ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിയുടെ ചോദ്യം; വിവാദങ്ങള്‍ക്കിടെ സംഗമത്തെ പിന്തുണച്ച് കെപിഎംഎസും

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

Update: 2025-09-07 11:24 GMT

അലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് മറുപടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും സുരേഷ് ഗോപി ചോദിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിയെ കഴിഞ്ഞദിവസം നേരിട്ട് ക്ഷണിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരിട്ട് സുരേഷ് ഗോപിയുടെ വീട്ടിലെത്തിയായിരുന്നു ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിയാണെന്നാണ് സംഘപരിവാര്‍ നിലപാട്. അതിനാല്‍തന്നെ സുരേഷ് ഗോപി പങ്കെടുക്കരുതെന്ന നിലപാടിലാണ് ബിജെപി നേതൃത്വവും.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്റെയും പിന്തുണ ലഭിച്ചു. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചു. യുവതി പ്രവേശനത്തില്‍ ഇപ്പോള്‍ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെങ്കില്‍ സഹകരിക്കാമെന്നാണ് എന്‍എസ്എസ് വ്യക്തമാക്കിയത്. പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമ്പോഴും യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എസ്എന്‍ഡിപി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്.

അതേസമയം രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. എഡിഎം ഡോ അരുണ്‍ എസ് നായര്‍ക്കാണ് ഏകോപന ചുമതല. എഡിജിപി എസ് ശ്രീജിത്തിനാണ് സംഗമത്തിന്റെ സുരക്ഷാ ചുമതല.

പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

Tags:    

Similar News