കാര്യം ഇന്ത്യ ഞങ്ങളുടെ സുഹൃത്താണെങ്കിലും...! ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തിലെന്ന് സോഷ്യല്‍ ട്രൂത്തിലെ കുറിപ്പില്‍ യുഎസ് പ്രസിഡന്റ്; നികുതി വര്‍ധന റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി; വെടിനിര്‍ത്തലിലെ ട്രംപിന്റെ അവകാശവാദം മോദി തള്ളിപ്പറഞ്ഞത് പ്രകോപനമായോ?

കാര്യം ഇന്ത്യ ഞങ്ങളുടെ സുഹൃത്താണെങ്കിലും...!

Update: 2025-07-30 12:54 GMT

വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ പകരത്തിന് പകരം നികുതി ചുമത്തുമെന്ന പ്രഖ്യാപിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയാണ് ഈ തീരുമാനത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നടപടി. ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 25 ശതമാനം തീരുവ നല്‍കേണ്ടി വരും. ട്രംപിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് പ്രഖ്യാപനം.

ഇന്ത്യ അടുത്ത സുഹൃത്താണെങ്കിലും റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണയും യുദ്ധോപകരണങ്ങളും വാങ്ങുന്നതിലെ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് ട്രംപ് നികുതി പ്രഖ്യാപിച്ചിരുക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും മറ്റേത് രാജ്യത്തേക്കാളും വ്യാപാരത്തിന് കഠിനമായ തടസങ്ങളുള്ള രാജ്യമാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ അന്തിമരൂപമാകാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനം നികുതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ-യുഎസ് വ്യാപാരകരാറിന്മേല്‍ ചര്‍ച്ച ആരംഭിച്ച് മാസങ്ങളായിട്ടും ഇനിയും അന്തിമരൂപത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അവസരം ലഭ്യമാക്കാനുള്ള ശ്രമമാണ് ട്രംപിനുള്ളത്. മറ്റ് വ്യാപാര കരാറുകളുടെ സമയത്തും സമാനമായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. ആഗസറ്റ് ഒന്നിന് പകരത്തിനു പകരം താരിഫ് നടപ്പിലാക്കാനിരിക്കെയാണ് ഇത്തരത്തിലൊരു നടപടി ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.


 



അതേസമയം ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിലെ ട്രംപിന് പങ്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. ഇതാണോ പ്രകോപനത്തിന് കാരണമായത് എന്ന് വ്യക്തമായിടില്ല. നേരത്തെ 'എന്റെ അഭ്യര്‍ഥന പ്രകാരം അവര്‍ പാകിസ്താനുമായുള്ള യുദ്ധം അവസാനിപ്പിച്ച എന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നു. പുതിയ ഇളവുകള്‍ക്കായി തിരക്കു കൂട്ടുന്നതിനു പകരം ആഗസ്റ്റ് പകുതിയോടെ നടക്കുന്ന യു.എസ് സന്ദര്‍ശനത്തില്‍ വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. 25 ശതമാനം തീരുവ ഒരു താല്‍ക്കാലിക നടപടി മാത്രമായിരിക്കുമെന്നും സെപ്തംബര്‍-ഒക്ടോബര്‍ മാസേേത്താടെ ഉഭയ കക്ഷി കരാറിലെത്തിച്ചേരാന്‍ കഴിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യയുടെ നിലപാട്.

അതേസമയ യുക്രൈന്‍ യുദ്ധത്തില്‍ 10-12 സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യക്കുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടാണ് ട്രംപിന്റെ അന്ത്യശാസനം. 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസമാദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു.

'ഇന്ന് ഞാന്‍ പുതിയൊരു സമയപരിധി നിശ്ചയിക്കുകയാണ്. ഇന്നുമുതല്‍ 10-12 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം. ഒരുപാട് കാത്തിരിക്കുന്നതില്‍ കാര്യമില്ല. പ്രത്യേകിച്ച് ഒരു പുരോഗതിയും കാണുന്നില്ല' ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന്റെ പുതിയ നീക്കത്തെ പ്രശംസിച്ച യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി, അദ്ദേഹത്തിന്റേത് ശരിയായ നിലപാടാണെന്നും ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നതാണെന്നും പ്രതികരിച്ചു. ' ജീവന്‍ രക്ഷിക്കുന്നതിലും ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് പ്രസിഡന്റ് ട്രംപിന് ഞാന്‍ നന്ദി പറയുന്നു,' സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം റഷ്യ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അന്ത്യശാസനം നല്‍കുന്ന 'പതിവ് പരിപാടി'യുമായി ട്രംപ് വരേണ്ടെന്നും അമേരി ക്ക ഉള്‍പ്പെടുന്ന ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും പുടിന്റെ അടുത്ത സുഹൃത്തും മുന്‍ റഷ്യന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. 'റഷ്യന്‍ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് തീരുവ ചുമത്താന്‍ പോകുന്നു.ഈ മൂന്ന് രാജ്യങ്ങളും വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ 80 ശതമാനവും വാങ്ങുന്നു, അതാണ് പുടിന്റെ യുദ്ധ യന്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അതുകൊണ്ട് പുടിനെ സഹായിച്ചതിന് ശിക്ഷയായി ട്രംപ് ആ രാജ്യങ്ങള്‍ക്കെല്ലാം 100 ശതമാനം തീരുവ ചുമത്തും'' എന്നായിരുന്നു യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ മുന്നറിയിപ്പ്.

റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതില്‍ യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തുകയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നികുതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നീക്കം ഇന്ത്യക്ക് തിരിച്ചടിയാണ്.

Tags:    

Similar News