പാര്‍ലമെന്റ് അരങ്ങേറ്റം ഗംഭീരമാക്കാന്‍ പ്രിയങ്ക ഗാന്ധി; മഹാരാഷ്ട്രയിലെ മിന്നും വിജയത്തിന്റെ ഫോമില്‍ ബിജെപിയും; വഖഫ് ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചേക്കും; പ്രതിഷേധിക്കാന്‍ പ്രതിപക്ഷവും; അദാനിക്കെതിരായ അമേരിക്കന്‍ കേസ് ആയുധമാക്കാന്‍ കോണ്‍ഗ്രസും; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് മുതല്‍

പാര്‍ലമെന്റ് അരങ്ങേറ്റം ഗംഭീരമാക്കാന്‍ പ്രിയങ്ക ഗാന്ധി

Update: 2024-11-25 02:14 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡിസംബര്‍ 20 വരെയാണ് സമ്മേളനം നടക്കുക. ഇക്കുറി നിരവധി വിഷയങ്ങളാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ഉള്ളത്. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

സത്യപ്രതിജ്ഞക്ക് ശേഷം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സഭയിലെത്തും. പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം അടക്കം ചൂടുള്ള വിഷയങ്ങള്‍ ഇക്കുറി സമ്മേളനത്തിന് ഉണ്ട്. അതേസമയം മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി കരുത്തു ചോര്‍ന്ന കാര്യം ഓര്‍മ്മപ്പെടുത്താനാണ് ഭരണപക്ഷം ശ്രമിക്കുക. വഖഫ് ഭേദഗതി ബില്ല് ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമായിരിക്കും ഇന്ന് മുതല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു സഭയില്‍ ഉണ്ടാവുക. സര്‍വകക്ഷി യോഗത്തിലും പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചു. അദാനിക്കെതിരെയുള്ള കേസും മണിപ്പൂര്‍ സംഘര്‍ഷവും സഭയില്‍ ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. അദാനി വിഷയം ഉയര്‍ത്തി രാഹുല്‍ ഗാന്ധി സഭയില്‍ കത്തിക്കയറുമെന്ന് ഉറപ്പാണ്.

മറ്റു ബില്ലുകള്‍ക്കെതിരെയും പ്രതിഷേധത്തിന് സാധ്യതയുണ്ട്. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യന്‍ തുറമുഖ ബില്ലും സഭയിലെത്തും. വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടക്കും. പാര്‍ലമെന്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം വഖഫ് ബില്ലില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സര്‍വ്വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ തള്ളിയിട്ടുണ്ട്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത സഹായത്തിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ പ്രതിഷേധമുയര്‍ത്തും. വഖഫ് ബില്‍ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നു സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വഖഫ് ബില്‍ പരിഗണിക്കുന്ന ജെ പി സിക്ക് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ സഭയുടെ അനുമതി തേടുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചിരുന്നു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ വയനാടിനോടുള്ള കേന്ദ്ര അവഗണന സര്‍വ്വകക്ഷിയോഗത്തില്‍ ഉന്നയിച്ചെന്ന് എന്‍ കെ പ്രമേചന്ദ്രന്‍ എം പി. എന്നാല്‍ സര്‍ക്കര്‍ മൗനം പാലിച്ചു. ദുരന്ത സഹായത്തിലെ അവഗണനയ്‌ക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്താനാണ് കേരളത്തില്‍ നിന്നുള്ള യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ തീരുമാനം.

അതേസമയം ഇടതുപക്ഷം അടക്കം വഖഫ് ബില്ലിനെ എതിര്‍ക്കാനാണ് തീരുമാനം. വഖഫ് നിയമ ഭേദഗതി ബില്ലിലുള്ള ആശങ്ക സര്‍വ്വകക്ഷി യോഗത്തില്‍ പങ്കുവെച്ചെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. മതപരമായ കാര്യങ്ങളിലേക്കുള്ള സര്‍ക്കാറിന്റെ കടന്നുകയറ്റമാണ് ബില്ലെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത തകര്‍ക്കാനുള്ള ശ്രമമാണ്. മനുഷ്യനെ വിഭജിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ബില്ലെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മതവിശ്വാസത്തിനനുസരിച്ചാണ് മതവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ കൈകടത്തുന്നത് സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നതിന് തുല്യമാണെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ദേവസ്വം ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പേരിന്റെ പേരില്‍ പോലും മുമ്പ് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡില്‍ മറ്റെല്ലാവര്‍ക്കും കയറി കൂടാനുള്ള ശ്രമം എന്ന ആശങ്ക ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കലാപം ആരംഭിച്ചാല്‍ തടയാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് മണിപ്പൂര്‍. ജെപിസിയുടെ പരിഗണനയിലുള്ള ബില്ല് ലിസ്റ്റ് ചെയ്യുക പതിവില്ല. വിഭജിച്ചു ഭരിക്കുക എന്ന നയം ഫലപ്രദമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. വലുതാക്കാതിരിക്കാനുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Tags:    

Similar News