നിലമ്പൂരില്‍ എസ്ഡിപിഐ ആരെയും പിന്തുണയ്ക്കില്ല; അഡ്വ.സാദിഖ് നടുത്തൊടി മണ്ഡലത്തില്‍ മത്സരിക്കും; മൂന്നുമുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ള; ഒരുമുന്നണിയോടും പ്രത്യേക താല്‍പര്യമില്ലെന്നും നേതാക്കള്‍
നിലമ്പൂരില്‍ അഡ്വ.സാദിഖ് നടുത്തൊടി എസ്ഡിപിഐ സ്ഥാനാര്‍ഥി
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് എസ്ഡിപിഐ. മണ്ഡലത്തില്‍, എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അഡ്വ. സാദിഖ് നടുത്തൊടിയാണ് സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റാണ് സാദിഖ്.
ഒരു മുന്നണിയോടും പ്രത്യേക താല്‍പര്യമില്ലെന്നും ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികളുടേയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തപ്പെടുമെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു. ബിജെപി വിജയിക്കാതിരിക്കാന്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്നായിരുന്നു എസ്ഡിപിഐ വിശദീകരണം. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെയാണ് എസ്ഡിപിഐ പിന്തുണച്ചത്.
ഭരണ-പ്രതിപക്ഷ കക്ഷികളുടെ ജനങ്ങളോടുള്ള പ്രതിബദ്ധത മാറ്റുരയ്ക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി അഡ്വ. സാദിഖ് നടുത്തൊടി മല്‍സര രംഗത്തുണ്ടാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണ്. മുന്നൂ മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പി വി അന്‍വറിനെ തിരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നും എസ്ഡിപിഐ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി സംബന്ധിച്ചു.