ആം ആദ്മി പാര്‍ട്ടി തോല്‍വി അര്‍ഹിക്കുന്നു; 'സ്റ്റാലിനിസ്റ്റ് ശുദ്ധീകരണ'ത്തിനിടെ തങ്ങളില്‍ ചിലര്‍ അനുഭവിച്ച അപമാനം മറന്നിട്ടില്ല; എന്നാല്‍ അതിന്റെ പരാജയം ആഘോഷിക്കാനില്ല; ബി.ജെ.പിയെ സമ്പൂര്‍ണ രാഷ്ട്രീയ ആധിപത്യത്തിനായുള്ള വഴിയില്‍ കൊണ്ടുപോകുന്നതില്‍ ആശങ്കയെന്ന് യോഗേന്ദ്ര യാദവ്
ആം ആദ്മി പാര്‍ട്ടി തോല്‍വി അര്‍ഹിക്കുന്നു;
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ആം ആദ്മി പാര്‍ട്ടി അര്‍ഹിക്കുന്നെങ്കിലും അത് ആഘോഷിക്കാന്‍ തനിക്ക് കഴിയില്ലെന്ന് എ.എ.പി സ്ഥാപകാംഗം യോഗേന്ദ്ര യാദവ്. കെജ്രിവാളുമായി പിണങ്ങി പാര്‍ട്ടി വിട്ടു പോയ നേതാവാണ് യോഗേന്ദ്രയാദവ്.
ഒരു പതിറ്റാണ്ട് മുമ്പ് ആം ആദ്മി പാര്‍ട്ടിയിലെ 'സ്റ്റാലിനിസ്റ്റ് ശുദ്ധീകരണ'ത്തിനിടെ തങ്ങളില്‍ ചിലര്‍ അനുഭവിച്ച അപമാനം മറന്നിട്ടില്ലെന്നും എന്നാല്‍, ഡല്‍ഹിയിലെ ബി.ജെ.പി വിജയത്തിന്റെയും ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വിയുടെയും മേലെ തന്റെ വ്യക്തിപരമായ അനുഭവം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യാവദ് വ്യക്തമാക്കി. 'ദ ഇന്ത്യന്‍ എക്‌സ്പ്രസി'ല്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് അറിയിച്ചത്.
എ.എ.പിയുടെ സ്ഥാപക അംഗങ്ങളായ യോഗേന്ദ്ര യാദവിനെയും സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെയും 2015ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തന്റെ ആശങ്ക സ്വന്തത്തെക്കുറിച്ചോ ആം ആദ്മി പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും കുറിച്ചോ അല്ല. അത് 'ആം ആദ്മി' ( സാധാരണക്കാര്‍) യെക്കുറിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തീര്‍ച്ചയായും, ഭരണഘടനാപരമായ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന ഏതൊരാളും ആശങ്കപ്പെടുകയും ചിന്തിക്കുകയും വേണം. ഡല്‍ഹിയിലെ വിജയം ബി.ജെ.പിയെ സമ്പൂര്‍ണ രാഷ്ട്രീയ ആധിപത്യത്തിനായുള്ള വഴിയില്‍ ഒരു പടി മുന്നോട്ട് കൊണ്ടുപോകുന്നതിനാല്‍ ആശങ്കാകുലനാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
എ.എ.പി ഭരണത്തിന്റെ അവസാന ദശകത്തിലെ ജനഹിത പരിശോധനയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഈ നിഷേധത്തിന്റെ ഗുണഭോക്താവ് ബി.ജെ.പിയാണ്. എ.എ.പിയുടെ തോല്‍വിയുടെ മാര്‍ജിന്‍ വെറും 3.5 ശതമാനമാണ്. ഇത് സീറ്റ് കണക്കിനെക്കാള്‍ വളരെ ചെറുതാണ്. അഴിമതി ആരോപണങ്ങളില്‍ നിന്ന് എ.എ.പി നേതൃത്വത്തെ ബഹുജനമാധ്യമങ്ങള്‍ രക്ഷിച്ചിരുന്നെങ്കില്‍, ബജറ്റിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ കമീഷന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍, എംപി-മഹാരാഷ്ട്ര -ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പോലെ സ്ത്രീകള്‍ക്കുള്ള പണമിടപാടുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് ഡല്‍ഹി സര്‍ക്കാറിനെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തടഞ്ഞില്ലായിരുന്നെങ്കില്‍, ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരു തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലുമുള്ള 2 ശതമാനത്തിലധികം വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് തിരിഞ്ഞ് തലക്കെട്ടുകള്‍ മറിച്ചിടാമായിരുന്നുവെന്നും യോഗേന്ദ്രേ യാദവ് ചൂണ്ടിക്കാട്ടി.
അതേസമയം, വോട്ട് ഷെയറുകളുടെ കഥയില്‍ പൂര്‍ണമായി പിടിമുറുക്കാത്ത ശക്തമായ ഒരു 'ഭരണ വിരുദ്ധത' ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാവില്ല. വികസനം, റോഡുകള്‍, ശുചിത്വം, അഴുക്കുചാലുകള്‍, കുടിവെള്ളം എന്നിങ്ങനെ ജനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള പല കാര്യങ്ങളിലും ഭരണകക്ഷിയോടുള്ള കടുത്ത നിരാശയാണ് സി.എസ്ഡി.എസ്-ലോക്‌നീതി സര്‍വേ രേഖപ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ മേലുള്ള സംതൃപ്തി കേന്ദ്ര സര്‍ക്കാറിനേക്കാള്‍ വളരെ കുറവായിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ വ്യക്തിപരമായ ജനപ്രീതി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വോട്ട് ഷെയറിനേക്കാള്‍ കുറവായിരുന്നു.
ഡല്‍ഹിയിലെ മൂന്നില്‍ രണ്ട് വോട്ടര്‍മാരും ആം ആദ്മി സര്‍ക്കാര്‍ 'പൂര്‍ണ്ണമായോ' 'ഒരു പരിധിവരെയോ' അഴിമതിയിലാണ് എന്ന് വിശ്വസിച്ചു. ബി.ജെ.പിക്ക് വിശ്വസനീയമായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടായിരുന്നെങ്കില്‍ അല്ലെങ്കില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രാപ്തിയുള്ളതായി വോട്ടര്‍മാര്‍ട്ട് തോന്നിയിരുന്നുവെങ്കില്‍ ജനഹിത പരിശോധനയില്‍ ആംആദ്മി പാര്‍ട്ടിക്കെതിരെ കൂടുതല്‍ വ്യക്തമായ ചാഞ്ചാട്ടം ദൃശ്യമാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.