യുക്രൈനുമായി പുടിന്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നത് അടുത്ത രാജ്യത്തെ ഉന്നമിട്ടോ? ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ റഷ്യയുടെ സൈനിക വിന്യാസങ്ങള്‍; യുക്രൈന്‍ യുദ്ധത്തിന് മുന്നോടിയായി നടത്തിയതിന് സമാനമായ സൈനിക സജ്ജീകരണം; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാറ്റോ സംഖ്യത്തിലും ആശങ്ക

യുക്രൈനുമായി പുടിന്‍ ചര്‍ച്ചക്ക് ഒരുങ്ങുന്നത് അടുത്ത രാജ്യത്തെ ഉന്നമിട്ടോ?

Update: 2025-05-12 16:00 GMT

മോസ്‌കോ: യുക്രൈനില്‍ ആക്രമണം നടത്തി റഷ്യന്‍ സൈന്യം ക്രിമിയ പ്രവശ്യ ഏതാണ്ട് പിടിച്ചെടുത്ത അവസ്ഥയിലാണ്. യുക്രൈന് ഇനി ക്രിമിയ റഷ്യക്കു വിട്ടു കൊടുത്തു കൊണ്ടുള്ള ചര്‍ച്ചകളിലേക്ക് നീങ്ങാമെന്നത് മാത്രമാണ് മുന്നിലുള്ള വഴി. ട്രംപ് ഇടപെട്ട് വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. ഇതിനിടെ പുടിന്‍ യുക്രൈനുമായി നേരിട്ടു ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇങ്ങനെയൊരു ചര്‍ച്ചക്ക് റഷ്യന്‍ പ്രസിഡന്റ് തയ്യാറെടുത്തത് ലോകതലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു നീക്കം പുടിന്‍ നടത്തുന്നത് അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചിട്ടാണോ എന്നാണ് ഇപ്പോള്‍ ലോകത്തിന്റെ ആശങ്ക. അതിന് കാരണം റഷ്യന്‍ സൈന്യം ഫിന്‍ലാന്‍ഡ് അതിര്‍ത്തിയില്‍ നിലയുറപ്പിച്ചതു കൊണ്ടാണ്.

ഫിന്‍ലാന്‍ഡ് അതിര്‍ത്തില്‍ വന്‍ റഷ്യന്‍ സന്നാഹങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാറ്റോ സഖ്യത്തിലും അങ്കലാപ്പാണ്. മുന്‍പ് യുക്രൈനിലേക്ക് കടന്നുകയറാന്‍ വേണ്ടി റഷ്യ എങ്ങനെയാണോ സൈനികനീക്കം നടത്തിയത് അതിന് സമാനമയാണ് ഇപ്പോള്‍ ഫിന്‍ലന്‍ഡ് അതിര്‍ത്തിയിലെ സൈനിക വിന്യാസം എന്നാണ് ആകാശദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

സൈനികര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും വിമാനങ്ങള്‍ വിന്യസിക്കാന്‍ പോന്ന അടസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കുന്നുണ്ട്. പ്രധാന സൈനിക താവളങ്ങളില്‍ പഴയ സൗകര്യങ്ങള്‍ നവീകരിക്കല്‍ എന്നിവ നടത്തുന്നുണ്ടെന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വിലയിരുത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വീഡിഷ് ബ്രോഡ്കാസ്റ്റര്‍ എസ്വിടിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. നാലിടങ്ങളിലായാണ് സൈനിക സംവിധാനങ്ങള്‍ ഒരുക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.


 



കമെന്‍ക, പെട്രോസാവോഡ്സ്‌ക്, സെവെറോമോര്‍സ്‌ക്-2, ഒലെന്യ എന്നിവിടങ്ങളില്‍ എന്നവിടങ്ങളിലാണ് സൈനിക സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നത്. ഇതില്‍ കമെന്‍ക ഫിന്‍ലാന്‍ഡ് ബോര്‍ഡറില്‍ നിന്നും 35 മൈല്‍ മാത്രം അകലയാണ്. ഇവിടെ 130 പട്ടാള ടെന്റുകളും സ്ഥാപിച്ചിട്ടുണ്ട്. 2000 പട്ടാളക്കാര്‍ക്ക് താമസിക്കാവുന്ന സജ്ജീകരണങ്ങളാണ് ഇവിടെ ഉള്ളത്. ഫിന്‍ലാഡ് അതിര്‍ത്തിയില്‍ നിന്നും 100 മൈല്‍ അകലെയുള്ള പെട്രോസാവോഡ്‌സ്‌കില്‍ മൂന്ന് വലിയ വെയര്‍ഹൗസുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ കവചിത വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഹൗളുകള്‍ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഇതെല്ലാം ഭാവിയിലെ യുദ്ധനീക്കത്തിനുള്ള ഒരുക്കങ്ങളാണെന്ന ആശങ്ക ശക്തമാണ്.

സെവെറോമോര്‍സ്‌ക്-2വില്‍ ഹെലികോപടറുകള്‍ അടക്കം നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. യുക്രൈന്‍ അധിനിവേശത്തിന് മുന്‍പും അതിര്‍ത്തിയില്‍ സമാനമായ മുന്നൊരുക്കങ്ങള്‍ റഷ്യ നടത്തിയരുന്നു. ഇതാണ് ഇപ്പോള്‍ ഫിന്‍ലാന്‍ഡിനെയും ആശങ്കപ്പെടുത്തുന്നത്. അടുത്തകാലത്താ ഫിന്‍ലാന്‍ഡ് നാറ്റോ സഖ്യത്തിനൊപ്പം ചേര്‍ന്നത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. ഇത് മേഖലയില്‍ കാര്യങ്ങള്‍ സംഘര്‍ഷഭരിതമാക്കുമെന്ന് റഷ്യ മുന്നറിയിപ്പും നല്‍കിയതാണ്.


 



യക്രൈന്‍ യുദ്ധം ശക്തമായി നടക്കുന്നതിനിടെയാണ് റഷ്യയുടെ അയല്‍രാജ്യമായ ഫിന്‍ലാന്‍ഡ് നാറ്റോ സഖ്യത്തില്‍ അംഗത്വമെടുത്ത്. ഇതിന്റെ ഭാഗമായി നാറ്റോ ആസ്ഥാനത്ത് ഫിന്‍ലാന്‍ഡിന്റെ പതാക ഉയര്‍ത്തി. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ നാറ്റോയില്‍ ചേരാനായി ഫിന്‍ലാന്‍ഡ് നേരത്തെ അപേക്ഷിച്ചിരുന്നു. അന്ന് റഷ്യ എതിര്‍ത്തപ്പോള്‍, നാറ്റോ പ്രവേശനം ആരെയും ലക്ഷ്യംവെച്ചല്ലെന്നും ഇത് രാജ്യത്തെ സുസ്ഥിരമാക്കുമെന്നും ഫിന്‍ലാന്‍ഡ് അന്ന് പ്രതികരിച്ചിരുന്നു.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍ഡ്. അതുകൊണ്ട് തന്നെ ഫിന്‍ലന്‍ഡിന് നാറ്റോ അംഗത്വം ലഭിച്ചത് റഷ്യക്ക് തലവേദനയാണ്. അയല്‍രാജ്യങ്ങള്‍ ഏതെങ്കിലും നാറ്റോയില്‍ ചേര്‍ന്നാല്‍ നാറ്റോ രാജ്യങ്ങളിലെ സൈനികര്‍ അതിര്‍ത്തിക്കരികില്‍ വന്ന് നില്‍ക്കുമെന്നതാണ് റഷ്യയുടെ പ്രശ്‌നം. ഇത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയുമായി ഏറ്റുമുട്ടാന്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് റഷ്യ ഭയപ്പെട്ടിരുന്നു. ഫിന്‍ലാന്‍ഡ് നാറ്റോയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യ അതിര്‍ത്തിയില്‍ സൈനിക വിന്യാസങ്ങള്‍ നടത്തുന്നതും. റഷ്യയുടെ ഇപ്പോഴത്തെ നീക്കം നാറ്റോ സഖ്യത്തെയും ആശങ്കപ്പെടുത്തുന്നതാണ്.


 



1949 ലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സൈനിക സഖ്യം രൂപീകരിക്കുന്നത്. യു എസിനു പുറമെ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ഐസ്ലാന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ 12 അംഗരാജ്യങ്ങളാണ് തുടക്കത്തില്‍ നാറ്റോയില്‍ ഉണ്ടായിരുന്നത്. ഇന്ന് നാറ്റോ 30 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ഒരു പൊതു സുരക്ഷാ നയത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് നാറ്റോയുടെ ലക്ഷ്യം. ഏതെങ്കിലും നാറ്റോ രാജ്യത്തിന് നേരെ പുറം രാജ്യം ആക്രമണം നടത്തിയാല്‍, അത് മറ്റ് അംഗരാജ്യങ്ങളുടെ നേരെയുള്ള ആക്രമണമായി കണക്കാക്കുകയും എല്ലാ രാജ്യങ്ങളും അതിനെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, തുര്‍ക്കി എന്നിവ നാറ്റോയില്‍ അംഗങ്ങളാണ്.

യുക്രെയ്‌നും നാറ്റോയില്‍ ചേരുകയാണെങ്കില്‍, റഷ്യ പൂര്‍ണ്ണമായും വളയപ്പെടും. യുക്രെയ്ന്‍ നാറ്റോയിലേക്ക് പോയാല്‍, ഭാവിയില്‍ നാറ്റോ മിസൈലുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ യുക്രെയ്ന്‍ മണ്ണില്‍ വരുമെന്ന് പുടിന്‍ കരുതുന്നു. ഇത് റഷ്യയ്ക്ക് വലിയ വെല്ലുവിളിയാണ്. ഫിന്‍ലന്‍ഡ് റഷ്യയുമായി 1300 കിലോമീറ്റര്‍ അതിര്‍ത്ത പങ്കിടുന്ന രാജ്യാണ്.


 



മൂന്നുവര്‍ഷത്തിലേറെയായി നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികളില്ലാതെ യുക്രൈനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തുവന്ത്. റഷ്യയുടെ നിലപാടിനെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി സ്വാഗതം ചെയ്തു. യുക്രൈന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷേ, അതിനുമുന്‍പ് റഷ്യ 30 ദിന വെടിനിര്‍ത്തലിനു സമ്മതിക്കണമെന്നും പറഞ്ഞു.

വ്യാഴാഴ്ച തുര്‍ക്കിയിലെ ഈസ്താംബൂളില്‍വെച്ച് സമാധാനചര്‍ച്ചയാകാമെന്നാണ് പുടിന്റെ നിര്‍ദേശം. ചര്‍ച്ചയ്ക്ക് ആതിഥ്യംവഹിക്കാന്‍ തുര്‍ക്കി തയ്യാറാണെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ അറിയിച്ചു. എന്നാല്‍, യുഎസിന്റെ പിന്തുണയോടെ യൂറോപ്യന്‍രാജ്യങ്ങള്‍ നിര്‍ദേശിച്ച 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ തിങ്കഴാഴ്ചമുതല്‍ പ്രാബല്യത്തില്‍വരുത്തിയാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നാണ് സെലെന്‍സ്‌കിയുടെ നിലപാട്. റഷ്യയുടെ നിര്‍ദേശം യുദ്ധമവസാനിപ്പിക്കുന്നതിനുള്ള ശൂഭസൂചനയാണെങ്കിലും അതിനുള്ള ആദ്യപടി വെടിനിര്‍ത്തലാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. യുദ്ധത്തിലേക്ക് നയിച്ച അടിസ്ഥാനകാരണങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു.


 



30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ തിങ്കളാഴ്ച പ്രാബല്യത്തിലാക്കണമെന്ന് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ശനിയാഴ്ചനടന്ന സമാധാനചര്‍ച്ചയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിനോട് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം റഷ്യക്കുമേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

Tags:    

Similar News