ക്രിസ്മസ് കാലത്തു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി പ്രധാനമന്ത്രി പോകേണ്ടതു മണിപ്പുരിലേക്കാണ്; സിബിസിഐ ആസ്ഥാനത്തുമോദി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമെന്ന് ബിനോയ് വിശ്വം
സിബിസിഐ ആസ്ഥാനത്തുമോദി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ക്രിസ്മസ് കാലത്തു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി പ്രധാനമന്ത്രി പോകേണ്ടതു മണിപ്പുരിലേക്കാണെന്നും അതിനു അദ്ദേഹം തയാറുണ്ടോ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രിസ്ത്യാനികള്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്നു പഠിപ്പിക്കുന്ന വിചാരധാര പിന്തുടരുന്നവരാണു മോദിയും അദ്ദേഹത്തിന്റെ സംഘബന്ധുക്കളും. രാഷ്ട്രീയ കൗശലം മൂലം അവര്‍ എന്തെല്ലാം പറഞ്ഞാലും മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍ നിന്നു ഭീതിയുടെ നിഴല്‍ മാഞ്ഞുപോവില്ല. വര്‍ഗീയസംഘര്‍ഷം കൊടുമ്പിരി കൊള്ളുമ്പോള്‍, ക്രിസ്ത്യാനികളും ഹിന്ദുക്കളും പരസ്പരം കൊല്ലുന്ന മണിപ്പുരിലേക്കു 19 മാസമായി പ്രധാനമന്ത്രി പോയിട്ടേയില്ല.
ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്തു പ്രധാനമന്ത്രി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമാണ്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി കര്‍ദിനാള്‍മാരോടും ബിഷപ്പുമാരോടും ക്രിസ്തുവിനെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പ്രഘോഷിക്കുമ്പോള്‍ കേരളത്തിലെ നല്ലേപ്പിള്ളിയില്‍ അദ്ദേഹത്തിന്റെ സംഘബന്ധുക്കള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ താറുമാറാക്കി ക്രിസ്തുനിന്ദ നടത്തുകയായിരുന്നെന്നു ബിനോയ് വിശ്വം പറഞ്ഞു.
അഫ്ഗാന്‍, യെമന്‍ തടവറകളില്‍നിന്നും ക്രിസ്തീയ പുരോഹിതരെ മോചിപ്പിച്ചതിനെക്കുറിച്ചു വാചാലനാകുന്ന മോദി, ഇന്ത്യന്‍ തടവറയില്‍ പീഡിപ്പിക്കപ്പെട്ടു മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെപ്പറ്റി ഇന്നോളം ഒരു വാക്ക് മിണ്ടിയിട്ടില്ല. ആദിവാസികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സ്റ്റാന്‍ സ്വാമിക്കു കുടിവെള്ളം പോലും കൊടുക്കാന്‍ കൂട്ടാക്കാത്ത ഭരണമാണു സംഘപരിവാര്‍ നടത്തുന്നത്. ഇന്ത്യയിലെമ്പാടും ക്രിസ്ത്യന്‍ പള്ളികളും കന്യാസ്ത്രീ മഠങ്ങളും ശ്മശാനങ്ങളും ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും അര്‍ഥപൂര്‍ണമായ മൗനമാണു ബിജെപി ഭരണകൂടം പുലര്‍ത്തുന്നത്.