ബി.എം.ഡബ്ല്യു പിന്നേയും ഓടിക്കാലോ.. ഒരാഴ്ച കഴിഞ്ഞാല്‍ കമ്പനി പൂട്ടിപ്പോകുമോ? അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് ചുറ്റും ഒരു റൗണ്ട് ഓടിച്ചാല്‍ പോരേ; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: നിര്‍ണായകമായ പാര്‍ലമെന്റ് സമ്മേളന സമയത്ത് വിദേശയാത്രപോയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. ലോക്‌സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കുമ്പോള്‍ ജര്‍മനിയില്‍ ബൈക്ക് ഓടിച്ച് നടക്കുന്ന രാഹുലിന്റെ നടപടി ഉത്തരവാദിത്തമില്ലായ്മയാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
ഇതുപോലുള്ള ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ അതിന് മുന്നില്‍ നിന്ന് പോരാട്ടം നയിക്കേണ്ടയാളല്ലേ പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച ബ്രിട്ടാസ്, രാജ്യത്തിന് ഒരു ഫുള്‍ടൈം പ്രതിപക്ഷ നേതാവിനെയാണ് ആവശ്യമെന്നും പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജോണ്‍ ബ്രിട്ടാസ് എം.പിയുടെ വിമര്‍ശനം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വിബി-ജി റാം ജി' എന്നാക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ രാജ്യസഭ കഴിഞ്ഞ ദിവസം രാത്രിയില്‍ പാസാക്കിയിരുന്നു.
ഇത്രയും പ്രധാനപ്പെട്ട സംഭവികാസങ്ങള്‍ പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് രണ്ട് അഭിപ്രായമില്ല. ഉത്തരേന്ത്യയിലെ പല കോണ്‍ഗ്രസുകാരും ചോദിച്ചു. എവിടെയാണ് മൂപ്പര് പോയിരിക്കുന്നതെന്ന്. രാവും പകലും ആളുകള്‍ ബില്ലിനെതിരേ പ്രതിഷേധിക്കുമ്പോള്‍ അദ്ദേഹം ബി.എം.ഡബ്ല്യുവിന്റെ മോട്ടോര്‍ബൈക്കും കാറും പരിശോധിക്കുന്നു. ഒരാഴ്ച കഴിഞ്ഞാല്‍ ഈ കമ്പനി പൂട്ടിപ്പോകില്ലല്ലോ. ഇന്ത്യയിലുള്ള കമ്പനി അല്ലല്ലോ പെട്ടെന്ന് പൂട്ടിപ്പോകാന്‍. അല്ലെങ്കില്‍ ഇവിടെയും ഉണ്ടല്ലോ ബി.എം.ഡബ്ല്യു കാര്‍. പാര്‍ലമെന്റില്‍ കൊണ്ടുവന്ന് ചുറ്റും ഒരു റൌണ്ട് ഓടിച്ചാല്‍ പോരേ, ബ്രിട്ടാസ് ചോദിച്ചു.
തൊപ്പിയില്‍നിന്ന് പ്രാവിനെ എടുക്കുന്ന മജീഷ്യനെ പോലെയാണ് പല നിയമനിര്‍മ്മാണങ്ങളും കേന്ദ്രം കൊണ്ടുവരുന്നത്. കൂടിയാലോചനയോ ചര്‍ച്ചകളോ ഇല്ലാതെ ബില്ലുകള്‍ പാസാക്കുന്നുവെന്ന് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അറിയാം. കുടിലതന്ത്രവുമായി ബിജെപി വരുമെന്ന് അറിയില്ലേയെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.