ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ പ്രഖ്യാപിച്ചേക്കും; ഘടകകക്ഷികള്‍ കനിഞ്ഞാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും; പ്രതിപക്ഷ എതിര്‍പ്പ് മറികടക്കല്‍ വെല്ലുവിളി

ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

Update: 2024-09-16 01:28 GMT

ന്യൂഡല്‍ഹി: നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ബിജെപി തങ്ങളുടെ പ്രധാന പദ്ധതികളില്‍ ഒന്നായി വിഭാവനം ചെയ്തിട്ടുള്ളതാണ് ഇക്കാര്യം. എന്‍.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടന്‍ ബില്‍ അവതരിപ്പിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി ഇത് പരാമര്‍ശിച്ചിരുന്നു. അതേസമയം, മൂന്നാം മോദി സര്‍ക്കാരില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. സഖ്യകക്ഷികള്‍ ഒറ്റത്തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ വിശദപരിശോധന നടത്തിയതിനുശേഷം മാത്രമേ നിലപാട് സ്വീകരിക്കൂവെന്നും വിലയിരുത്തപ്പെട്ടിരുന്നു.

സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്ത് സമവായത്തിലൂടെ മാത്രമേ ഇനി ബില്ല് കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി 18 ഭരണഘടനാഭേദഗതികള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ലോക്സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്നായിരുന്നു ഉന്നതതല സമിതിയുടെ നിര്‍ദേശം. തുടര്‍ന്ന് 100 ദിവസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് നൂറുദിവസം തികയുന്നതിന് തൊട്ടുമുന്‍പാണ് ബില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും അംഗങ്ങളാണ്. അതേസമയം പ്രതിപക്ഷം ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്.

ആദ്യഘട്ടത്തില്‍ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 83, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 172, എന്നിവ ഭേദഗതി വരുത്തുകയും ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 82 അ എന്ന ഒരു പുതിയ ആര്‍ട്ടിക്കിള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇത് നടപ്പിലാക്കുന്നതിനായി പുതുതായി രൂപീകരിക്കുന്ന ലോക്സഭയുടെ ആദ്യ സിറ്റിംഗ് തീയതിയില്‍ രാഷ്ട്രപതിക്ക് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും പാനല്‍ നിര്‍ദ്ദേശിച്ചു.

സമിതിയുടെ ശുപാര്‍ശ പ്രകാരം പൊതു തെരഞ്ഞെടുപ്പില്‍ രൂപീകരിക്കപ്പെടുന്ന എല്ലാ നിയമസഭകളും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന സഭയുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിക്കും. ഇനി തൂക്കുസഭ വരികയോ, അവിശ്വാസ പ്രമേയം പാസാവുകയോ സംസ്ഥാന അസംബ്ലി പിരിച്ചുവിടുകയോ ചെയ്താല്‍ അവശേഷിക്കുന്ന കാലാവധി അവസാനിക്കുന്നതോടെ പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഇടക്കാല തിരഞ്ഞെടുപ്പായാണ് ഇതിനെ കണക്കക്കുന്നത്.

ഈ രീതിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷം, ലോകസഭയുടെയും എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ഒരേസമയം അവസാനിക്കുകയും ഒരേ സമയം ഇവരെല്ലാം ഒരു പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയും ചെയ്യും എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വികസനത്തെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കുമെന്നും ജനാധിപത്യത്തിന്റെ അടിത്തറ ദൃഢമാക്കുമെന്നും സമിതി വിലയിരുത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) ഒറ്റ വോട്ടര്‍ പട്ടികയും ഒറ്റ വോട്ടര്‍ ഐഡി കാര്‍ഡും തയ്യാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 325 ഭേദഗതി ചെയ്യാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അതേസമയം ഈ ആശയം നടപ്പാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പല രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഒരേസമയം വോട്ടെടുപ്പ് നടത്താന്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നതിനേക്കാള്‍ ഇരട്ടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീനുകളും ആവശ്യമായി വരുമെന്നതിനാല്‍ ഈ നീക്കം അപ്രായോഗികമാണെന്നാണ് ഇതിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം.

Tags:    

Similar News