യു.എസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വിവാഹം കഴിച്ചാല്‍ മാത്രം പോരാ; വിവാഹം യഥാര്‍ത്ഥമാണോ അതോ ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ക്കായുള്ള തട്ടിപ്പാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കും; അമേരിക്കയിലേക്കുള്ള 'കല്ല്യാണ വിസക്കാര്‍'ക്ക് കനത്ത തിരിച്ചടി; ട്രംപ് കടുപ്പിക്കുമ്പോള്‍

യു.എസ് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വിവാഹം കഴിച്ചാല്‍ മാത്രം പോരാ

Update: 2026-01-02 07:46 GMT

വാഷിങ്ടണ്‍: യു.എസില്‍ ഗ്രീന്‍ കാര്‍ഡിലും കടുപ്പിക്കാന്‍ പ്രസിഡന്റ് യുഎസ് ട്രംപ്. സ്ഥിര താമസ കാര്‍ഡ് ലഭിക്കാന്‍ വിവാഹം മാനദണ്ഡമായി കണക്കാക്കില്ലെന്ന് ഇമിഗ്രേഷന്‍ അറ്റോര്‍ണി ബ്രാഡ് ബേണ്‍സ്റ്റീന്‍. പുതിയ ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ വിവാഹാധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ കടുപ്പമേറിയ പരിശോധനകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് യു.എസ് ഇമിഗ്രേഷന്‍ വിഭാഗം. വിവാഹം യഥാര്‍ത്ഥമാണോ അതോ ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ക്കായുള്ള തട്ടിപ്പാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അത് മൗലികാവകാശമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വം ലഭിക്കുന്നതിന് വേണ്ടി അമേരിക്കന്‍ പൗരരെ വിവാഹം കഴിക്കുന്നത് സാധാരണയായിരുന്നു. നിലവിലെ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് പ്രകാരം അമേരിക്കന്‍ പൗരനായ വ്യക്തിയുടെ ജീവിതപങ്കാളികള്‍ പൗരന്റെ 'അടുത്ത ബന്ധുക്കളുടെ' വിഭാഗത്തില്‍ പെടുന്നവരാണ്. അതുകൊണ്ട് യു.എസ് പൗരന്മാരുടെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ രേഖപ്രകാരം വിവാഹം ചെയ്തത് കൊണ്ട് മാത്രം ഗ്രീന്‍ കാര്‍ഡ് വിസക്ക് അപേക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.

ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായി പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് കല്യാണം കഴിച്ച് വേറിട്ട് താമസിക്കുന്നവരുടെ വിസ നടപടികളെ ഇത് ബാധിക്കുമെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. ജോലി, താമസ സൗകര്യം, പണം എന്ത് കാരണമായാലും ശരി ഒരുമിച്ച് താമസിക്കുന്നവരല്ലെങ്കില്‍ വിസ അപേക്ഷ തള്ളുന്നതായിരിക്കും എന്ന് ബെണ്‍സ്റ്റെന്‍ തന്റെ ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ പറഞ്ഞു. ഗ്രീന്‍ കാര്‍ഡ് ആവശ്യമുള്ളവരാണെങ്കില്‍ ദമ്പതികളായി ഒരുമിച്ച് ജീവിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം താക്കീത് നല്‍കി. മാത്രവുമല്ല വിവാഹത്തിന്റെ ആധികാരികത തെളിയിക്കാന്‍ മതിയായ രേഖകളും സാഹചര്യങ്ങളും തെളിയിക്കേണ്ടത് നിര്‍ബന്ധമാണ്.

ഇവ ലംഘിച്ചാല്‍ അപേക്ഷകള്‍ നിരസിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നും കോടതിക്ക് ഇടപെടാന്‍ പരിമിതികളുണ്ടെന്നും അറ്റോണി ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള മാര്‍ഗമായ വിവാഹാധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് അപേക്ഷകളെ ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍. പരിശോധനയിലൂടെ തട്ടിപ്പുകള്‍ തടയാനും പൗരത്വത്തിലേക്കുള്ള എളുപ്പവഴികള്‍ അടക്കാനുമാണ് യു.എസ് ലക്ഷ്യമിടുന്നത്. അനധികൃത ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ കൂടുതല്‍ കടുപ്പമേറിയതാകുമെന്നാണ് സൂചന.

Tags:    

Similar News