തമിഴരുടെ മുഖ്യമന്ത്രി ചോയ്‌സില്‍ ഒന്നാമന്‍ എം കെ സ്റ്റാലിന്‍ തന്നെ! രണ്ടാം സ്ഥാനത്തേക്ക് ഇടിച്ചു കയറി വിജയ്; റേസില്‍ പിന്നിലാക്കിയത് എടപ്പാടി പളനിസാമിയെയും ഉദയനിധിയെയും; തമിഴ്‌നാട്ടില്‍ തീപാറുന്ന പോരാട്ടമെന്ന് സൂചിപ്പിച്ചു പുതിയ സര്‍വേ; ഇളയദളപതിയുടെ ടി.വി.കെ തമിഴകത്തില്‍ പുതുചരിത്രം കുറിക്കുമോ?

തമിഴരുടെ മുഖ്യമന്ത്രി ചോയ്‌സില്‍ ഒന്നാമന്‍ എം കെ സ്റ്റാലിന്‍ തന്നെ!

Update: 2026-01-05 07:44 GMT

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ വിധി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. വിജയിന്റെ ടിവികെയാണ് ഡിഎംകെയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ദ്രാവിഡ മണ്ണില്‍ ഉയര്‍ന്നുവരുന്നത്. പുറത്തുവരുന്ന സര്‍വേകള്‍ ഡിഎംകെയ്ക്ക ആശയും ആശങ്കയും നല്‍കുന്നതാണ്. ഡിഎംകെ തന്നെ വീണ്ടും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ വരുമെന്നും എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്നുമാണ് പുതിയ സര്‍വേ വ്യക്തമാക്കുന്നത്.

ലൊയോള കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) നടത്തിയ സര്‍വേ റിപ്പോര്‍ട്ട്. അതേ സമയം, ടിവികെ നേതാവും നടനുമായ വിജയ് തിരഞ്ഞെടുപ്പില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നും സര്‍വേയില്‍ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ അര്‍ഹതയുള്ള രണ്ടാമത്തെ നേതാവ് വിജയ് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് ഡിഎംകെയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.

ഐപിഡിഎസിന്റെ ആദ്യ സര്‍വേയില്‍ രണ്ടാം സ്ഥാനത്തു പ്രതിപക്ഷ നേതാവും അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ.പളനിസാമിയായിരുന്നു. എന്നാല്‍, പുതിയ സര്‍വേയില്‍ എടപ്പാടി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഡിഎംകെ എംപി കനിമൊഴി നാലാം സ്ഥാനത്തും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അഞ്ചാം സ്ഥാനത്തും എത്തി. ടിവികെയുടെ വരവോടെ രാഷ്ട്രീയ രംഗത്തു പ്രകടമായ മാറ്റമുണ്ടായെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു.

ടിവികെയുടെ വരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക ഡിഎംകെയെയാണെന്നു സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തൊട്ടുപിന്നാലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ), അണ്ണാഡിഎംകെ എന്നിവയായിരിക്കും. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന യുവ നേതാക്കളുടെ വിഭാഗത്തില്‍ വിജയ് ആണ് ഒന്നാമത്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിന്‍ മൂന്നാം സ്ഥാനത്തും എന്‍ടികെ നേതാവ് സീമാന്‍ നാലാം സ്ഥാനത്തുമാണ്. 234 നിയമസഭാ മണ്ഡലങ്ങളിലെ 81,375 പേരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണു സര്‍വേ നടത്തിയത്.

അതേസമയം സമ്പൂര്‍ണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന നടന്‍ വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജന നായകന്‍ റിലീസിനൊരുങ്ങുകയാണ്. ജന നായകന് ശേഷം പൂര്‍ണ ശ്രദ്ധ രാഷ്ട്രീയത്തിലേക്ക് നല്‍കാനാണ് തീരുമാനം. തമിഴക വെട്രി കഴകം എന്നാണ് വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. തമിഴകം ആഘോഷിക്കുന്ന താരമായതിനാല്‍ വിജയ് സിനിമാ രംഗത്ത് നിന്നും വിട വാങ്ങുന്നതില്‍ ആരാധകര്‍ കടുത്ത വിഷമത്തിലാണ്. മലേഷ്യയില്‍ വെച്ച് നടന്ന ജന നായകന്‍ ഓഡിയോ ലോഞ്ചില്‍ താന്‍ സിനിമ വിടുന്ന കാര്യം വിജയ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഭാവിയില്‍ വിജയ് കോളിവുഡിലേക്ക് തിരിച്ച് വന്നേക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരിക്കുന്നു. ഇതിന് കാരണവും ഇവര്‍ നിരത്തുന്നുണ്ട്. വിജയ് ലക്ഷ്യം വെക്കുന്നത് തന്റെ പാര്‍ട്ടി തമിഴ് രാഷ്ട്രീയത്തില്‍ പ്രബല സാന്നിധ്യമാകുക എന്ന് മാത്രമല്ല. മറിച്ച് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനമാണ്. അടുത്ത തമിഴ്‌നാട് നിയമ സഭാ ഇലക്ഷനില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം നേടുക എന്നതാണ് സ്വപ്നം.

തനിക്കുള്ള ജനപിന്തുണ കൊണ്ട് ഇത് സാധ്യമാകുമെന്ന് വിജയ് കരുതുന്നു. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് ഇത് നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്നമാണെന്നാണ്. പുറത്തുവരുന്ന സര്‍വേകള്‍ അനുസരിച്ച് തമിഴ് രാഷ്ട്രീയത്തില്‍ വിജയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടാന്‍ സാധ്യത കുറവാണ്. പ്രതിപക്ഷ പാര്‍ട്ടിയായി ടിവികെയെ അഞ്ച് വര്‍ഷമെങ്കിലും നയിക്കാന്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യവുമുണ്ട്. കിരീടം വെക്കാത്ത രാജാവാണ് സിനിമാ രംഗത്ത് വിജയ്. പ്രതിപക്ഷ നേതാവായി മാധ്യമങ്ങളോട് സംസാരിച്ച്, നിയമസഭയില്‍ വാദിച്ച് നില്‍ക്കാനാെക്കെ വിജയ് തയ്യാറാകുമോ എന്ന് ആരാധകര്‍ക്ക് പോലും സംശയമുണ്ട്. അതിനാല്‍ തന്നെ വിജയ് തുടര്‍ന്നും സിനിമകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നെറ്റിസണ്‍സ് പ്രതീക്ഷിക്കുന്നു.

Tags:    

Similar News