അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് യു.ഡി.എഫ്; കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുഡിഎഫ് പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്; നിലപാടാണ് സംഗതിയെങ്കില്‍ ഒരുമിച്ച് പോകുന്നതില്‍ ബുദ്ധിമുട്ടില്ല; യോജിച്ചു പോകാന്‍ കഴിയുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് യു.ഡി.എഫ്

Update: 2025-05-28 04:32 GMT

നിലമ്പൂര്‍: നിലപാടിന്റെ പേരിലാണെങ്കില്‍ പി.വി. അന്‍വറിനും യു.ഡി.എഫിനും യോജിച്ചു പോകാന്‍ കഴിയുമെന്ന് കരുതുന്നതായി നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി യു.ഡി.എഫ് പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്. നിലപാടാണ് സംഗതിയെങ്കില്‍ ഒരുമിച്ച് പോകുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്‍വര്‍ ഉടക്കു തുടരവേയാണ് ഷൗക്കത്ത് നിലപാട് അറിയിച്ചിരിക്കുന്നത്.

അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് താനല്ല. ഈ വിഷയത്തില്‍ നേതൃത്വം മറുപടി നല്‍കും. പാര്‍ട്ടി തീരുമാനം നിലമ്പൂരിലെ പ്രവര്‍ത്തകര്‍ അംഗീകരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്തി മുന്നോട്ടു പോവുകയാണ് ലക്ഷ്യം. ഒരു യുദ്ധത്തില്‍ പരമാവധി പേരെ സമാഹരിച്ച് കൊണ്ടാണ് മുന്നോട്ടു പോവുക.

യു.ഡി.എഫിന് പൂര്‍ണ പ്രതീക്ഷയാണുള്ളത്. ആരെയും കാത്തുനില്‍ക്കാതെ യു.ഡി.എഫ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഞങ്ങള്‍ക്ക് ഗ്രൗണ്ട് ഉണ്ട്. നിലമ്പൂരില്‍ രണ്ട് തവണ അബദ്ധം സംഭവിച്ചു. അത് ആവര്‍ത്തികരുതെന്ന് നാട്ടുകാര്‍ക്ക് ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്റെ കൂടെ നില്‍ക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

യു.ഡി.എഫുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണെന്നും അദ്ദേഹത്തിന്റെ തീരുമാനം വരട്ടെ, അപ്പോള്‍ നോക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്നലെ പ്രതികരിച്ചത്. നിലമ്പൂരില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇന്ധനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. നിലമ്പൂരില്‍ മഹാവിജയത്തിന് തുടക്കം കുറിക്കുകയാണ്. മണ്ഡലചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷം ഇത്തവണ നേടും.

യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കകമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പരമ്പരാഗതമായി എല്‍.ഡി.എഫിന് കിട്ടുന്ന വോട്ടുകള്‍ പോലും യു.ഡി.എഫിന് കിട്ടുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Tags:    

Similar News