ഗാസയില്‍ നിന്നും പലസ്തീനികളെ മറ്റെവിടെങ്കിലും മാറ്റി താമസിപ്പിക്കും; ഹമാസിനെ ഉന്മൂലനം ചെയ്യും; ഗാസയെ വികസിപ്പിച്ച് അമേരിക്ക സ്വന്തമാക്കും; ട്രംപിന്റെ പ്രഖ്യപനത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍; ചരിത്രത്തെ മാറ്റിമറിക്കുമെന്ന് നെതന്യാഹു; പശ്ചിമേഷ്യയിലേക്ക് 'ട്രംപിസം'!

Update: 2025-02-05 04:09 GMT

വാഷിങ്ടണ്‍: യുദ്ധത്താല്‍ തകര്‍ന്ന പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം ഗാസയെ തന്റെ രാജ്യം ഏറ്റെടുക്കുമെന്നും അത് വികസിപ്പിച്ച് സ്വന്തമാക്കുകയും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഗാസയുടെ ദീര്‍ഘകാല ഉടമസ്ഥാവകാശം യുഎസിന് താന്‍ കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വൈറ്റ് ഹൗസിലേക്കുള്ള രണ്ടാം വരവില്‍ ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്ന ആദ്യത്തെ വിദേശ നേതാവാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ട്രംപിന്റെ പ്രഖ്യാപനം ചരിത്രത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഒന്നാണെന്ന് ട്രംപിനൊപ്പം സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ട്രംപ് ഗാസയ്ക്ക് വ്യത്യസ്തമായ ഒരു ഭാവി വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്ന് കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബന്ദികളുടെ മോചനത്തില്‍ ഇടപെട്ടതില്‍ ട്രംപിന് നന്ദിയെന്ന് നെതന്യാഹുവും അറിയിച്ചു.

നിര്‍ണായക കൂടിക്കാഴ്ചയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഗാസയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി. ഗാസക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗാസയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ഡന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോര്‍ദാന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം.

അതേസമയം പലസ്തീനികളെ കുടിയൊഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ പലസ്തീന്‍ അനുകൂലികള്‍ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പലസ്തീന്‍ വില്‍പ്പനയ്ക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ഗാസയില്‍ തുടരാനുളള പലസ്തീനികളുടെ ആഗ്രഹം ലോക നേതാക്കള്‍ മാനിക്കണമെന്ന് പലസ്തീന്‍ യുഎന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ പറഞ്ഞു. തകര്‍ക്കപ്പെട്ടെങ്കിലും ഗാസ തങ്ങളുടെ മാതൃരാജ്യമാണെന്നും റിയാദ് മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന നിര്‍ദേശം നിരസിക്കുന്നതയായി സൗദി അറേബ്യയും അറിയിച്ചു.

Tags:    

Similar News