പരസ്പരം സംസാരിച്ച് ഉത്തരവാദിത്തത്തോടെ ഒരു തീരുമാനത്തിലെത്തണം; പാക്കിസ്ഥാനെ നേരിട്ടു വിമര്‍ശിക്കാതെ നിലപാട് മയപ്പെടുത്തി അമേരിക്കയും; പ്രസ്താവനയിലെ അമേരിക്കന്‍ ജാഗ്രത പാക്കിസ്ഥാനെ പിന്തുണച്ച് ചൈന എത്തിയതോടെ; യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങവേ കരുതലോടെ ട്രംപും കൂട്ടരും
പരസ്പരം സംസാരിച്ച് ഉത്തരവാദിത്തത്തോടെ ഒരു തീരുമാനത്തിലെത്തണം; പാക്കിസ്ഥാനെ നേരിട്ടു വിമര്‍ശിക്കാതെ നിലപാട് മയപ്പെടുത്തി അമേരിക്കയും
വാഷിങ്ടണ്‍: പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരവേ ഇന്ത്യയും പാകിസ്താനും ഉത്തരവാദിത്തത്തോടെ സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്തണമെന്ന് അഭിപ്രായപ്പെട്ട് യുഎസ്. സിന്ധൂ നദീജന കരാര്‍ മരവിപ്പിക്കലുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ തീരുമാനമെടുത്തതോടെ ഇരുരാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് യുഎസിന്റെ ഇടപെടല്‍. നേരത്തെ കൈക്കൊണ്ട നിലപാടില്‍ നിന്നും മയപ്പെടുത്തുന്ന സമീപനമാണ് അമേരിക്ക ഇക്കുറി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയോടും പാക്കിസ്ഥാനോടും ചര്‍ച്ച നടത്തുമെന്നും പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ഉത്തരവാദിത്തത്തോടെയുള്ള പരിഹാരമാണ് ഇരു രാജ്യങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ദേശീയ മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും നേരത്തെ പറഞ്ഞതുപോലെ യുഎസ് ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ആദ്യം മുതല്‍ യുഎസ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം നയതന്ത്രതലത്തിനുമപ്പുറത്തേക്ക് വളരുന്ന സാഹചര്യത്തിലാണ് യു.എസിന്റെ ഇടപെടല്‍. ഇരുരാജ്യങ്ങളും തമ്മില്‍ കാര്യങ്ങള്‍ സംസാരിച്ച് ചര്‍ച്ചചെയ്ത് ഉത്തരവാദിത്തത്തോടെ ഒരു തീരുമാനത്തിലെത്തണം എന്നാണ് യു.എസ് ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനെ പിന്തുണച്ച് ചൈന എത്തിയതോടെ, പാക്കിസ്ഥാനെ നേരിട്ട് വിമര്‍ശിക്കാതിരിക്കാനും യുഎസ് ജാഗ്രത പുലര്‍ത്തിയുണ്ട്ത്.
ഭീകരാക്രമണത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന പാക്കിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നുവെന്നും പാക്കിസ്ഥാന്റേത് ഭീകരവിരുദ്ധനടപടികളാണെന്നും ചൈന പ്രഖ്യാപിച്ചത്. 26 വിനോദസഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായ തീവ്രവാദികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ ആവര്‍ത്തിച്ചിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ തന്നെ പാകിസ്താനുമായുള്ള നയതന്ത്രബന്ധങ്ങളെല്ലാം ഇന്ത്യ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്താന്‍ കറാച്ചി തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിനുമറുപടിയായി അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന മിസൈല്‍ പരിശീലനം നടത്തുകയും, വ്യോമസേന യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള വ്യോമാഭ്യാസവും നടത്തിയിരുന്നു. പിന്നാലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതിനിടെ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു.