധം നഷ്ടപ്പെടുകയാണെന്നും പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ നായകനായ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപോലുള്ളവര്‍ രാജ്യത്തിന്റെ ചരിത്രത്തിലെ മോശം ആളുകളാണെന്നാണ് ഇപ്പോള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അനന്തിരവന്‍ ഡ്യൂക്ക് ഓഫ് മള്‍ബറോ ആണ് ഇപ്പോള്‍ കൊട്ടാരത്തില്‍ താമസിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അദ്ദേഹം റിഫോം യു കെ ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.