പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളി; വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം; ശക്തമായ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം
വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം. ലോക് സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാമെന്ന് അമിത് ഷാ സമ്മതിച്ചു. ഇരുസഭകളുടെയും നടുത്തളത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സഭാധ്യക്ഷന്മാര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഏകപക്ഷീയമായി തയ്യാറാക്കിയെന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കിടെയാണ് വഖഫ് നിയമഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിലെത്തിയത്. ആദ്യം രാജ്യസഭയുടെ മേശപ്പുറത്ത്. അലയടിച്ച പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് അധ്യക്ഷന്‍ ജഗീപ് ധന്‍കര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു. വിയോജിപ്പ് അവഗണിച്ച റിപ്പോര്‍ട്ട് തിരിച്ചയക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു.
ഖര്‍ഗെ കള്ളം പറയുകയാണെന്ന് സഭ നേതാവ് ജെപി നദ്ദയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും ജെപിസി ചെയര്‍മാന്‍ കൂടിയായ ജഗദാംബിക പാല്‍ എംപി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഒടുവില്‍ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി.
പ്രതിപക്ഷം നിര്‍ദ്ദേശിച്ച നാല്‍പതിലേറെ ഭേദഗതികള്‍ തള്ളിയ സംയുക്ത പാര്‍ലമെന്ററി സമിതി ഭരണപക്ഷം കൊണ്ടുവന്ന 15 ഭേദഗതികള്‍ അംഗീകരിച്ചാണ് അന്തിമ റിപ്പോര്ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ വഖഫ് നിയമഭേദഗതി ബില്ല് മാര്‍ച്ച് 10ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസാക്കും.
പ്രതിപക്ഷം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ വലിയ ബഹളങ്ങള്‍ക്കിടെയും വഖഫ് ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചത്. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.
ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റി വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുമ്പോള്‍ വലിയ പ്രതിഷേധം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബില്ലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധബഹളങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബില്ല് അംഗീകരിക്കുന്നത്. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിയത്.
ലോകസഭയിലും രാജ്യസഭയിലും ഇത് അവതരിപ്പിക്കാനായിരുന്നു നീക്കം. പ്രഥമ നടപടിക്രമങ്ങളിലേക്ക് കടന്നയുടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ ബഹളങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേളകള്‍ അടക്കം സ്തംഭിച്ചതോടെ സഭ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലെത്തി. 11.20 വരെ രാജ്യസഭ നിര്‍ത്തിവെക്കേണ്ടി വന്നു. രണ്ടുമണിവരെ സഭ ലോകസഭ നിര്‍ത്തിവെക്കാന്‍ സ്പീക്കറും നിര്‍ദ്ദേശിക്കുകയായിരുന്നു.
ഭേദഗതി ബില്ലിനെചൊല്ലി പാര്‍ലമെന്റിലെ ഇരുസഭകളിലും ഒരേ ദിവസം ബില്‍ കൊണ്ടുവന്ന് പാസാക്കാനുള്ള നീക്കമായിരുന്നു നടന്നത്. രാജ്യസഭയില്‍ ബില്‍ കൊണ്ടുവന്നപ്പോള്‍ ഏകപക്ഷീയമായാണ് ബില്‍ അവതരിപ്പിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് രാജ്യസഭാ അധ്യക്ഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബി.ജെ.പിയുടെ മേധാ വിശ്രാം കുല്‍ക്കര്‍ണി ബില്‍ അധ്യക്ഷന്റെ മേശപ്പുറത്ത് വെക്കുകയായിരുന്നു. രാഷ്ട്രപതിയുടെ അനുമതിയോടുകൂടിയാണ് നടപടികള്‍ തുടരുന്നത് എന്ന് രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ പ്രതിപക്ഷത്തെ അറിയിച്ചു.