'ഗണേഷ് കുമാര്‍ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല; കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും; സമരം നടത്തുന്ന ദിവസം ശമ്പളം വേണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല'; ഗതാഗത മന്ത്രിക്കെതിരെ ആഞ്ഞടിച്ച് എ.കെ ബാലന്‍

'ഗണേഷ് കുമാര്‍ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല

Update: 2025-07-09 08:09 GMT

പാലക്കാട്: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് എതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എ.കെ ബാലന്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്യുന്നതിന് എതിരെ മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല. സമരം ചെയ്യരുതെന്ന് പറയുന്നത് ശരിയല്ല. പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും ബാലന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും. സമരം നടത്തുന്ന ദിവസം ശമ്പളം വേണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. പക്ഷേ പ്രക്ഷോഭത്തോടുള്ള എതിരായ പ്രസ്താവന ശരിയല്ലെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം സ്വന്തം മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പോലും നടപ്പായില്ല. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല.ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായി.

പണിമുടക്ക് ദിവസം കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്ക് വിശ്വസിച്ച് യാത്രക്കെത്തിയ പലരും വിവിധയിടങ്ങളില്‍ കുടുങ്ങി. തിരുവനന്തപുരത്തും മറ്റിടങ്ങളിലും യാത്രക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് തങ്ങളുടെ രോഷം പങ്കുവെച്ചു. മന്ത്രി ഗണേഷ് സാറ് പറഞ്ഞിരുന്നു, ബസ് വിടുമെന്ന്. അത് പ്രതീക്ഷിച്ചാണ് വന്നത്... -കിളിമാനൂരിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

കൊച്ചിയിലും തൃശൂരിലും കൊല്ലത്തും മലപ്പുറത്തും തിരുവനന്തപുരത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം സര്‍വിസുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂര്‍ സ്റ്റാന്‍ഡിന് പുറത്തുനിന്ന് ചില ബസുകള്‍ സര്‍വിസ് നടത്തി.

കൊല്ലത്ത് സര്‍വിസ് നടത്തുന്നതിനിടയില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും കണ്ടക്ടര്‍ ശ്രീകാന്ത് പറഞ്ഞു. അഖിലേന്ത്യ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നുമാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്. ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ നിലപാടിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി രംഗത്തുവന്നിരുന്നു. തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കണമെന്നാണ് താല്‍പര്യമെന്നും ബേബി പ്രതികരിച്ചിരുന്നു.

Tags:    

Similar News