'യുഎസുമായുള്ള സഹകരണം വിനാശകരമായി, പാക്കിസ്ഥാനെ ടോയ്ലെറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു; അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ സ്വന്തം ആവശ്യത്തിനായി യുഎസ് പാക്കിസ്ഥാനെ ഉപയോഗിച്ചു; മുന്‍ ഭരണാധികാരികള്‍ നിരന്തരം തെറ്റുകള്‍ ആവര്‍ത്തി; വിമര്‍ശനവുമായി പാക് പ്രതിരോധ മന്ത്രി

'യുഎസുമായുള്ള സഹകരണം വിനാശകരമായി, പാക്കിസ്ഥാനെ ടോയ്ലെറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു

Update: 2026-02-11 09:17 GMT

ലാഹോര്‍: യുഎസിനെയും മുന്‍ പാക്കിസ്ഥാന്‍ ഭരണാധികാരികളെയും വിമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാനുമായുള്ള തുറന്ന സംഘര്‍ഷങ്ങളിലേക്ക് പാകിസ്ഥാനെ കൊണ്ടെത്തിച്ച യുഎസ് സര്‍ക്കാരിന്റെ ഇടപെടലുകളെ വിമര്‍ശിച്ചാണ് പാക് പ്രതിരോധ മന്ത്രി രംഗത്തുവന്നത്. യുഎസ്-അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഇടപെട്ട പാകിസ്ഥാന്റെ മുന്‍ ഭരണാധികാരികളുടെ നിലപാടുകളെയും അവര്‍ ഭീകരവാദ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടിനെയും ഖവാജ ആസിഫ് പാര്‍ലമെന്റില്‍ തുറന്നെതിര്‍ത്തു.

1999ന് ശേഷം യുഎസുമായി പാക് സര്‍ക്കാര്‍ നടത്തിയ സഹകരണം വിനാശകരമായിരുന്നു എന്നും, കാര്യം കഴിഞ്ഞപ്പോള്‍ യുഎസ് ഞങ്ങളെ ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞെന്നും ഖവാജ പാക്കിസ്ഥാന്‍ പാര്‍ലമെന്റ് യോഗത്തില്‍ തുറന്നടിച്ചു. '1999ന് ശേഷം, പ്രത്യേകിച്ച് 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് യുഎസുമായി വീണ്ടും സഖ്യം ചേര്‍ന്നത് പിന്നീട് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. പാകിസ്ഥാനോട് ഒരു ടോയ്ലറ്റ് പേപ്പറിനേക്കാള്‍ മോശമായാണ് യുഎസ് പെരുമാറിയത്. അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ സ്വന്തം ആവശ്യത്തിനായി യുഎസ് പാകിസ്ഥാനെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞപ്പോള്‍ നിഷ്‌ക്കരുണം വലിച്ചെറിയുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.

ഭീകരവാദവുമായി രാജ്യത്തിനുള്ള ബന്ധം മറച്ചുവച്ച് പാകിസ്ഥാന്റെ മുന്‍ ഭരണാധികാരികള്‍ നിരന്തരം തെറ്റുകള്‍ ആവര്‍ത്തിച്ചെന്നും പാക് പ്രതിരോധ മന്ത്രി തുറന്നടിച്ചു. അഫ്ഗാനിസ്ഥാനില്‍ നടന്ന രണ്ട് യുദ്ധങ്ങളിലും പാകിസ്ഥാന് പങ്കുണ്ടായിരുന്നത് രാഷ്ട്രീയപരമായി തെറ്റായിരുന്നു. പാകിസ്ഥാനില്‍ ഇന്ന് നിലനില്‍ക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മുന്‍ ഭരണാധികാരികള്‍ ചെയ്ത തെറ്റുകളുടെ തിരിച്ചടികളാണെന്നും അദ്ദേഹം സമ്മതിച്ചു.

താലിബാനെതിരെ പാക്കിസ്ഥാനെ തിരിച്ച ശേഷം യുഎസ് പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അടിക്കടി വര്‍ധിച്ചതായും ഖവാജ ആസിഫ് ചൂണ്ടിക്കാട്ടി. ഇതോടെ അതിര്‍ത്തിയിലെ ദീര്‍ഘകാല സംഘര്‍ഷം, ഭീകരവാദം, സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവയാല്‍ രാജ്യം വലഞ്ഞെന്നും അദ്ദേഹം പാര്‍ലമെന്റില്‍ വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നത് മതപരമായ ബാധ്യത മൂലമാണെന്ന സര്‍ക്കാര്‍ വിശദീകരങ്ങളെയും ആസിഫ് തള്ളിക്കളഞ്ഞു. ജിഹാദിനെന്ന പേരില്‍ പാകിസ്ഥാനികളെ അയച്ചത് പിന്നീട് ഭാവിയില്‍ തെറ്റായ പ്രതീതി സൃഷ്ടിച്ചെന്നും രാജ്യത്തിന് കനത്ത നഷ്ടം വരുത്തിയെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.

മുന്‍ സൈനിക മേധാവിമാരായിരുന്ന പര്‍വേസ് മുഷറഫും സിയാ ഉള്‍ ഹഖും അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ പങ്കുചേര്‍ന്നത് ഇസ്ലാമിനെ സംരക്ഷിക്കാനായിരുന്നില്ല, പകരം ആഗോള ശക്തിയെ പ്രീതിപ്പെടുത്താനായിരുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു.

'ഈ സര്‍ക്കാര്‍ പാകിസ്ഥാന്റെ മുന്‍കാല ചരിത്രത്തെ നിഷേധിക്കുന്നു. രാജ്യത്തിന് സംഭവിച്ച തെറ്റുകള്‍ അംഗീകരിക്കുന്നില്ല. ആ തെറ്റുകള്‍ തിരിച്ചറിയാനാകാത്ത തരത്തിലുള്ളതാണ്. മുന്‍കാല സ്വേച്ഛാധിപതികള്‍ ചെയ്ത തെറ്റുകളുടെ ഭാഗമായുള്ള തിരിച്ചടിയാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. പാകിസ്ഥാന് ഉണ്ടായ നഷ്ടങ്ങള്‍ ഒരിക്കലും നികത്താനാവില്ല. ഈ യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായം പോലും പുനര്‍നിര്‍മിക്കപ്പെട്ടു. രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രപരമായ മാറ്റങ്ങളില്‍ അവ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്,' പാക് പ്രതിരോധ മന്ത്രി വിമര്‍ശിച്ചു.

Tags:    

Similar News