ലഡാക്കിലേക്ക് ഇനി അതിവേഗ സുരക്ഷിത യാത്ര; സോന്‍മാര്‍ഗ് തുരങ്കപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി ഉയരത്തില്‍ നിര്‍മാണം; Z മോഡ് തുരങ്കം 6.5 കി.മീ. ദൈര്‍ഘ്യമുള്ള തന്ത്രപ്രധാനമായ പാത
സോന്‍മാര്‍ഗ് തുരങ്കപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോന്‍ മാര്‍ഗ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം സോന്‍മാര്‍ഗ് തുരങ്കത്തിലൂടെ പ്രധാനമന്ത്രി യാത്ര ചെയ്തു. സോന്‍മാര്‍ഗ് തുരങ്കപാത അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. തുരങ്കത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുമായും നിര്‍മ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു. ഉദ്ഘാടന വേളയില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിയുടെ സമീപത്തുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഏകദേശം 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോന്‍മാര്‍ഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സോന്‍മാര്‍ഗ് പ്രധാന തുരങ്കം, ബഹിര്‍ഗമനപാത, അപ്രോച്ച് റോഡുകള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോന്‍മാര്‍ഗ് തുരങ്കപാത ശ്രീനഗറിനും സോന്‍മാര്‍ഗിനുമിടയില്‍ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തില്‍ ലേയിലേക്കുള്ള ഗതാഗതം സുഗമമാക്കും.
കനത്ത മഴയും ഹിമപാതവും കാരണം പലപ്പോഴും ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. തുരങ്കപാത യാഥാര്‍ത്ഥ്യമായതോടെ മണ്ണിടിച്ചില്‍, ഹിമപാത സാധ്യതയുള്ള മേഖലകള്‍ എന്നിവ ഒഴിവാക്കിക്കൊണ്ട് ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാന്‍ സാധിക്കും. സോന്‍മാര്‍ഗ് തുരങ്കപാതയുടെ വരവോടെ മേഖലയിലെ വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
2028 ഓടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള സോജില തുരങ്ക പദ്ധതിയോടൊപ്പം ഇത് ദേശീയ പാത -1 ല്‍ ശ്രീനഗര്‍ താഴ്വരയ്ക്കും ലഡാക്കിനും ഇടയില്‍ തടസ്സമില്ലാത്ത ഗതാഗത ബന്ധം ഉറപ്പാക്കുകയും ദൈര്‍ഘ്യം 49 കിലോമീറ്ററില്‍ നിന്ന് 43 കിലോമീറ്ററായി കുറയ്ക്കുകയും വേഗത മണിക്കൂറില്‍ 30 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററായി വര്‍ധിപ്പിക്കുകയും ചെയ്യും. ജമ്മു-കശ്മീരിലും ലഡാക്കിലുമുള്ള പ്രതിരോധ നീക്കം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മണിക്കൂറില്‍ 1,000 വാഹനങ്ങള്‍ക്ക് വരെ തുരങ്കത്തിലൂടെ കടന്നുപോകാന്‍ കഴിയും. തുരങ്കത്തില്‍ വെന്റിലേഷന്‍ സംവിധാനമുണ്ട്.
സുരക്ഷയും ട്രാഫിക് മാനേജ്‌മെന്റും ഉറപ്പാക്കുന്നതിനായി അറിയിപ്പുകളും അടിയന്തര നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തീപിടിത്തങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ഇലക്ട്രിക്കല്‍ ഫയര്‍ സിഗ്‌നലിംഗ് സംവിധാനം, റേഡിയോ റീ-ബ്രോഡ്കാസ്റ്റ് സംവിധാനം, തത്സമയ ട്രാഫിക് അപ്ഡേറ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഡൈനാമിക് റോഡ് ഇന്‍ഫര്‍മേഷന്‍ പാനല്‍, ട്രാഫിക് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വേഗപരിധി ക്രമീകരിക്കാന്‍ യാത്രക്കാരെ അറിയിക്കുന്നതിന് സ്പീഡ് ലിമിറ്റ് വേരിയബിള്‍ മെസേജ് സൈനുകള്‍ എന്നിവയും സോന്‍മാര്‍ഗ് തുരങ്കപാതയുടെ സവിശേഷതകളാണ്.