വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍; രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ; രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്; ക്ഷണം ലഭിച്ചത് വിവരം പാര്‍ട്ടിയെ അറിയിച്ചു; തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്; നിലപാട് വ്യക്തമാക്കി ശശി തരൂര്‍
വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയി
തിരുവനന്തപുരം: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് ലോകരാജ്യങ്ങളോട് വിശദീകരിക്കാന്‍ ഇന്ത്യ അയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. ഈ വിഷയത്തില്‍ രാഷ്ട്രീയം കാണുന്നില്ല, ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂവെന്നും കോണ്‍ഗ്രസും സര്‍ക്കാരും തമ്മിലാണ് പ്രശ്നമെന്നും തരൂര്‍ പറഞ്ഞു. തന്നെ വിളിച്ചത് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണെന്നും സര്‍ക്കാര്‍ ഒരു പൗരനോട് ആവശ്യപ്പെടുമ്പോള്‍ അത് നിറവേറ്റണ്ടതുണ്ടെന്നുമാണ് തരൂര്‍ പ്രതികരിച്ചത്. ദേശ സ്നേഹം പൗരന്മാരുടെ കടമയാണ്, ഇപ്പോള്‍ സര്‍ക്കാര്‍ എന്റെ സേവനം ആവശ്യപ്പെടുന്നു ഞാന്‍ അതില്‍ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തരൂര്‍ വിശദീകരിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രശ്നങ്ങള്‍ എന്താണെന്ന് തനിക്കറിയില്ല. തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്ന് കേന്ദ്ര മന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നാണ് താന്‍ വിശ്വസിക്കുന്ന്. എന്നെ അപമാനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഓരോരുത്തര്‍ക്കും അവരുടേതായ വിലയുണ്ടെന്നും തരൂര്‍ പറഞ്ഞു. ഭാരതത്തിന് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഒരു ഭാരതീയ പൗരനോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ വേറെയെന്ത് ഉത്തരമാണ് നല്‍കുയെന്ന് അദേഹം ചോദിച്ചു. പേര് കൊടുത്തത് താനല്ലെന്ന് അദേഹം പറഞ്ഞു. തനിക്ക് ക്ഷണം ലഭിച്ച വിവരം പാര്‍ട്ടിയെ അറിയിച്ചിരുന്നതായും തരൂര്‍ വ്യക്തമാക്കി.
പാകിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്ന സംഘത്തിലേക്കുളള സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കരുതുന്നുവെന്ന് ഇതിനോടകം തന്നെ ശശി തരൂര്‍ എക്‌സിലൂടെ പ്രതികരിച്ചിരുന്നു. സര്‍വകക്ഷി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യന്‍ സര്‍ക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ നിലപാട് വ്യക്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. തീവ്രവാദത്തിനെതിരെ ഇന്ത്യ ഉയര്‍ത്തുന്ന 'അസഹിഷ്ണുത' സന്ദേശം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതിനായി സര്‍വ്വകക്ഷികളടങ്ങുന്ന ഏഴ് പ്രതിനിധി സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. അതിലൊരാളാണ് ശശി തരൂര്‍.
അതേസമയം സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലെ ശശി തരൂരിന്റെ പങ്കാളിത്തം ഉറപ്പാകുമ്പോള്‍ കോണ്‍ഗ്രസ് തരൂരിനെ തഴയുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ച് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ പ്രതിനിധി സംഘങ്ങളുടെ പട്ടികയില്‍ ശശി തരൂരിന്റെ പേര് നല്‍കിയിരുന്നില്ല.
അതേസമയം ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയ ശശി തരൂരിനെ പരോക്ഷമായി ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തുവന്നിരുന്നു. വിദേശ രാജ്യത്തേക്കുള്ള സര്‍വകക്ഷി സംഘത്തെ തെരഞ്ഞെടുത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഇത് പരസ്പര വിശ്വാസത്തോടെ പോകേണ്ട സമയമാണെന്നും സര്‍ക്കാര്‍ നീക്കം ആശ്ചര്യപ്പെടുത്തുന്നതാണെന്നും രമേഷ് പറഞ്ഞു. കോണ്‍ഗ്രസ് നല്‍കിയ പ്രതിനിധികളുടെ പേരില്‍ മാറ്റമുണ്ടാവില്ലെന്നും തങ്ങളോട് പേരുകള്‍ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണെന്നും ജയറാം രമേശ് വ്യക്തമാക്കി.
'സര്‍ക്കാര്‍ നാല് പേരുകള്‍ ആവശ്യപ്പെട്ടിരുന്നു, ഞങ്ങള്‍ അവര്‍ക്ക് നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പ് അതിശയിപ്പിക്കുന്നതായിരുന്നു. സര്‍ക്കാരിന്റെ പെരുമാറ്റത്തില്‍ സത്യസന്ധതയല്ല. ഇത് അവസരവാദ രാഷ്ട്രീയമാണ്. സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം. സര്‍വകക്ഷി സംഘത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ പേരുകള്‍ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണ്. നാല് പേരുകളില്‍ ഞങ്ങള്‍ ഒരു മാറ്റവും വരുത്തില്ല'
'കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഞങ്ങളോട് നാല് പേരുകള്‍ ആവശ്യപ്പെട്ടിരുന്നു, ഞങ്ങള്‍ നാല് പേരുകള്‍ നല്‍കിയിരുന്നു, പ്രതിനിധി സംഘത്തില്‍ ആ നാല് പേരുകള്‍ ഉള്‍പ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ എന്ത് സംഭവിക്കുന്നുവെന്ന് എനിക്ക് പറയാനാവില്ല, കോണ്‍ഗ്രസ് അതിന്റെ കടമ നിര്‍വഹിച്ചു. സര്‍ക്കാര്‍ സത്യസന്ധമായി പേരുകള്‍ ചോദിക്കുന്നുണ്ടെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ പേരുകള്‍ നല്‍കിയത്'. ജയറാം രമേശ് പറഞ്ഞു.
ഏഴു സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതില്‍ ഒന്നിനെ നയിക്കാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തി. യുകെ-യുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ നിന്ന് ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ജോണ്‍ ബ്രിട്ടാസ് എന്നീ എംപിമാരും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗള്‍ഫിലേക്കും 3 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.