ഖജനാവ് നിറയുന്നു, തൊഴിലില്ലായ്മ കുറയുന്നു; മോദി സര്‍ക്കാരിന് ആശ്വാസമായി സാമ്പത്തിക സര്‍വേ; 7.4% വളര്‍ച്ചയുമായി ലോകത്തെ ഞെട്ടിച്ച് ഇന്ത്യ കുതിക്കുന്നു; താരിഫിലൂടെ ട്രംപ് പാര വെച്ചാലും രാജ്യം വീഴില്ല; ചില സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ മോശമായത് കടമെടുപ്പ് ചെലവേറിയതാക്കുമെന്നും വിലയിരുത്തല്‍; കേന്ദ്ര ബജറ്റിന് മുന്‍പ് രാജ്യം ചര്‍ച്ച ചെയ്യുന്നത്

മോദി സര്‍ക്കാരിന് ആശ്വാസമായി സാമ്പത്തിക സര്‍വേ

Update: 2026-01-29 09:52 GMT

ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുമ്പോഴും പതറാതെ ഇന്ത്യ. അടുത്ത സാമ്പത്തിക വര്‍ഷവും (2026-27) ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്ശക്തിയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ശുഭസൂചനകളുള്ളത്.

വളര്‍ച്ചയുടെ കണക്കുപുസ്തകം

2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 മുതല്‍ 7.2 ശതമാനം വരെ ആയിരിക്കുമെന്നാണ് പ്രവചനം. നടപ്പു സാമ്പത്തിക വര്‍ഷം (2025-26) ഇത് 7.4 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു.

സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍:

കുതിക്കുന്ന നികുതി വരുമാനം: നികുതിദായകരുടെ എണ്ണം 6.9 കോടിയില്‍ (FY22) നിന്ന് 9.2 കോടിയായി (FY25) വര്‍ധിച്ചു. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തില്‍ (2017-18) നിന്ന് 3.2 ശതമാനമായി (2023-24) കുറഞ്ഞു. വനിതാ പങ്കാളിത്തം 23.3 ശതമാനത്തില്‍ നിന്ന് 41.7 ശതമാനമായി ഉയര്‍ന്നു.

ക്ഷേമപദ്ധതികള്‍:

81% ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തി. 42.78 കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്തു.

ട്രംപ് പ്രഭാവവും കയറ്റുമതിയിലെ ആശങ്കയും

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരുത്തുകാട്ടുമ്പോഴും പുറത്തുനിന്നുള്ള ഭീഷണികള്‍ അവഗണിക്കാനാവില്ലെന്ന് സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തിയതോടെ വ്യാപാര രംഗത്ത് കടുത്ത വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നത്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ ട്രംപ് 50% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് തിരിച്ചടിയായി. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കാണ്.

വിദേശ നിക്ഷേപത്തില്‍ (FDI) ഉണ്ടാകുന്ന കുറവ് രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. ആഗോള വെല്ലുവിളികള്‍ കാരണം അടുത്ത വര്‍ഷം പണപ്പെരുപ്പം (Inflation) വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.'ഇന്ത്യയുടെ വളര്‍ച്ച എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക ചിലവിടാനും സര്‍ക്കാരിന് സാധിച്ചു.' - വി. അനന്ത നാഗേശ്വരന്‍, പറഞ്ഞു.

ധനക്കമ്മി കുറയുന്നു; പക്ഷേ കേരളത്തിന് ആശങ്ക

രാജ്യത്തിന്റെ മൊത്തം ധനക്കമ്മി (Fiscal Deficit) നിയന്ത്രണവിധേയമാണ്. കഴിഞ്ഞ വര്‍ഷത്തെ 4.8 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം ഇത് 4.4 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കേന്ദ്രത്തിന്റെ നില ഭദ്രമാണെങ്കിലും കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ മോശമാണെന്ന് സര്‍വേ പരോക്ഷമായി സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക സ്ഥിതി രാജ്യത്തിന്റെ പൊതുവായ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കുമെന്നും ഇത് വിദേശത്തുനിന്നുള്ള കടമെടുപ്പ് ചെലവേറിയതാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ശ്രദ്ധേയമായ മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍

ഇനം-  പഴയ നില  -പുതിയ നില (പ്രതീക്ഷിക്കുന്നത്)

ജിഡിപി വളര്‍ച്ച -6.5% (FY25) -7.4% (FY26)

ധനക്കമ്മി 4.8% -(FY25)-4.4% (FY26)

വനിതാ തൊഴില്‍ പങ്കാളിത്തം 23.3%  -41.7%

നികുതി വരുമാനം (ജിഡിപി അനുപാതം)10.8% -11.5%

വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും അമേരിക്കന്‍ ഉപരോധങ്ങളും ഓഹരി വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെങ്കിലും ആഭ്യന്തര ഘടകങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാണ്. വ്യക്തിഗത ആദായനികുതിയിലെ ഇളവുകളും പണപ്പെരുപ്പം 4.9 ശതമാനത്തിലേക്ക് താഴ്ന്നതും ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ചു.

ബജറ്റ് 2026: കണ്ണുനട്ടിരുന്ന് രാജ്യം

കേന്ദ്ര ബജറ്റില്‍ റെയില്‍വേ, പ്രതിരോധം, നഗരവികസനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്നിവയ്ക്ക് വന്‍തോതിലുള്ള വിഹിതം അനുവദിക്കുമെന്നാണ് സൂചന. 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും ഈ ബജറ്റ്.

Tags:    

Similar News