വഖഫ് നിയമഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍; ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം; ചര്‍ച്ചയില്‍ ഇന്ത്യ സഖ്യ കക്ഷികള്‍ പങ്കെടുക്കും; മധുര പാര്‍ട്ടി കോണ്‍ഗ്രസ് തിരക്കിനിടയിലും ചര്‍ച്ചയില്‍ പങ്കാളികളാകാന്‍ സിപിഎം എംപിമാര്‍; അംഗങ്ങള്‍ക്ക് വിപ് നല്‍കി ടിഡിപിയും ജെഡിയുവും; ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് മുസ്ലീ വ്യക്തി നിയമ ബോര്‍ഡ്
വഖഫ് നിയമഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ ഒറ്റകെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പാര്‍ലമെന്റില്‍ ചേര്‍ന്ന ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. വഖഫ് ഭേദഗതി ജനാധിപത്യത്തിന് എതിരാണ് എന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ഒറ്റക്കെട്ടായ തീരുമാനമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു.
'ബില്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ബില്‍ പാസാക്കുന്നതിനെ ശക്തമായി എതിര്‍ക്കും,' ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ബജറ്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെയാണ് നിര്‍ണായകമായ തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നത്. ഈ സമ്മേളന കാലയളവില്‍ തന്നെ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയില്‍ അവതരിപ്പിക്കുക. എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാര്‍ക്കും വിപ്പ് നല്‍കാന്‍ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. സംയുക്ത പാര്‍ലമെന്ററി സമിതി കടന്ന് ഭരണപക്ഷ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. ബില്ല് പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം കേന്ദ്രം പാടേ തള്ളുകയാണ്. കെസിബിസിയും സിബിസിഐയുമൊക്കെ പിന്തുണച്ചത് സര്‍ക്കാരിന് ആശ്വാസമായി.
എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും, ടിഡിപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയതോടെ ആ പാര്‍ട്ടികളുടെ നിലപാടും വ്യക്തമായി.
ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും
വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇതോടെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ. രാധാകൃഷ്ണന്‍ എംപി ഡല്‍ഹിയിലേക്ക് മടങ്ങും.
ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യണമെന്നാണ് എംപിമാര്‍ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നാല് എംപിമാരോടും നിര്‍ദേശം നല്‍കിയതായി പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സ്ഥിരീകരിച്ചു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ അടുത്ത നാലുദിവസം സിപിഎം എംപിമാര്‍ ലോക്സഭയില്‍ എത്തില്ലെന്ന് കാണിച്ച് കെ. രാധാകൃഷ്ണന്‍ എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു.
സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ കെ. രാധാകൃഷ്ണന്റെ കത്ത് പുറത്തുവന്നതോടെയാണ് വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ സിപിഎം പ്രതിനിധികള്‍ ഉണ്ടാവില്ലെന്ന വിവരം പ്രചരിച്ചത്. കെ. രാധാകൃഷ്ണന് പുറമേ, അമ്ര റാം, എസ്. വെങ്കിടേശന്‍, ആര്‍. സച്ചിദാനന്ദം എന്നീ എംപിമാരാണ് ലോക്സഭയില്‍ സിപിഎമ്മിനുള്ളത്. ചൊവ്വാഴ്ചമുതല്‍ ഏപ്രില്‍ നാലുവരെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു കത്ത്.
എതിര്‍ക്കണമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
അതേസമയം ബില്ലിനെ എതിര്‍ക്കണമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എംപിമാരോട് അഭ്യര്‍ഥിച്ചു. എന്‍ഡിഎ ഘടകകക്ഷികളോടും ബോര്‍ഡ് ഈ ആവശ്യം ഉന്നയിച്ചു.