പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്; സമയം കഴിഞ്ഞാല്‍ കട്ടുചെയ്യുമെന്നും സ്പീക്കറെ വിരട്ടാന്‍ നോക്കേണ്ടെന്നും എ എന്‍ ഷംസീര്‍; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
സമയത്തെ ചൊല്ലി സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക് പോര്
തിരുവനന്തപുരം: പ്രസംഗ സമയത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എ എന്‍ ഷംസീറും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ, സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അതിനിടെ, ആഴക്കടല്‍ ധാതു ഖനനത്തിന് എതിരായ പ്രമേയത്തില്‍ പ്രതിപക്ഷം ഭേദഗതികള്‍ സഭയില്‍ അവതരിപ്പിച്ചില്ല. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു.
ആശാവര്‍ക്കര്‍മാരുടെ സമരം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സ്പീക്കറുമായി തര്‍ക്കമുണ്ടായത്. പ്രസംഗം 11 മിനിറ്റ് ആയെന്നും സമയത്തിനുള്ളില്‍ സംസാരിക്കണമെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചു.
പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് സതീശന്‍ മറുപടി നല്‍കി. സമയം കഴിഞ്ഞാല്‍ കട്ട് ചെയ്യുമെന്ന് സ്പീക്കര്‍ താക്കീത് നല്‍കി. ചെയറിനെ വിരട്ടാന്‍ നോക്കേണ്ടെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. ഇവിടെ പറയാന്‍ സമയമുണ്ട്. ബാക്കി വേണമെങ്കില്‍ പുറത്തു പറയാമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഭരണപക്ഷം ബഹളം വയ്ക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് പ്രസംഗം തുടര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി ചെയ്തതു പോലെ കേരളത്തിലും മുഖ്യമന്ത്രി ഇടപെട്ട് ആശമാരുമായി ചര്‍ച്ച നടത്തണമെന്നും സതീശന്‍ പറഞ്ഞു.
തുടര്‍ന്നും സ്പീക്കര്‍ ഇടപെട്ടതോടെ ഇരുവരും തമ്മില്‍ വാക്പോര് കടുത്തു. പ്രസംഗം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്ത നടപടിയിലേക്കു പോകുമെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ പ്രസംഗം കഴിഞ്ഞുവെന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ അതു നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് സതീശന്‍ തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സ്പീക്കറുടെ മുന്നിലെത്തി. കീഴ്വഴക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ പലതും മുന്‍പുണ്ടാകും, അതൊന്നും ഇപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അടുത്ത നടപടികളിലേക്കു കടന്നു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി. ഇതോടെ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അതിനിടെ, ആഴക്കടല്‍ ധാതു ഖനനത്തിന് എതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതി നിര്‍ദ്ദേശങ്ങളും അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധം തുടര്‍ന്നപ്രതിപക്ഷം ഭേദഗതികള്‍ സഭയില്‍ അവതരിപ്പിച്ചില്ല. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. ഇന്നത്തേക്ക് പിരിഞ്ഞ സഭ ഈ മാസം പത്തിനാണ് ഇനി ചേരുക.