അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം

അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു

Update: 2024-12-14 13:47 GMT

ന്യൂഡല്‍ഹി: അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ പരാമര്‍ശം. കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് അടിയന്തരാവസ്ഥ എടുത്തുകാട്ടിയായിരുന്നു മോദിയുടെ മറുപടി. ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം കൂട്ടി.

സോണിയ ഗാന്ധിക്ക് നേരേയും മോദി വിമര്‍ശനം ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ മുകളിലായിരുന്നു ഒരുകുടുംബാംഗത്തിന്റെ പദവിയെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് ജനാധിപത്യത്തിനേറ്റ കറുത്ത പാടാണ് അടിയന്തരാവസ്ഥയെന്നും ആ പാപത്തില്‍ നിന്ന് കോണ്‍ഗ്രസിന് മോചനമില്ലെന്നും മോദി വിമര്‍ശിച്ചു.

സ്വന്തം നേട്ടത്തിനായി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ചു. നെഹ്രുവിന്റെ നീക്കങ്ങളെ അന്നത്തെ രാഷ്ട്രപതിക്ക് എതിര്‍ക്കേണ്ടി വന്നു. അങ്ങനെ പല കാലങ്ങളിലായി ആ കൃത്യം ആവര്‍ത്തിച്ചു പോന്നു. ആദ്യം പാപം നെഹ്‌റു ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടര്‍ന്നു. 1971 ല്‍ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. കോടതികളുടെ അധികാരം ഇന്ദിര കവര്‍ന്നു. സ്വന്തം കസേര സംരക്ഷിക്കാന്‍ 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്.

അടിയന്തരാവസ്ഥയില്‍ ആയിരങ്ങള്‍ ജയിലിലടക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം കവര്‍ന്നു. അയോഗ്യയാക്കിയ ജഡ്ജിയെ ഇന്ദിര വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥയുടെ ദുരിതം അനുഭവിച്ച പല കക്ഷികളും ഈ സഭയിലുണ്ട്. ഷാബാനു കേസില്‍ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. വോട്ട് ബാങ്കിനായി ഷാബാനുവിന് നീതി നിഷേധിച്ചു. വിധ്വംസക ശക്തികളുമായി രാജീവ് ഗാന്ധി ചേര്‍ന്നു. 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്.

ഭരണഘടനയിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ച അഭിമാനകരമാണ്. ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഈ 75 വര്‍ഷം അസാധാരണമായിരുന്നു. ഭരണഘടനാ ശില്‍പ്പികളെ സ്മരിച്ച പ്രധാനമന്ത്രി, വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിര്‍മ്മാണത്തിന് സ്ത്രീകള്‍ പ്രധാന പങ്കുവഹിച്ചുവെന്നും ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ ജനാധിപത്യം മറ്റുളള രാജ്യങ്ങള്‍ക്ക് മാതൃകയാണ്. 75 വര്‍ഷത്തെ യാത്ര ചെറുതല്ല. തുടക്കം മുതല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയ രാജ്യമാണിത്. ജി 20 ഉച്ചകോടിയില്‍ പോലും വനിതാ ശാക്തീകരണം പ്രധാന ചര്‍ച്ചയായി. ഈ പശ്ചാത്തലമാണ് വനിതാ സംവരണ ബില്‍ കൊണ്ടുവരാന്‍ പ്രേരണയായത്. ലോക് സഭയില്‍ വനിതാ പ്രാതിനിധ്യം കൂടി. നാരി ശക്തിയാണ് ഭരണഘടനയുടെ ശക്തി. ഏകത്വമാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് ശേഷം ചില വൈകൃത മനസുകള്‍ ഭാരതത്തിന്റെ ഏകത തകര്‍ത്തു. നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ മുദ്രാവാക്യത്തെ തളര്‍ത്തി. അടിമ മനോഭാവം ഏകത്വത്തെ തളര്‍ത്തി. ഭരണഘടന അനുച്ഛേദം 370 രാജ്യത്തിന്റെ ഐക്യത്തിന് തടസമായിരുന്നു. ഐക്യത്തിനായാണ് ഒരു രാജ്യം ഒരു നികുതി കൊണ്ടുവന്നത്.

ഡിജിറ്റല്‍ വിപ്ലവമാണ് ഇന്ത്യയില്‍ നടന്നത്. ഡിജിറ്റല്‍ ഇന്ത്യ വിജയത്തിന്റെ കഥയാണ്. മാതൃഭാഷ പ്രോത്സാഹിപ്പിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു. മാതൃഭാഷയില്‍ പഠിച്ച് ഡോക്ടറും, എഞ്ചിനിയുമാകാം. ക്ലാസിക്കല്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിച്ചു. ഇതിനൊക്കെ ശക്തി തരുന്നത് ഭരണഘടനയാണ്. അടിയന്തരാവസ്ഥ പരാമര്‍ശിച്ച മോദി, ജനാധിപത്യത്തിലെ കറുത്ത അധ്യായമായിരുന്നുവെന്നും തുറന്നടിച്ചു. കോണ്‍ഗ്രസ് ഭരണകാലത്തെ കറുത്ത പാടാണ് അടിയന്തരാവസ്ഥ. ആ പാപത്തില്‍ നിന്ന് കോണ്‍ഗ്രസിന് മോചനമില്ല. ഭരണഘടനയുടെ ശക്തി കൊണ്ടാണ് തനിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞതെന്നും മോദി ഓര്‍മ്മിച്ചു.

ഭരണഘടനയെ ഞങ്ങള്‍ ആരാധിക്കുന്നു, കോണ്‍ഗ്രസ് കൊല്ലുന്നു. ചിലര്‍ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കുന്നു. കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു.ഭരണഘടന ദിനം ആചരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചവരുണ്ട്.

Tags:    

Similar News