പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! അടിക്കടി വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍; നിരക്ക് മാറ്റം 24 മണിക്കൂറിനുളളില്‍ ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ എടുത്തുകളയുന്നു; ഇനി തോന്നും പടി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി
അടിക്കടി വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: റോക്കറ്റ് പോലെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്കിന് കടിഞ്ഞാണിടാന്‍ ഒടുവില്‍ മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാര്‍. വിമാന ടിക്കറ്റ് നിരക്കില്‍ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡി ജി സിഎ) അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തു കളയുന്നത്. വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യസഭയില്‍ വ്യോമയാന ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. വിമാനടിക്കറ്റ് നിരക്കിലെ ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്നതിനും നിരക്ക് വര്‍ദ്ധന തടയുന്നതിനുമാണ് സര്‍ക്കാര്‍ നീക്കം. ഇനി തോന്നും പോലെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഭാരതീയ വായുയാന്‍ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വര്‍ദ്ധനവ് തടയാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. 2010ലെ ഡിജിസിഎ സര്‍ക്കുലര്‍ പ്രകാരം ഒരു മാസം മുന്‍പ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഡിജിസിഎ അറിയിക്കണം. ഇതേ സര്‍ക്കുലറില്‍ തന്നെയുള്ള വ്യവസ്ഥ പ്രകാരം ഡി ജി സി എക്ക് നല്‍കിയ നിരക്കില്‍ വിമാന കമ്പനികള്‍ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളില്‍ ഡിജിസിഎ അറിയിച്ചാല്‍ മതിയാകും. ഈ വ്യവസ്ഥയാണ് നീക്കം ചെയ്യുന്നതെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയെ അറിയിച്ചു.
ഇതിലൂടെ അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തടയാന്‍ ആകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.വ്യവസ്ഥ നീക്കം ചെയ്യുന്നതോടെ ഒരു മാസം മുന്‍പ് നല്‍കിയ നിരക്കില്‍ വിമാന കമ്പനികള്‍ക്ക് മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍