2047ഓടെ വികസിത ഭാരതം ആക്കുകയെന്ന ലക്ഷ്യം നിറവേറ്റാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോ? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.8 ശതമാനം വരെയുള്ള നിരക്കില്‍ വരും; ലക്ഷ്യം 8 ശതമാനം നിരക്ക്; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്

Update: 2025-01-31 10:53 GMT

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെയുളള നിരക്കില്‍ വളരുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ശനിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയില്‍ കുറയുന്ന തൊഴിലില്ലായ്മാ നിരക്കും, പണപ്പെരുപ്പ നിയന്ത്രണവും എടുത്തുപറയുന്നു. വളര്‍ച്ചാനിരക്കിന്റെ ഗതിവേഗം കൂട്ടാന്‍, കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമെന്നും സൂചിപ്പിക്കുന്നു.

2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാന്‍ സമ്പദ് വ്യവസ്ഥ 8 ശതമാനമെന്ന നിരക്കില്‍ വളരേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വര്‍ഷമായ 2047 ഓടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കുമെന്നാണ് വികസിത് ഭാരത്്@ 2047 വിഭാവനം ചെയ്യുന്നത്.

അടിസ്ഥാനതലത്തില്‍ ഘടനാപരമായ പരിഷ്‌കരണങ്ങളും, നിയന്ത്രണങ്ങള്‍ നീക്കലും വഴി ഇന്ത്യയുടെ ആഗോള മത്സരക്ഷമത മെച്ചപ്പെടുത്തണം. ശക്തമായ സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഏകീകരണം, സ്ഥിരതയുള്ള സ്വകാര്യ ഉപഭോഗം എന്നിവയിലൂടെ സമ്പദ്വ്യവസ്ഥ കരുത്ത് ആര്‍ജ്ജിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സംഘര്‍ഷം, റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ നിലനില്‍ക്കുണ്ടെന്നും സര്‍വെയില്‍ പറയുന്നു.

ദുര്‍ബലമായ നിര്‍മാണ മേഖലയും മന്ദഗതിയിലുള്ള കോര്‍പറേറ്റ് നിക്ഷേപങ്ങളും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ച 6.4 ശതമാനത്തിലേക്ക് ചുരുക്കി. വാണിജ്യ നിക്ഷേപ പദ്ധതികള്‍ കുറഞ്ഞതും നടപ്പുവര്‍ഷം ജിഡിപി വളര്‍ച്ചയെ 6.4 ശതമാനത്തിലേക്ക് ചുരുക്കാന്‍ കാരണമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.

നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 6.4 ശതമാനം. മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ കുത്തനെയുള്ള ഇടിവാണിത്. 2023-24 സാമ്പത്തിക വര്‍ഷം 8.2 ശതമാനവും 2022-23ല്‍ 7.2 ശതമാനവും 2021-22ല്‍ 8.7 ശതമാനവുമാണ് വളര്‍ച്ച കൈവരിച്ചത്.

ഇന്ത്യ അടുത്ത ഏതാനും വര്‍ഷം ശരാശരി 6.5 ശതമാനം വളര്‍ച്ചയാണ് കുറിക്കുകയെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) അനുമാനം. ലോകബാങ്ക്, ഗോള്‍ഡ്മാന്‍ സാക്‌സ് തുടങ്ങിയവ വിലയിരുത്തുന്നത് 6 മുതല്‍ 6.7 ശതമാനം വരെ വളര്‍ച്ചയാണ്.

Tags:    

Similar News