അംബേദ്കറോട് ബഹുമാനമുണ്ടെങ്കില്‍ അമിത് ഷായെ മോദി മന്ത്രിസഭയില്‍ നിന്ന് അര്‍ദ്ധരാത്രിയോടെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് അമിത്ഷാ; കോണ്‍ഗ്രസ് അംബേദ്കര്‍ വിരോധി പാര്‍ട്ടി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോണ്‍ഗ്രസ്: മറുപടിയുമായി ആഭ്യന്തര മന്ത്രി
തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ബി ആര്‍ അംബേദ്കറെ താന്‍ അപമാനിച്ചെന്ന ആരോപണം തള്ളി ആഭ്യന്തര മന്ത്രി അമിത്ഷാ. കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് അമിത്ഷാ പറഞ്ഞു. ലോക്‌സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടോ പോകുന്ന പാര്‍ട്ടിയാണെന്ന് വ്യക്തമാക്കിയ അമിത് ഷാ കോണ്‍ഗ്രസ് അംബേദ്കര്‍ വിരോധി പാര്‍ട്ടിയാണെന്നും കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോണ്‍ഗ്രസാണ്. നിയമപരമായി നേരിടുന്നതിന് സാധ്യത തേടുമെന്നും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങള്‍ക്കെതിരെ നടപടികളെടുക്കും. ഖാര്‍ഗെ തന്റെ രാജി ആവശ്യപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുന്നെങ്കില്‍ അത് തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു.
അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അമിത് ഷാ പറഞ്ഞു. ചൊവ്വാഴ്ച രാജ്യസഭയില്‍ നടത്തിയ വിവാദ അംബേദ്കര്‍ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമിത് ഷാ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കിയത്. വിവാദത്തില്‍ അമിത് ഷായെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തിയിരുന്നു.
രാജ്യസഭയില്‍ താന്‍ നടത്തിയ പ്രസംഗം വ്യക്തവും ഒരു ആശയകുഴപ്പത്തിനും വകനല്‍കാത്തതായിരുന്നു. സഭാ രേഖകളില്‍ അതുണ്ട് - അമിത് ഷാ പറഞ്ഞു. ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും ഒരു ചര്‍ച്ച നടന്നു. കഴിഞ്ഞ 75 വര്‍ഷത്തില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും വ്യത്യസ്തമായ ആശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രശ്‌നങ്ങളെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാട് എല്ലായ്പ്പോഴും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രീതി അപലപനീയമാണ്
മരണത്തിന് മുമ്പും ശേഷവും കോണ്‍ഗ്രസ് എങ്ങനെയാണ് അംബേദ്കറോട് പെരുമാറിയെന്നത് എല്ലാവര്‍ക്കുമറിയാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
'എനിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പറയാനുള്ളത് - ഡോ. ബി.ആര്‍. അംബേദ്കര്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച സമൂഹ വിഭാഗത്തില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. അതിനാല്‍, ഈ ദുഷിച്ച പ്രചാരണത്തെ നിങ്ങള്‍ പിന്തുണയ്ക്കരുത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദ്ദം കാരണം നിങ്ങള്‍ ഇത്തരമൊരു പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് നിരാശയുണ്ട്. കോണ്‍ഗ്രസ് അംബേദ്കര്‍ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും സംവരണ വിരുദ്ധവും സവര്‍ക്കര്‍ വിരുദ്ധവും ഒബിസി വിരുദ്ധവുമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു' ഷാ പറഞ്ഞു.
അതേസമയം അംബേദ്കറോട് ബഹുമാനമുണ്ടെങ്കില്‍ അമിത് ഷായെ പ്രധാനമന്ത്രി മോദി മന്ത്രിസഭയില്‍ നിന്ന് അര്‍ധരാത്രിയോടെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അമിത് ഷായുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു പ്രതികരണം.
'അമിത് ഷാ മാപ്പ് പറയണം, മോദിക്ക് ബാബാസാഹേബ് അംബേദ്കറില്‍ വിശ്വാസമുണ്ടെങ്കില്‍ അദ്ദേഹത്തെ അര്‍ദ്ധരാത്രിയോടെ പുറത്താക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. മന്ത്രിസഭയില്‍ തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല. അദ്ദേഹത്തെ പുറത്താക്കണം, അപ്പോള്‍ മാത്രമേ ആളുകള്‍ നിശബ്ദത പാലിക്കൂ. അംബേദ്കറിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്'ഖാര്‍ഗെ പറഞ്ഞു.
അംബേദ്ക്കറെ അമിത് ഷാ അപമാനിച്ചു എന്ന് ആരോപിച്ചുള്ള കോണ്‍ഗ്രസ് ബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും ഇന്ന് സ്തംഭിച്ചിരുന്നു. രാജ്യസഭയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലെ അമിത്ഷായുടെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് ബഹളം. അംബേദ്ക്കര്‍ അംബേകദ്ക്കര്‍ എന്ന് പലവട്ടം പറയുന്നത് കോണ്‍ഗ്രസിന് ഫാഷനായിരിക്കുകയാണെന്നും ഇത്രയും തവണ ദൈവം എന്നു പറഞ്ഞാല്‍ മോക്ഷം കിട്ടുമായിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു.
മനുസ്മൃതിയില്‍ വിശ്വസിക്കുന്നവര്‍ അംബേദ്ക്കറെ അപമാനിക്കുന്നതില്‍ അത്ഭുതമില്ല എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍ അംബേദ്ക്കറിന്റെ ചിത്രങ്ങളുമായി പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച ശേഷമാണ് ഇരുസഭകളിലും വിഷയം ഉന്നയിച്ചത്.