ഇന്ത്യക്കുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ യുഎസ്; തീരുവ 50 ല്‍ നിന്ന് 15-16 ശതമാനം വരെയായി ട്രംപ് കുറയ്ക്കുമെന്ന് സൂചന; ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍; യുഎസ് പ്രസിഡന്റ് വാശി പിടിച്ചത് പോലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമോ? ഇന്ത്യന്‍ നീക്കത്തെ തുടര്‍ന്ന് എണ്ണവിലയില്‍ കയറ്റം

ഇന്ത്യക്കുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ യുഎസ്

Update: 2025-10-23 10:08 GMT

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഇന്ത്യക്ക് മേല്‍ ചുമത്തിയ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചേക്കുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാര വിഷയങ്ങള്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് നിര്‍ണായക ചുവട് വയ്പ്. .

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രധാനമന്ത്രിയുമായി വ്യാപാരത്തെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം അക്കാര്യത്തില്‍ അതീവ താല്പര്യമുള്ളയാളാണെന്നും ട്രംപ് പറഞ്ഞു. മോദിയെ തന്റെ നല്ല സുഹൃത്തായി വിശേഷിപ്പിച്ച ട്രംപ്, റഷ്യയില്‍ നിന്ന് ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയുമെന്നും അവകാശപ്പെട്ടു. ഇതിനോട് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്ലാത്തരം ഭീകരതയ്ക്കെതിരെയും ഐക്യത്തോടെ നില്‍ക്കാനുള്ള സന്ദേശം നല്‍കി.

ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും, ഈ മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ പ്രാബല്യത്തിലായാല്‍ അമേരിക്ക ഇന്ത്യക്ക് മേല്‍ ചുമത്തുന്ന ഉയര്‍ന്ന തീരുവ കുറയുന്നത് രാജ്യത്തെ വ്യാപാര, കാര്‍ഷിക മേഖലകള്‍ക്ക് ഗുണകരമാകും. ഇതിന് പകരമായി, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മോദിയെക്കാള്‍ മുന്‍പ് ട്രംപ് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

കരാറിലെ ഉള്‍ക്കള്ളികള്‍

റഷ്യയുടെ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഘട്ടംഘട്ടമായി കുറയ്ക്കുക, യുഎസില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങുക, ചോളവും സോയാബീനുമടക്കമുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുക, ആയുധങ്ങളടക്കം പ്രതിരോധ ഉപകരണങ്ങളും ആണവറിയാക്ടറുകളും വാങ്ങുക തുടങ്ങിയവ കരാറിലുണ്ടാകുമെന്നാണ് സൂചന. അതിനു പകരമായി ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 15-16 ശതമാനത്തിലേക്ക് ചുരുക്കാമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാഗ്ദാനം.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നു?

യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഗണ്യമായി കുറയ്ക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യയുടെ ഈ നീക്കം ആഗോള വിപണിയില്‍ എണ്ണ വില വര്‍ദ്ധനവിന് കാരണമായി.

റഷ്യന്‍ ഊര്‍ജ്ജ കമ്പനികളായ റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നിവക്ക് നേരെ യുഎസ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് ഇറക്കുമതിക്ക് നിരോധനമടക്കമുള്ള പുതിയ ഉപരോധങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള സ്വകാര്യ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഗണ്യമായി കുറയ്ക്കുകയോ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികളും ഇവരുടെ വാങ്ങല്‍ പദ്ധതികള്‍ പുനഃപരിശോധിക്കുകയാണ്.

റഷ്യന്‍ എണ്ണ ഇറക്കുമതി സംബന്ധിച്ച ഈ നീക്കം ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യാഴാഴ്ച എണ്ണവില ഏകദേശം മൂന്ന് ശതമാനം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 64.53 ഡോളറിലും, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 60.39 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യന്‍ കയറ്റുമതിയിലുണ്ടാകുന്ന കുറവ് ആഗോള വിതരണ ശൃംഖലയെ തകര്‍ച്ചയിലാക്കുമെന്ന ഭയമാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയുടെ നീക്കം യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ അതോ വിപണിയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിലയിരുത്തലാണോ എന്ന് വ്യക്തമല്ല. ലോകരാഷ്ട്രീയത്തിലെ പുതിയ സാഹചര്യങ്ങള്‍ ഊര്‍ജ്ജ വിതരണ ശൃംഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നതിന്റെ സൂചനയാണിത്.


Tags:    

Similar News