ശൈത്യം കടുത്തിട്ടും മത്സരങ്ങള്‍ ഉത്തരേന്ത്യയില്‍; വ്യാപകമായ പുകമഞ്ഞ്; സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച ഹാര്‍ദിക് പാണ്ഡ്യ; കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ? തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ എന്ന് തരൂര്‍; എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാമെന്ന് രാജീവ് ശുക്ല; ലക്‌നൗ മത്സരം ഉപേക്ഷിച്ചതില്‍ വാഗ്വാദം
ലക്‌നൗ: ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഉപേക്ഷിച്ചതില്‍ ബിസിസിഐക്കെതിരെ വിമര്‍ശനം കടുക്കുന്നതിനിടെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും ബിസിസിഐ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയും തമ്മില്‍ രൂക്ഷമായ വാഗ്വാദം. ബുധനാഴ്ച ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മഞ്ഞായതിനാല്‍ ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. രാത്രി ഏഴിനാണ് കളി തുടങ്ങേണ്ടിയിരുന്നത്. വൈകുന്നേരംതന്നെ കനത്ത മഞ്ഞായതിനാല്‍ ടോസിടുന്നത് വൈകി. മഞ്ഞ് കനത്തോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തരൂരും രാജീവ് ശുക്ലയും തമ്മില്‍ വാഗ്വാദമുണ്ടായത്.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് ശുക്ല പറഞ്ഞു. ഈ കാലയളവില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ശുക്ലയുടെ വാക്കുകള്‍. ഇതിന് മറുപടിയായി, സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായ കേരളത്തിലേക്ക് ജനുവരിയിലെ മത്സരങ്ങള്‍ മാറ്റണമെന്ന് തരൂര്‍ നിര്‍ദേശിച്ചു. അവിടെ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രശ്നം ഒരു പ്രത്യേക മേഖലയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നായി ശുക്ലയുടെ വാദം. ബിസിസിഐയുടെ റൊട്ടേഷന്‍ നയത്തിന് കീഴില്‍ കേരളത്തില്‍ ഇതിനകം തന്നെ മത്സരങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ശൈത്യകാലത്തെ മത്സര ഷെഡ്യൂളിന്റെ കാര്യം തരൂര്‍ വീണ്ടും ചൂണ്ടിക്കാണിച്ചപ്പോള്‍, 'എന്നാല്‍ എല്ലാ മത്സരങ്ങളും കേരളത്തിലേക്ക് മാറ്റാം', എന്നായിരുന്നു ശുക്ലയുടെ പരിഹാസം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ലക്‌നൗ കൂടാതെ ന്യൂ ചണ്ഡീഗഡ്, ധരംശാല, റാഞ്ചി, റായ്പുര്‍, വിശാഖപട്ടണം, കട്ടക്ക്, അഹമ്മദാബാദ്, ഗുവാഹത്തി, കൊല്‍ക്കത്ത തുടങ്ങിയ വേദികളാണ് ബിസിസിഐ അനുവദിച്ചിരുന്നത്. ഇതില്‍ വിശാഖപട്ടണം മാത്രമാണ് ദക്ഷിണേന്ത്യയിലുള്ളത്.
നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍, ശൈത്യം ശക്തമാകുന്ന സമയത്തു നടന്ന പരമ്പരയ്ക്ക് ഉത്തരേന്ത്യന്‍ വേദികള്‍ മാത്രം അനുവദിച്ച ബിസിസിഐയുടെ തീരുമാനത്തെയാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ചോദ്യം ചെയ്യുന്നത്. ലക്‌നൗ, ന്യൂ ചണ്ഡീഗഡ്, ധരംശാല തുടങ്ങിയ സ്ഥലങ്ങളില്‍ മലിനീകരണ തോതും വളരെയധികം ഉയരുന്ന സമയമാണിത്.
വായു ഗുണനിലവാര സൂചിക (എക്യുഐ) ലക്‌നൗവില്‍ ബുധനാഴ്ച 400ന് മുകളില്‍ അപകടകരമായ ശ്രേണിയില്‍ ആയിരുന്നു. ഇതോടെ താരങ്ങളുടെ ആരോഗ്യസംരക്ഷണം സംബന്ധിച്ച് ബിസിസിഐയുടെ പ്രതിബദ്ധതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇന്ത്യന്‍ ടീം വാം അപ് ചെയ്യുന്നതിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചിരുന്നു. മൂന്നാം ട്വന്റി20 നടന്ന ധരംശാലയിലെ എക്യുഐ നിലവാരവും മോശമായിരുന്നു. ന്യൂ ചണ്ഡീഗഡിലും അവസ്ഥ വിഭിന്നമായിരുന്നില്ല.
ലക്‌നൗവില്‍ വൈകിട്ട് ഏഴിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം നടത്താനുള്ള സാധ്യതകള്‍ തേടി അംപയര്‍മാര്‍ 6 തവണ ഗ്രൗണ്ട് പരിശോധിച്ചിരുന്നു. എന്നാല്‍ മൂടല്‍മഞ്ഞ് കാഴ്ചയ്ക്ക് തടസ്സമായി തുടര്‍ന്നതോടെ രാത്രി 9.30ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഏഴരയോടെ തന്നെ ഇരു ടീമിലെ താരങ്ങള്‍ വാം അപ് അവസാനിപ്പിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. അസഹനീയമായ തണുപ്പ് സഹിച്ചിരുന്ന കാണികള്‍ ഒമ്പതു മണിയോടെയും ഗ്രൗണ്ട് വിട്ടു തുടങ്ങി.
രാത്രിയാകും തോറും വിസിബിലിറ്റി പ്രശ്‌നം കൂടുമെന്ന് അറിയാമായിരുന്നിട്ടും ഈ സമയത്ത് മത്സരം നിശ്ചയിച്ചതും ബിസിസിഐയുടെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഉച്ചയ്ക്കു ശേഷം മത്സരം സംഘടിപ്പിച്ചിരുന്നെങ്കിലും ടിക്കറ്റെടുത്ത കാണികള്‍ക്ക് നിരാശരായി മടങ്ങേണ്ടി വരില്ലായിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂരും ബിസിസിഐയുടെ ഷെഡ്യൂളിങ്ങിലെ വീഴ്ചയെ ചൂണ്ടിക്കാട്ടി രംഗത്തെത്തി.
''ലക്‌നൗവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുന്നതിനായി ക്രിക്കറ്റ് ആരാധകര്‍ വെറുതെ കാത്തിരിക്കുകയായിരുന്നു. മിക്ക ഉത്തരേന്ത്യന്‍ നഗരങ്ങളിലും വ്യാപകമായ പുകമഞ്ഞും 411 എന്ന എക്യുഐ കാരണം, ക്രിക്കറ്റ് കളിക്കാനുള്ള ദൃശ്യപരത വളരെ കുറവാണ്. എക്യുഐ ഇപ്പോള്‍ ഏകദേശം 68 ആയ തിരുവനന്തപുരത്ത് അവര്‍ മത്സരം ഷെഡ്യൂള്‍ ചെയ്യണമായിരുന്നു! '' തരൂര്‍ എക്‌സില്‍ കുറിച്ചു.
മൂടല്‍മഞ്ഞല്ല മലിനീകരണം മൂലമുണ്ടായ പുകമഞ്ഞ് കാരണമാണ് മത്സരം ഉപേക്ഷിച്ചതെന്നും മലിനീകരണം കാരണം ഒരു മത്സരം ഉപേക്ഷിക്കേണ്ടി വന്നതിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ എന്നും പലരും കമന്റിട്ടു. 'ആരാണ് ഈ സമയത്ത് ലക്‌നൗവില്‍ മത്സരം സംഘടിപ്പിച്ചത്, കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ?', 'ഇന്ത്യയിലെ മലിനീകരണം അനിയന്ത്രിതമാകുന്നു, ക്രിക്കറ്റ് മത്സരങ്ങളെ പോലും ബാധിക്കുന്നു' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
റൊട്ടേഷന്‍ വ്യവസ്ഥയിലാണ് ഇന്ത്യയിലെ സ്റ്റേഡിയങ്ങള്‍ക്ക് ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദി അനുവദിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങളുണ്ടായാല്‍ സമയക്രമത്തിലുള്‍പ്പെടെ മാറ്റം വരുത്താന്‍ ബിസിസിഐ തയാറാകണമെന്ന് ഒട്ടേറേ പേര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പരമ്പരയിലെ തന്നെ വേദികള്‍ പരസ്പരം വച്ചു മാറുന്നതും അടുത്ത പരമ്പരയ്ക്കുള്ള ഒരു വേദിയിലേക്ക് മത്സരം മാറ്റുക തുടങ്ങിയ നടപടികളും സ്വീകരിക്കാം. ജനുവരിയില്‍ ആരംഭിക്കുന്ന ന്യൂസീലന്‍ഡിനതിരായ പരമ്പരയ്ക്ക് വഡോദര, രാജ്‌കോട്ട്, ഇന്‍ഡോര്‍, നാഗ്പുര്‍, റായ്പുര്‍, വിശാഖപട്ടണം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് അനുവദിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ നഗരമായ ഗുവാഹത്തിയില്‍ ഒരു മത്സരം മാത്രമേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
