ഗ്വണ്ടനാമോ തടവറയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തി; അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമെന്ന് സൂചന; ക്രുപ്രസിദ്ധ തടവറ ഒരുക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍പ്പിക്കാന്‍; ട്രംപിന്റെ നീക്കം രണ്ടും കല്‍പ്പിച്ചു തന്നെ!

ഗ്വണ്ടനാമോ തടവറയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തി

Update: 2025-02-03 06:30 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന നടപടികള്‍ പുരോഗമിക്കുമ്പോള്‍ ക്യൂബയിലുള്ള അമേരിക്കയുടെ തടവറയായ ഗ്വണ്ടനാമോ ബേയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തിത്തുടങ്ങി. പിടികൂടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ ഇവിടേക്ക് കൊണ്ടു വരുമെന്ന് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ് നേരത്തേ മുന്നറിയിപ്പ്് നല്‍കിയിരുന്നു. ഇന്നലെയാണ് യു.എസ് സൈനികര്‍ ഇവിടെ എത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സമൂഹ മാധ്യമങ്ങളില്‍ സൈനികര്‍ ഗ്വണ്ടനാമോ ബേയില്‍ എത്തുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്യോമസേനയുടെ കൂറ്റന്‍ വിമാനങ്ങളിലാണ് ഇവര്‍ എത്തുന്നതായി ചിത്രങ്ങളില്‍ കാണുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നതെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 2001 സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടത്തിയ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ ഇവിടെയാണ് താമസിപ്പിച്ചിരുന്നത്.

ഇവിടെ തടവുപുള്ളികളെ ക്രൂരമായും മനുഷ്യത്വരഹിതമായും ചോദ്യം ചെയ്യുന്നതായി പല വട്ടം ആരോപണം ഉയര്‍ന്നിരുന്നു. പല രാജ്യത്തും നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പിടികൂടി അവരവരുടെ രാജ്യത്തേക്ക് അയക്കുന്ന നടപടി തുടരുമ്പോഴും പിടികൂടുന്നവരെ നാട്ടിലേക്ക് അയക്കുന്നതിന് മുമ്പ് എവിടെയാണ് പാര്‍പ്പിക്കുക എന്ന പ്രശ്നം ഉയര്‍ന്നപ്പോഴാണ് ട്രംപ് അവരെ ഗ്വണ്ടനാമോ ബേയിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടടത്.

ഇവിടെ ആയിരക്കണക്കിന് ആളുകളെ താമസിപ്പിക്കാമെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ചില രാജ്യങ്ങള്‍ അവരുടെ നാട്ടില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിക്കുക കൂടി ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്താന്‍ ട്രംപ്

ഉത്തരവിട്ടത്. കഴിഞ്ഞയാഴ്ച കൊളംബിയ ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപും കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മില്‍ പരസ്യ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

കൊളംബിയയുടെ മേല്‍ സാമ്പത്തികവും നയതന്ത്രപരവുമായ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഈ അവസരത്തില്‍ ഭീഷണി മുഴക്കിയിരുന്നു. വേണ്ടി വന്നാല്‍ അനധികൃത കുടിയറ്റക്കാരുടെ പട്ടികയില്‍ പെട്ട കുട്ടികളേയും ഗ്വണ്ടനാമോ ബേയിലേക്ക് അയയ്ക്കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് യു.എസ് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചിരുന്നു. കുറ്റവാളികളെ പിടികൂടുന്നതിനും അതിലൂടെ അമേരിക്കന്‍ ജനതക്ക് സമാധാനം കൈവരുത്തുന്നതിനുമാണ് പ്രസിഡന്റ് മുന്‍ഗണന നല്‍കുന്നു എന്നാണ് അവര്‍ ഇതിന് നല്‍കുന്ന വിശദീകരണം.

നിലവില്‍ 2500 ഓളം സൈനികരാണ് അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി നിയോഗിച്ചിരിക്കുന്നത്. താമസിയാതെ ഇവരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനാണ് ട്രംപിന്റെ നീക്കമെന്നും സൂചനയുണ്ട്. ലോകത്തെ ഏറ്റവും ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ അമേരിക്ക ഉപയോഗിക്കുന്ന തടങ്കല്‍ പാളയമാണ് ഗ്വാണ്ടനാമോ ബേ. 1903ലെ ഒരു ഉടമ്പടി പ്രകാരം, ഹവാനയില്‍നിന്ന് പാട്ടത്തിനെടുത്ത തെക്കുകിഴക്കന്‍ ക്യൂബയിലെ തീര പ്രദേശത്തുള്ള യു എസ് നാവിക താവളത്തില്‍ 2002 ജനുവരിയിലാണ് ഗ്വാണ്ടനാമോ ബേ സൈനിക ജയില്‍ തുറക്കുന്നത്.

തീവ്രവാദികളും, കുപ്രസിദ്ധ കുറ്റവാളികളുമടക്കം 800ലേറെ തടവുകാരാണ് ഗ്വാണ്ടനാമോ ബേയിലുണ്ടായിരുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റുമാരായ ബരാക് ഒബാമയും ജോ ബൈഡനും ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, ഈ നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ ഗ്വാണ്ടനാമോ ഇന്നും തുറന്നിരിക്കുന്നു.

തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ഗ്വാണ്ടനാമോയില്‍ 2002 മുതല്‍ ഏകദേശം 800 പേരെയാണ് തടവിലാക്കിയിരുന്നത്. ഇതില്‍ നിരവധി തടവുകാരെ ജോ ബൈഡന്‍ ഭരണത്തിന്റെ അവസാനത്തില്‍ തന്നെ തടങ്കലില്‍ നിന്നും മോചിതരാക്കുകയും ചെയ്തിരുന്നു. നിലവില്‍ തടങ്കലില്‍ അവശേഷിക്കുന്നത് വെറും 15 പേര്‍ മാത്രമാണ്. ഇവരില്‍ മൂന്ന് പേരുടെ മോചനത്തിനുള്ള നടപടികള്‍ തുടരുകയാണ്. മറ്റ് 3 പേര്‍ മോചനത്തിന് സാധ്യതയുള്ളവരുമാണ്.

Tags:    

Similar News