അദാനി ബന്ധം ആരോപിച്ച് പ്രതിപക്ഷം; 'സോറോസ് - കോണ്‍ഗ്രസ്' ബന്ധത്തില്‍ തിരിച്ചടിച്ച് എന്‍ഡിഎ; പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം; വിമര്‍ശനവുമായി ജെ.പി.നഡ്ഡ
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം; വിമര്‍ശനവുമായി ജെ.പി.നഡ്ഡ
ന്യൂഡല്‍ഹി: അദാനി വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സോറോസ് - കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് എന്‍ഡിഎ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. ഇതിനിടെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡയസിലേക്ക് കയറി പ്രതിഷേധിച്ചു. ഇതോടെ ഇരു സഭകളിലെയും നടപടികള്‍ തടസ്സപ്പെട്ടു.
യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസുമായി കോണ്‍ഗ്രസിനു ബന്ധമുണ്ടെന്നുള്ള എന്‍ഡിഎ ആരോപണവും, എന്‍ഡിഎയ്ക്ക് അദാനിയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ തിരിച്ചടിയുമാണ് സഭാ നടപടികള്‍ ബഹളമയമാക്കിയത്. ലോക്‌സഭയില്‍ രാവിലെ ചോദ്യോത്തര വേളയില്‍ ബഹളമുണ്ടായില്ല.
ശൂന്യവേളയില്‍ കോണ്‍ഗ്രസിലെ ജ്യോതിമണിയെ സ്പീക്കര്‍ ഓം ബിര്‍ല സംസാരിക്കാനായി ക്ഷണിച്ചു. കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് സംസാരിച്ച ജ്യോതിമണി, ഈ വിഷയം മറയ്ക്കാനാണ് കേന്ദ്രം സോറോസ് വിഷയം ഉന്നയിക്കുന്നതെന്ന് ആരോപിച്ചു.
ആദാനിയും കേന്ദ്രവുമായുള്ള ബന്ധവും ജ്യോതിമണി ആരോപിച്ചതോടെ ബഹളമായി. സഭയില്‍ ഇല്ലാത്ത ആളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ചെയര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം പിയൂഷ് ഗോയല്‍ സമാനമായ രീതിയില്‍ സോറോസ് വിഷയം ഉന്നയിച്ചപ്പോള്‍ എന്തുകൊണ്ട് ചെയര്‍ ഇടപെട്ടില്ലെന്നും രേഖകളില്‍നിന്ന് നീക്കിയില്ലെന്നും കെ.സി.വേണുഗോപാല്‍ ചേദിച്ചു.
ഇതിനിടെ ദീപേന്ദര്‍ ഹൂഡ, പപ്പു യാദവ്, ജ്യോതിമണി തുടങ്ങിയവര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറി. ഇതേതുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് മനഃപൂര്‍വം സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ നോക്കുകയാണെന്ന് ജെ.പി.നഡ്ഡ ആരോപിച്ചു.
സ്ഥാനക്കയറ്റം കിട്ടാന്‍ രാജ്യസഭയില്‍ ബിജെപിയുടെ വക്താവായി പെരുമാറുകയാണ് ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗദീപ് ധന്‍കര്‍ എന്ന രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു. പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഖര്‍ഗെയ്ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയിരുന്നതായും നഡ്ഡെ പറഞ്ഞു.
അവസരം ലഭിച്ചിട്ടും അദ്ദേഹം പ്രസംഗിച്ചില്ല. ചേംബറില്‍ ചര്‍ച്ച നടത്താന്‍ ക്ഷണിച്ചിട്ടും സഹകരിച്ചില്ല. കോണ്‍ഗ്രസ് സഭാ നടപടികളുമായി സഹകരിക്കാന്‍ തയാറല്ല എന്നതിന്റെ തെളിവാണിതെന്നും നഡ്ഡെ പറഞ്ഞു.