കെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല; അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ആന്റോ ആന്റണി; സുധാകരന്റെ പ്രതികരണത്തോടെ നേതൃമാറ്റത്തില്‍ വെട്ടിലായി ഹൈക്കമാന്‍ഡ്

കെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല

Update: 2025-05-04 09:51 GMT

തിരുവനന്തപുരം: കെപിസിസി അധ്യക്ഷത്തു നിന്നം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയോതോടെ പന്ത് വീണ്ടും ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടില്‍. തന്നെ മാറ്റുന്നുവെന്ന വിധത്തില്‍ വ്യാപക ചര്‍ച്ചകള്‍ വന്നതോടെയാണ് സുധാകരന്‍ തുറന്നു പ്രതികരിച്ചു രംഗത്തുവന്നത്. ഹൈക്കമാന്‍ഡുമായി സംസാരിച്ചപ്പോള്‍ ഈ വിഷയം ചര്‍ച്ചയായില്ലെന്നുമാണ് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കുന്നത്.

അതേസമയം അടുത്ത കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ പരിഗണിക്കുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും പിന്തുണയോടാണ് ആന്റോ കെപിസിസി അധ്യക്ഷനാകുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിനിടെ ആന്റോ ആന്റണിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട യാതൊരു അറിവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കി. അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്നും തീരുമാനങ്ങളെല്ലാം ഹൈക്കമാന്‍ഡ് ആണ് എടുക്കേണ്ടതെന്നും ആന്റോ ആന്റണി പറഞ്ഞു. അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തത്വത്തില്‍ തീരുമാനിച്ചെന്നും പുതുതായി പരിഗണിക്കുന്നവരില്‍ ഒരാള്‍ ആന്റോ ആന്റണി ആണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.

'ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. ഇതിലൊക്കെ അന്തിമമായ തീരുമാനമെടുക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഒരറിയിപ്പും തനിക്ക് ഇതുസംബന്ധിച്ച് കിട്ടിയിട്ടില്ല. അത് കിട്ടട്ടെ. നിലവില്‍ ഇതുസംബന്ധിച്ച് താന്‍ 100 ശതമാനം അജ്ഞനാണ്. പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങളാണ്'- ആന്റോ ആന്റണി വിശദമാക്കി.

അതേസമയം, അധ്യക്ഷ പദവിയില്‍ കെ. സുധാകരന് പിന്തുണയുമായി കെ. മുരളീധരന്‍ രംഗത്തെത്തി. അദ്ദേഹം മാറണമെന്ന് തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴൊരു മാറ്റം നല്ലതല്ലെന്നും മുരളീധരന്‍ പ്രതികരിച്ചു. എല്ലാത്തിന്റെയും അന്തിമ അധികാരം ഹൈക്കമാന്‍ഡിനാണ്. ഹൈക്കമാന്‍ഡിന് ഉചിതമായ ഏത് തീരുമാനമെടുക്കാനും അവകാശമുണ്ട്. ഇവിടെ ഇങ്ങനെയെപ്പോഴും ചര്‍ച്ച നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല. മാത്രമല്ല ഇതിലേക്കൊന്നും സമുദായങ്ങളെ വലിച്ചിഴയ്ക്കാനും പാടില്ല. കെ. സുധാകരന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സൂചന നല്‍കി കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു. നേതൃത്വത്തില്‍ നിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും സുധാകരന്‍ മീഡിയവണിനോട് പറഞ്ഞു. സംഘടനാതലത്തില്‍ കേരളത്തില്‍ ശക്തമാണെന്നും നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

'വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കോണ്‍ഗ്രസിനുള്ള പങ്കും വിജയസാധ്യതയെക്കുറിച്ചുമാണ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. തന്നെ മാറ്റുമെന്ന് അറിയാതെ പോലും ആരുടെയും നാവില്‍നിന്ന് വീണതായി ഞാന്‍ കേട്ടിട്ടില്ല. നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന് എന്നോട് പറഞ്ഞിട്ടില്ല. ജീവനുള്ള കാലത്തോളം വരെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി എല്ലാം വിട്ടെറിഞ്ഞ് പ്രവര്‍ത്തിക്കും'- സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍, കെപിസിസിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടായേക്കുമെന്ന് പുറത്ത് വരുന്ന വിവരങ്ങള്‍.

അതേസമയം കെ സുധാകരന്റെ പ്രതികരണത്തോട് മൗനം പാലിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേതൃമാറ്റ ചര്‍ച്ചകളെ അനുകൂലിക്കുകയോ തള്ളിക്കളയാനോ സതീശന്‍ തയ്യാറായിട്ടില്ല.കെ സുധാകരന്‍, വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍, കോണ്‍ഗ്രസ്,

Tags:    

Similar News