'രക്തം കുടിക്കുന്ന ഡ്രാക്കുള; ഞങ്ങള്‍ ആണി അടിച്ചു തറയ്ക്കും': പേരാമ്പ്രയില്‍ ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പിലിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍
പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പേരാമ്പ്രയില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രകടനങ്ങളെത്തുടര്‍ന്നുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.പിയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റതിലാണ് കെ.എസ്.യു അധ്യക്ഷന്റെ പ്രതികരണം. മുഖ്യമന്ത്രിയെ 'രക്തംകുടിക്കുന്ന ഡ്രാക്കുള'യായി വിശേഷിപ്പിച്ച അദ്ദേഹം, 'തങ്ങള്‍ ആണി അടിച്ചു തറയ്ക്കും' എന്നും ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതിഷേധങ്ങളെയും സമരങ്ങളെയും, കാക്കിയിട്ട ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കിയും, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ചോര വീഴ്ത്തുന്ന പിണറായി,
രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താന്‍....!
തന്നെ ഞങ്ങള്‍ ആണി അടിച്ചു തറയ്ക്കും....!
അലോഷ്യസ് സേവ്യര്‍
KSU സംസ്ഥാന പ്രസിഡന്റ്
ഷാഫി പറമ്പില്‍ എം.പിയുടെ മൂക്കിലെ രണ്ട് എല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരുള്‍പ്പെടെ 10 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവങ്ങളുടെ തുടക്കം പേരാമ്പ്ര സി.കെ.ജി കോളേജിലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് യു.ഡി.എസ്.എഫ് വിജയിച്ചതിനെത്തുടര്‍ന്നുണ്ടായ ആഹ്‌ളാദ പ്രകടനത്തെ പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ടാണ്. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനിടെ എല്‍.ഡി.എഫ് ഭരിക്കുന്ന പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് അടപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ഇരു വിഭാഗക്കാരും പ്രകടനവുമായെത്തിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.