വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ ബംഗാളിന്; ഗുവാഹത്തി - കൊല്‍ക്കത്ത റൂട്ടില്‍ സര്‍വീസ് നടത്തും; പരീക്ഷണ ഓട്ടത്തില്‍ 180 കി.മീ വേഗത; പുതിയ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ നിര്‍ണായക പ്രഖ്യാപനം
ന്യൂഡല്‍ഹി: വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ ബംഗാളിന്. ഗുവാഹത്തി - കൊല്‍ക്കത്ത റൂട്ടിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. നിരവധി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ക്കായി ലോകോത്തര സൗകര്യങ്ങളോടെ എത്തുന്ന ഈ ട്രെയിനില്‍ 823 പേര്‍ക്ക് യാത്ര ചെയ്യാം.
16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറില്‍ സുഖപ്രദമായ സ്ലീപ്പര്‍ ബെര്‍ത്തുകള്‍, ആധുനിക സസ്പെന്‍ഷന്‍ സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ആധുനിക ടോയ്ലറ്റുകള്‍, തീപിടിത്തം തടയാനുള്ള സംവിധാനങ്ങള്‍, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍, ഡിജിറ്റല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.
വന്ദേ ഭാരത് സ്ലീപ്പറിന്റെ അതിവേഗ പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയായിരുന്നു. റെയില്‍വേ സുരക്ഷാ കമീഷണറുടെ മേല്‍നോട്ടത്തില്‍ രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനില്‍ നടന്ന പരീക്ഷണത്തില്‍ ട്രെയിന്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിച്ചു. ഉയര്‍ന്ന വേഗത്തില്‍ ട്രെയിനിന്റെ കുതിപ്പ് തൃപ്തികരമാണെന്നും പരീക്ഷണം വിജയകരമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വന്തമായി ഒരുക്കിയ സാങ്കേതികവിദ്യയിലേക്കുള്ള പ്രയാണത്തില്‍ ഇന്ത്യന്‍ റെയില്‍വേ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരീക്ഷണത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്സില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെക്കുകയും ചെയ്തിരുന്നു. മണിക്കൂറില്‍ 180ല്‍ ഏറെ കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന ട്രെയിനില്‍ ഗ്ലാസുകളില്‍നിന്ന് വെള്ളം തുളുമ്പാതിരിക്കുന്നതും വിഡിയോയിലുണ്ട്.
പ്രധാന സവിശേഷതകള്‍
കോട്ട-നാഗ്ദ സെക്ഷനില്‍ നടന്ന ഹൈ സ്പീഡ് ട്രയലില്‍ മണിക്കൂറില്‍ 180 കി.മീ വേഗത കൈവരിച്ചാണ് ഈ ട്രെയിന്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ആകെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതില്‍ 11 ത്രീ-ടയര്‍ എസി കോച്ചുകള്‍ (611 സീറ്റുകള്‍), 4 ടൂ-ടയര്‍ എസി കോച്ചുകള്‍ (188 സീറ്റുകള്‍), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് (24 സീറ്റുകള്‍) എന്നിവയുണ്ടാകും. ആകെ യാത്രാശേഷി 823 ആണ്.
യാത്രാ നിരക്ക് (ഭക്ഷണം ഉള്‍പ്പെടെ):
ത്രീ-ടയര്‍ എസി: ഏകദേശം 2,300 രൂപ
ടൂ-ടയര്‍ എസി: ഏകദേശം 3,000 രൂപ
ഫസ്റ്റ് ക്ലാസ് എസി: ഏകദേശം 3,600 രൂപ
യാത്രക്കാര്‍ക്കുള്ള ആധുനിക സൗകര്യങ്ങള്‍
ബെര്‍ത്തുകളുടെ കുഷ്യന്‍ സൗകര്യം വര്‍ദ്ധിപ്പിക്കുകയും ശബ്ദമലിനീകരണം കുറയ്ക്കാനുള്ള ആധുനിക സസ്‌പെന്‍ഷന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന 'കവച്' (Kavach) സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളില്‍ ഡ്രൈവറുമായി സംസാരിക്കാന്‍ 'ടോക്ക് ബാക്ക്' സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോച്ചുകളില്‍ അണുനശീകരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡോറുകള്‍, വിശാലമായ ഉള്‍വശം, വായുസഞ്ചാരമുള്ള ഇന്റീരിയര്‍, എയറോഡൈനാമിക് ഡിസൈന്‍ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ബിസിനസ്സ് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന ഈ സര്‍വീസ് രാത്രികാല യാത്രകളില്‍ പുതിയൊരു മാറ്റം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.
