മദ്രസകള്‍ അടച്ചുപൂട്ടണമെന്നത് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം മാത്രം; ബിഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാക്കിസ്ഥാന്‍ സിലബസ്; കേരളത്തില്‍ പൂട്ടിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ വാലി മദ്രസ മാത്രമെന്നും എ പി അബ്ദുള്ളക്കുട്ടി
ബിഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാക്കിസ്ഥാന്‍ സിലബസ്
കണ്ണൂര്‍ : മദ്രസകള്‍ അടച്ചുപൂട്ടണമെന്ന വിവാദമുണ്ടായത് കേന്ദ്ര ബാലാവകാശ കമ്മിഷന്റെ ഒരു നിര്‍ദ്ദേശത്തിനെ കുറച്ചു മാത്രമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കണമെന്ന ആത്മാര്‍ത്ഥമായ ഒരു നിര്‍ദ്ദേശമായിരുന്നു അത്. ഇതു കേട്ടപ്പാതി കേള്‍ക്കാത്ത പാതി സമസ്തയിലെ സമദ് പൂക്കോട്ടൂരും എം.ഇ എസിലെ ഫസല്‍ ഗഫൂറുമൊക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനയിറക്കിയത് വേദനാജനകമാണ്. കേരളത്തിലെ മുസ്ലിം കുട്ടികള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് എം.ഇ.എസെന്ന് ഫസല്‍ ഗഫൂര്‍ ഓര്‍ക്കണമായിരുന്നു'വെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
'കേരളത്തിലെ അവസ്ഥയല്ല നോര്‍ത്ത് ഇന്ത്യയിലെ മദ്രസകളുടെത്. അവിടെ രാവിലെ മുതല്‍ രാത്രി വരെ കുട്ടികള്‍ മദ്രസയിലാണ്. യു.പി യില്‍ യോഗിയും അസം മുഖ്യമന്ത്രിയുമൊക്കെ ഇതിന് മാറ്റമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മൈനോറിറ്റി സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളോട് പറഞ്ഞത് നിങ്ങള്‍ ഒരു കൈയ്യില്‍ ഖുറാനും മറുകൈയ്യില്‍ കംപ്യുട്ടറും ഏന്തണമെന്നാണ്. എന്നാല്‍ മാത്രമേ രാജ്യത്തിന്റെ വികസന വഴികളില്‍ വരും നാളുകളില്‍ കൂടെ ചേരാന്‍ കഴിയുകയുള്ളൂവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.'
സി.ഐ.എ വന്നപ്പോള്‍ രാജ്യത്ത് ചിലരുണ്ടാക്കിയ ബഹളം പോലെ തന്നെയാണ് ഇത്. അന്ന് മോദി സര്‍ക്കാര്‍ എല്ലാവരെയും പാക്കിസ്ഥാനിലേക്ക് ഓടിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവര്‍ക്ക് പോലും കേരളത്തില്‍ വരെ പൗരത്വം കൊടുത്തത് നാം കണ്ടില്ലേയെന്ന് അബ്ദുള കുട്ടി ചോദിച്ചു.
സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മദ്രസകളില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കേരളത്തില്‍ മദ്രസാ പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ് മുസ്ലീംങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗമിച്ചത്. നമ്മളൊക്കെ രാവിലെ ഒരു മണിക്കൂര്‍ മദ്രസയിലും ബാക്കിയുള്ള സമയങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും ലോ കോളേജുകളിലുമൊക്കെ പോയാണ് പഠിച്ചത്.
എന്നാല്‍ കേരളത്തിലെ അവസ്ഥയല്ല ബിഹാറിലുമൊക്കെ അവിടുത്തെ ചില മദ്രസകളില്‍ പാക്കിസ്ഥാന്‍ സിലബസാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. കേരളത്തില്‍ സ്ഥിതിയല്ല. എന്നാല്‍ കേരളത്തില്‍ ഒറ്റ മദ്രസ മാത്രമേ കേന്ദ്രസര്‍ക്കാര്‍ പൂട്ടിച്ചിട്ടുള്ളു. അതു പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലുള്ളഗ്രീന്‍ വാലി മദ്രസ മാത്രമാണ്. കൈയ്യും കാലും വെട്ടാനാണ് അവിടെ പഠിപ്പിച്ചിരുന്നത്. കേരളത്തിലുള്ള രാഷ്ട്രീയക്കാരോ സര്‍ക്കാരോ അല്ല അതുപൂട്ടിച്ചത്. അമിത്ഷായെന്ന നട്ടെല്ലുള്ള ആണ്‍കുട്ടിയാണ്.
നോര്‍ത്ത് ഇന്ത്യയില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ വസ്ത്രം ധരിക്കുന്നത് പ്രത്യേകരീതിയിലാണ്. പൊതു സമൂഹത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണിത്. സൗദിയില്‍പ്പോലും ഇങ്ങനെയില്ല. മദ്രസ രംഗത്ത് കാലാനുസൃത മാറ്റമുണ്ടാക്കാനാണ് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നത്. അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുന്‍പോട്ടു വെച്ചിട്ടുള്ളത്. പൊതുവിദ്യാദ്യാസം എല്ലാവര്‍ക്കും ലഭിച്ചെങ്കില്‍ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂ. ഹജ്ജ് രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും ഗുണകരമായിയിട്ടുണ്ട്. വി.ഐ.പി കള്‍ച്ചര്‍ ഇപ്പോള്‍ ഹജ്ജ് രംഗത്തു നിന്നും ഒഴിവായി. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പറഞ്ഞു.