മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ല; നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല; തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബിജെപി-ആര്‍ എസ് എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു; ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കു പോകും: സിപിഎം 'ഫാസിസം' നയത്തില്‍ മാറ്റം വരുത്തുന്നുവോ? രഹസ്യ രേഖ വാര്‍ത്തയാകുമ്പോള്‍

Update: 2025-02-23 00:52 GMT

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന വാര്‍ത്തയുമായി മാതൃഭൂമി. സിപിഎമ്മിന്റെ നയം മാറ്റമാണ് ഈ വാര്‍ത്തയിലുള്ളത്. സി.പി.ഐ. പറയുമ്പോലെ മോദിസര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്നു വിശേഷിപ്പിക്കാനാവില്ലെന്ന നിലപാടുമായി സി.പി.എം എത്തുകയാണ്. കരടു രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തതവരുത്തി സി.പി.എം. കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റികള്‍ക്ക് അയച്ച രഹസ്യരേഖയിലാണ് ഈ വിലയിരുത്തല്‍ ഉള്ളതെന്നാണ് മാതൃഭൂമി വാര്‍ത്ത.

സി.പി.ഐ. മോദിസര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്നു വിശേഷിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ഫാസിസം വന്നുകഴിഞ്ഞെന്ന് സി.പി.ഐ. (എം.എല്‍.) നിലപാടെടുത്തു. ഇതു രണ്ടിനെയും തള്ളി, അവയില്‍നിന്ന് വ്യത്യസ്തമാണ് സി.പി.എം. നിലപാടെന്ന് രേഖ വ്യക്തമാക്കുന്നുവെന്നാണ് മാതൃഭൂമിയിലെ വാര്‍ത്ത വിശദീകരിക്കുന്നത്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തേത് 'ക്ലാസിക്കല്‍ ഫാസിസ'മെന്നും പിന്നീടുള്ള രൂപങ്ങളെ 'നവഫാസിസ'മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനം. അന്തഃസാമ്രാജ്യത്വവൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കല്‍ ഫാസിസമെന്നും നവ ഉദാരീകരണപ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് വിശേഷണം.

ഏപ്രിലില്‍ മധുരയില്‍നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയം പരസ്യമാക്കിക്കഴിഞ്ഞു. പാര്‍ട്ടി ഘടകങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെ ചര്‍ച്ചചെയ്യാനും അഭിപ്രായം പറയാനുമായി പ്രമേയം പരസ്യമാക്കിയാല്‍ പിന്നീടൊരു കുറിപ്പ് പതിവില്ലെന്നും മാതൃഭൂമി വാര്‍ത്തയിലുണ്ട്. ആര്‍.എസ്.എസിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാര്‍ട്ടി പരിപാടിയില്‍ സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള മോദിസര്‍ക്കാരിന് ഫാസിസ്റ്റ് പ്രവണതയാണെന്ന് കഴിഞ്ഞ രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകളിലും പ്രഖ്യാപിച്ചത്. ഇതിലാണ് മാറ്റം വരുത്തുന്നതെന്നാണ് മാതൃഭൂമി പറയുന്നത്.

മോദിസര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ല. ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല. പത്തുവര്‍ഷത്തെ തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബി.ജെ.പി.-ആര്‍.എസ്.എസ്. കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. ആര്‍.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകും. 'നവഫാസിസ്റ്റ് സ്വഭാവം' എന്നതിനര്‍ഥം അതൊരു നവഫാസിസ്റ്റ് സര്‍ക്കാരായോ രാഷ്ട്രീയസംവിധാനമായോ വികസിച്ചെന്നല്ലെന്നും സിപിഎം വിശദീകരിക്കുന്നുവെന്നാണ് വാര്‍ത്ത. ഇതിനോട് സിപിഎം പരസ്യമായി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം.

ഫാസിസം എന്നത് ഒരു തരം സമഗ്രാധിപത്യ രാഷ്ട്രീയനേതൃത്വമാണ്, ഇപ്രകാരമുള്ള ഭരണകൂടങ്ങളുടെ അടിസ്ഥാനം യുദ്ധകേന്ദ്രീകൃത സമീപനം, വീരാരാധന, ഒരു പൊതു ശത്രുവിനെതിരെ ഒരു ജനതയെയോ രാഷ്ട്രത്തെയോ ഏകീകരിക്കല്‍ തുടങ്ങിയ ആശയങ്ങളില്‍ ഊന്നിയുറച്ച കൊണ്ടുള്ളതാണ്. ഇത് പ്രാമാണിത്ത ദേശീയവാദത്തില്‍ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ബിജെപിയേയും ആര്‍ എസ് എസിനേയും ഫാസിസം എന്ന വാക്കുമായിട്ടായിരുന്നു സിപിഎം കൂട്ടിച്ചേര്‍ത്തിരുന്നത്. ഇതില്‍ മാറ്റമുണ്ടാകുന്നുവെന്നത് കേരളത്തില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Tags:    

Similar News