'സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല'; പുകഴ്ത്തലുമായി ഇറാന്‍ പരമോന്നത നേതാവ്; സ്ത്രീകളെ പുകഴ്ത്തിയത് ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ സംഗീതകച്ചേരി പോസ്റ്റ് ചെയ്തതിന് 27 കാരിയെ അറസ്റ്റു ചെയ്തതിന് പിന്നാലെ എന്നത് ശ്രദ്ദേയം

സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല

Update: 2024-12-19 11:09 GMT

ടെഹ്‌റാന്‍: രാജ്യത്തെ സ്ത്രീകളെ വാനോളം പുകഴ്ത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. 'സ്ത്രീ ഒരു അതിലോലമായ പുഷ്പമാണ്, വീട്ടുവേലക്കാരിയല്ല' എന്ന് ബുധനാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തു. സ്ത്രീയെ വീട്ടില്‍ ഒരു പുഷ്പം പോലെയാണ് പരിഗണിക്കേണ്ടത്. പുഷ്പത്തെ പരിപാലിക്കേണ്ടതുണ്ട്.

അതിന്റെ പുതുമയും സുഗന്ധവും പ്രയോജനപ്പെടുത്തുകയും വായുവിനെ സുഗന്ധമാക്കാന്‍ ഉപയോഗിക്കുകയും വേണം, ഖാംനഈ പറഞ്ഞു. 'കുടുംബത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത റോളുകള്‍ ഉണ്ട്. കുടുംബത്തിന്റെ ചിലവുകള്‍ക്ക് പുരുഷനാണ് ഉത്തരവാദി.

രാജ്യത്ത് ശിരേവാസ്ത്ര നിയമം ലംഘിച്ചതിന് നിരവധി പേര്‍ തടവിലായതിനു പിറകേയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് എന്നതു ശ്രദ്ധേയമാണ്. ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ വെര്‍ച്വല്‍ കച്ചേരി പോസ്റ്റ് ചെയ്തതിന് 27 കാരിയായ ഗായിക പരസ്തൂ അഹമ്മദിയെ അടുത്തിടെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മസന്ദരന്‍ പ്രവിശ്യയിലെ സാരി നഗരത്തിലാണ് സംഭവം നടന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് യുവതിക്കെതിരെ കഴിഞ്ഞ വ്യാഴാഴ്ച തന്നെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഈ നടപടി ഏറെ വിവാദമായിരുന്നു.

വീഡിയോയില്‍ സ്ലീവ്ലെസായ കറുത്ത ഗൗണ്‍ ധരിച്ച്, മുടി അഴിച്ചിട്ടാണ് യുവതി ഗാനം ആലപിക്കുന്നത്. പരസ്തുവിനൊപ്പം നാല് യുവാക്കളെയും വീഡിയോയില്‍ കാണാന്‍ കഴിയും. പോസ്റ്റിനോടൊപ്പം യുവതി ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ഞാന്‍ പരസ്തു. എന്നെ സ്നേഹിക്കുന്ന ആളുകള്‍ക്കുവേണ്ടി ഗാനങ്ങള്‍ ആലപിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് എന്റെ അവകാശമാണ്. അവഗണിക്കാന്‍ കഴിയില്ല. ഞാന്‍ സ്നേഹിക്കുന്ന ഈ ഭൂമിക്കുവേണ്ടിയാണ് പാടുന്നത്. ഇറാനില്‍ ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞ് കിടക്കുകയാണ്. എന്റെ ശബ്ദത്തിലൂടെ മാതൃരാജ്യത്തെ സങ്കല്‍പിക്കൂ' എന്നാണ് യുവതിയുടെ വാക്കുകള്‍.

പരസ്തുവിന്റെ വീഡിയോ ഒന്നര മില്യണ്‍ ആളുകളാണ് ഇതുവരെ കണ്ടത്. പരസ്തുവിന്റെ അഭിഭാഷകന്‍ മിലാദ് പലാഹിപൂര്‍ പറയുന്നതനുസരിച്ച് യുവതിയോടൊപ്പം വീഡിയോയിലുണ്ടായിരുന്ന രണ്ട് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. സൊഹൈല്‍ ഫഗിഹ് നസിരി, എഹ്‌സാന്‍ ബെയ്റാഗ്ദാര്‍ എന്നിവരാണ് അറസ്റ്റിലായത്.

1979ലെ ഇറാനിയന്‍ വിപ്ലവത്തെ തുടര്‍ന്ന് ഇറാനില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു. പല സ്ത്രീകളും മതവിശ്വാസത്തിന്റെ പ്രതീകമായാണ് ഹിജാബ് ധരിക്കുന്നത്. എന്നാല്‍ ചിലര്‍ ഇതിനെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണമായിട്ടാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇറാനില്‍ അടുത്തിടെ വിവിധ തരത്തിലുളള പ്രതിഷേധങ്ങള്‍ ഉണ്ടായി. 2022ല്‍ ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ 22കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് ഇറാനില്‍ വലിയ തരത്തിലുളള പ്രതിഷേധമാണ് ഉണ്ടാക്കിയത്.

ഈയിടെ ഇറാനിലെ ഒരു സര്‍വ്വകലാശാലാ കാമ്പസില്‍ മതഭരണകൂടത്തിന്റെ അനീതികള്‍ക്ക് എതിരെ അര്‍ദ്ധനഗ്നയായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അവരെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് മാനസിക രോഗ ചിക്തിസാ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തത് ആഗോളതലത്തില്‍ തന്നെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിരുന്നു. അവരുടെ പേരില്‍ കേസെടുത്തിട്ടില്ല എന്നാണ് പിന്നീട് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

Tags:    

Similar News