ആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ആരോഗ്യരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ലോക്‌സഭയില്‍ കെ സി; പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍; രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച് രേഖ ശര്‍മ്മ; പ്രതികരിക്കാതെ കേന്ദ്രമന്ത്രിമാര്‍

ആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍

Update: 2025-03-10 08:45 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ സമരം പാര്‍ലമെന്റിലും. ലോക്‌സഭയില്‍, കോണ്‍ഗ്രസ് എം.പിമാരായ.കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.


നിലവിലുള്ള 7000 രൂപയ്ക്ക് പകരം ആശാ വര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ആശമാരെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അപമാനിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പറഞ്ഞു.ആശ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണം.

കെ സിയുടെ വാക്കുകള്‍

രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ മുന്‍നിര പോരാളികളാണ് ആശാവര്‍ക്കര്‍മാര്‍. സമാനതകളില്ലാത്ത സേവനമാണ് അവര്‍ സമൂഹത്തിനായി ചെയ്യുന്നത്. 2005-ല്‍ യുപിഎ അവതരിപ്പിച്ച ഈ പദ്ധതി ഇപ്പോള്‍ രണ്ട് പതിറ്റാണ്ട് തികയുകയാണ്. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ കേരള സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധത്തിലാണ്. അവര്‍ അര്‍ഹിക്കുന്ന സേവന വേതന വ്യവസ്ഥകള്‍ക്ക് വേണ്ടിയാണ് തെരുവിലെ ഈ സമരം. അതേസമയം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു. ആരാണ് അവരെ സഹായിക്കേണ്ടത്? തെലങ്കാന, കര്‍ണാടക പോലുള്ള ചില സംസ്ഥാനങ്ങള്‍ പരമാവധി വേതനം അവര്‍ക്ക് നല്‍കുന്നത് നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്.

ശമ്പളമില്ലാതെ ആരാണ് ജോലി ചെയ്യുക?പ്രതിമാസം 21000 രൂപ എന്ന ഏകീകൃത വേതനം നിശ്ചയിക്കണം. കേന്ദ്രം ഇടപെട്ട് ചര്‍ച്ച ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കണം. അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണം.

ഇന്ത്യയുടെ ആരോഗ്യസംവിധാനത്തിലെ പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍ പറഞ്ഞു. കോവിഡ് കാലത്തും നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ആശ വര്‍ക്കമാര്‍ നടത്തി. അമിതമായ ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലിലുണ്ട്. ദിവസം 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ടതായും വരുന്നു. എന്നിട്ടും അവരെ വളന്റിയര്‍മാര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറച്ച് ഓണറേറിയവും ഇന്‍സെന്റീവുകളുമാണ് അവര്‍ക്ക് ലഭിക്കുന്നത്. അത് പലപ്പോഴും വൈകാറുമുണ്ടെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു. മലയാളത്തില്‍ വിഷയമുന്നയിച്ച വി കെ ശ്രീകണ്ഠന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച മുന്‍ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നല്‍കാനുള്ള കുടിശ്ശിക ആശമാര്‍ക്ക് നല്‍കണമെന്നും, പ്രതിമാസ വേതനവും, പെന്‍ഷനും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സഭയിലുണ്ടായിരുന്ന കേന്ദ്ര മന്ത്രിമാരാരും വിഷയത്തോട് പ്രതികരിച്ചില്ല. ആശ വര്‍ക്കര്‍മാരുടെ സമരം ഒരു മാസം പിന്നിടുമ്പോള്‍ സമരം ദേശീയതലത്തില്‍ എത്തിച്ചിരിക്കുകയാണ്

Tags:    

Similar News