ട്രംപിന്റെ വാക്കില്‍ വിശ്വാസം പോരാ..! അമേരിക്കയുമായി ധാതുവിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു സെലന്‍സ്‌കി; നിരവധി പ്രശ്‌നങ്ങളില്‍ ഇനിയും ധാരണയില്‍ എത്താനുണ്ടെന്ന് വിശദീകരണം; യു.എസുമായുള്ള റഷ്യയുടെ അടുത്ത ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കാനിരിക്കെ വീണ്ടും പ്രതിസന്ധി

Update: 2025-02-22 17:44 GMT

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ വെല്ലുവിളിച്ചു കൊണ്ടു തന്നെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ നീക്കങ്ങള്‍. സെലന്‍സ്‌കി രാജിവെച്ച് മറ്റൊരാള്‍ക്ക് വഴിയൊരുക്കണമെന്ന് ട്രംപ് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായത്. ഇതോടെ ട്രംപിന്റെ വാക്കുകളില്‍ വിശ്വാസം പോരെന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡിന്റ്. ഇതോടെ യുക്രൈന്റെ ധാതുവിഭവങ്ങള്‍ അമേരിക്കയ്ക്ക് കൈമാറണമെന്ന ട്രംപിന്റെ ആവശ്യം സെലന്‍സ്‌കി നിരാകരിച്ചു. അമേരിക്കയുമായി ധാതുവിഭവങ്ങള്‍ കൈമാറുന്ന കരാറില്‍ ഒപ്പുവെക്കാന്‍ സെലന്‍സ്‌കി വിസമ്മതിച്ചെന്നാണ് പുറുത്തവരുന്ന റിപ്പോര്‍ട്ടുകള്‍.

'കരാര്‍ ഒപ്പിടാന്‍ ഇതുവരെ തയ്യാറായിട്ടില്ല, പ്രശ്നകരമായ നിരവധി പ്രശ്നങ്ങളുണ്ട്, നിലവിലെ രൂപരേഖയില്‍ ഇത് അംഗീകരിക്കാന്‍ പ്രസിഡന്റ് തയ്യാറല്ല', എന്നാണ് യുക്രൈന്‍ വൃത്തങ്ങല്‍ വ്യക്തമാക്കിയത്. ധാതുക്കള്‍ കൈമാറുന്നത് സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട കരടു രേഖകളില്‍ അടക്കം ഇനിയും വ്യക്തത വേണമെന്ന നിലപാടിലാണ് സെലന്‍സ്‌കി. ഇപ്പോഴത്തെ കരാറിലെ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നില്ല, ഏകപക്ഷീയമായ കരാര്‍ അനുവദിക്കല്ലെന്നുമാണ് സെലന്‍സികിയുടെ നിലപട്.

കഴിഞ്ഞ ദിവസം, അമേരിക്കന്‍, ഉക്രേനിയന്‍ ചര്‍ച്ചയുടെ ഫലമായി ഒരു കരട് കരാര്‍ തയ്യാറായെന്നും അതില്‍ ഒപ്പുവെക്കാന്‍ സെലന്‍സ്‌കി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ഇത് ഞങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒരു കരാറാണ്, അതിന്റെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ വിശദാംശങ്ങള്‍ തയ്യാറാക്കുക എന്നതാണ് പ്രധാനം,' അദ്ദേഹം പറഞ്ഞു. 'ഫലത്തിനായി ഞാന്‍ കാത്തിരിക്കുന്നു എന്നാണ് സെലന്‍സികി വ്യക്തമാക്കിയത്. ഇതോടെ കരാറില്‍ ഒപ്പ് വെയ്ക്കാന്‍ ഒരുങ്ങുകയാണ് യുക്രൈന്‍ പ്രസിഡന്റ് എന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇതിനിടെയാണ് അദ്ദേഹം വൈമനസ്യമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നത്.

സെലന്‍സ്‌കി ഇതിലൂടെ തന്റെ നിലപാടുകളില്‍ വലിയൊരു യൂടേണ്‍ എടുക്കുകയാണെന്ന സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ധാതുവിഭവങ്ങള്‍ കൈമാറണെമന്ന അമേരിക്കയുടെ ആവശ്യത്തെ തള്ളിക്കളഞ്ഞ സെലന്‍സ്‌കി തന്റെ രാജ്യത്തെ വില്‍ക്കാന്‍ കഴിയില്ലെന്നും അതിനെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഇന്നലെ സെലന്‍സ്‌കി പറഞ്ഞത് യുക്രൈനും അമേരിക്കയും തമ്മില്‍ സാമ്പത്തിക കരാറില്‍ ഒപ്പ് വെയ്ക്കുകയാണെന്നും ഇക്കാര്യം യുക്രൈന് ഏറെ ഗുണകരമാകും എന്നുമാണ്. യുക്രൈനുമായുള്ള കരാറില്‍ ഉടന്‍ തന്നെ ഒപ്പ് വെയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കരാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായി എന്നും മണിക്കൂറുകള്‍ക്കകം ഒപ്പ് വെയ്ക്കപ്പെടും എന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുക്രൈന് അമേരിക്ക നല്‍കുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കുമെന്ന ട്രംപിന്റെ വിരട്ടലാണ് സെലന്‍സ്‌കിയുടെ ഈ പെട്ടെന്നുള്ള മനസ്മാറ്റത്തിന് കാരണമെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ്, ജെ ഡി വാന്‍സ്, മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സ് എന്നിവരുള്‍പ്പെടെ മുഴുവന്‍ അമേരിക്കന്‍ ചര്‍ച്ചാ സംഘവുമായും സെലന്‍സ്‌കി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

സ്‌ക്കോട്ട് ബെസന്റുമായുള്ള ചര്‍ച്ച സെലന്‍സ്‌കി വൈകിപ്പിച്ചത് ട്രംപിന് ഇഷ്ടപ്പെട്ടിരുന്നില്ല. കൂടാതെ മ്യൂണിക്കില്‍ ജെ.ഡി വാന്‍സുമായും മാര്‍ക്കോ റുബിയോയുമായും നടത്തിയ കൂടിക്കാഴ്ചയിലും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നത് തനിക്ക് തനിയെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ല എന്നായിരുന്നു. കൂടാതെ ഈ മാസം 15 ന് സെലന്‍സ്‌കി അമേരിക്കയുടെ നിര്‍്‌ദ്ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ട്രംപ് സെലന്‍സ്‌കിയെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതി എന്ന് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം യുക്രെയ്ന്‍ യുദ്ധം തീര്‍ക്കാനുള്ള യു.എസുമായുള്ള അടുത്ത ചര്‍ച്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കുമെന്ന് റഷ്യ വ്യക്തമക്കി. ആര്‍.ഐ.എ വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ വൈകാതെ നടക്കുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റയബക്കോവ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് യുദ്ധം തീര്‍ക്കാനായി റഷ്യയും യു.എസും തമ്മില്‍ ആദ്യഘട്ട ചര്‍ച്ച നടന്നത്. സൗദി അറേബ്യയില്‍ വെച്ചായിരുന്നു ചര്‍ച്ച. രണ്ടാംഘട്ട ചര്‍ച്ചയും മൂന്നാമതൊരു രാജ്യത്ത് വെച്ചാവും നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചര്‍ച്ചകളില്‍ ഇരുഭാഗത്ത് നിന്നും ആര് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ വൈകാതെ കരാറിലെത്തുമെന്നും റഷ്യ വ്യക്തമാക്കി. അതേസമയം, യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചകളില്‍ നിന്നും യുക്രെയ്‌നെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇത് സെലന്‍സ്‌കിയും ട്രംപും തമ്മിലുള്ള ഭിന്നതക്കും കാരണമായിരുന്നു.

Tags:    

Similar News