അധ്യക്ഷനായി തുടരണോ എന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും; വി മുരളീധരന്‍ അധ്യക്ഷനായിരുന്നപ്പോള്‍ പിറവത്ത് കിട്ടിയത് 2000 വോട്ട്; അന്നാരും രാജി ആവശ്യപ്പെട്ടില്ല; എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം; ചേലക്കര എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രന്‍

രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രന്‍

Update: 2024-11-25 07:35 GMT

കോഴിക്കോട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് തുറന്ന് സമ്മതിച്ച കെ സുരേന്ദ്രന്‍ പാലക്കാട് മാത്രം എന്തിന് ചര്‍ച്ചയാകുന്നുവെന്നും ചോദിച്ചു.

പാലക്കാട്ട് വോട്ട് ശതമാനം ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ല. ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തും. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട് മാത്രം എന്തുകൊണ്ട് ചര്‍ച്ചയാകുന്നു. ചേലക്കര എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല. വി ഡി സതീശനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഉത്തരവാദിത്വമില്ലേ? എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിധി ശരിയായ രീതിയില്‍ വിലയിരുത്തും ആവശ്യമായിട്ടുള്ള തിരുത്തലുകളും ഉണ്ടാകും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകളെക്കാളും കുറഞ്ഞതെങ്ങിനെയെന്ന് പരിശോധിക്കും. ഓരോ ബൂത്തിലും ശരിയായ വിശകലവും പരിശോധനയും നടത്താനാണ് തീരുമാനമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തില്‍ നിന്ന് നല്ല നിലയില്‍ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകള്‍ സമാഹരിക്കാന്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയ ആളാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയായത്. മൂന്ന് പേരുകള്‍ ചര്‍ച്ചയില്‍ വന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ മല്‍സരിക്കാന്‍ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. മലമ്പുഴയില്‍ മൂവായിരം വോട്ടുകള്‍ അമ്പതിനായിരം ആക്കിയ സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാര്‍.

പക്ഷേ പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നമുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. പരസ്യ പ്രസ്താവനകള്‍ എല്ലാം പരിശോധിക്കും. കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകണം എന്നാണ് ചില നിരീക്ഷകരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്തതിന്റെ ചൊരുക്കാണ് ചിലര്‍ക്കുളളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വോട്ടുകള്‍ കുറഞ്ഞുവെന്നുള്ളത് വസ്തുതയാണ്. എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കുമ്പോള്‍ ക്രഡിറ്റ് മറ്റുള്ളവര്‍ക്കും പരാജയപ്പെടുമ്പോള്‍ പ്രഡിഡന്റിനും ആണ്. അതില്‍ തനിക്ക് പരാതിയില്ല. ബിജെപിയില്‍ സ്ഥാനമോഹികള്‍ ഇല്ല. ഉപതിരഞ്ഞെടുപ്പിന്റെ ഒരു വശം മാത്രമാണ് എല്ലാവരും കാണുന്നത്. എല്ലാ ഇടങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചു. എല്ലാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഓരോ രീതികള്‍ ഉണ്ട്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്.

പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയായി ചുമതലപ്പെടുത്തിയത് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആണ്. അദ്ദേഹം പാലക്കാട് പോയി പഞ്ചായത്ത് തലം മുതല്‍ എല്ലാവരെയും കണ്ട് അഭിപ്രായ സമാഹരണം നടത്തി മൂന്ന് പേരുടെ നല്‍കി. അതില്‍ രണ്ട് പേരില്‍ മത്സരിക്കാന്‍ തയ്യാറല്ല എന്ന് അറിയിച്ചു.പിന്നീട് പാര്‍ലിമെന്ററി ബോഡ് വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സി കൃഷ്ണ കുമാര്‍ അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥി ആകാന്‍ താല്‍പ്പര്യം ഇല്ല എന്നാണ് അറിയിച്ചത്. കോണ്‍ഗ്രസ് നടത്തുന്ന പ്രചാര വേലകള്‍ മാധ്യമങ്ങള്‍ ഏറ്റ പിടിക്കുകയാണ്. പരസ്യ പ്രസ്താവനകള്‍ ആര് നടത്തിയാലും അവ പരിശോധിക്കുമെന്ന് കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

രാജി വെക്കുമോ? മറുപടി ഇങ്ങനെ

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം കേള്‍ക്കാന്‍ വിധിക്കപ്പെട്ടയാണ് ഞാന്‍. പരാജയമുണ്ടായാല്‍ എപ്പോഴും പഴി പ്രസിഡന്റിന് വരും. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം തനിക്ക് തന്നെയാണ്. സ്ഥാന മാറ്റം വ്യക്തിപരമല്ല. പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അതനുസരിക്കും. എന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി മുരളീധരന്‍ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ 2000 വോട്ടുകളാണ് പിറവത്ത് ലഭിച്ചത്. അന്ന് ആരും അധ്യക്ഷന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടില്ല.

കേരളത്തിലെ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. തീവ്രവാദ സംഘടനകളുമായി എല്‍ഡിഎഫ്‌നും യുഡിഎഫിനും ബന്ധമുണ്ട്. കേരളത്തില്‍ മതതീവ്രവാദം വളരുകയാണ്. എന്തിനാണ് പാലക്കാട് മാത്രം ചര്‍ച്ച ചെയ്യുന്നത്. ചേലക്കരയില്‍ യുഡിഎഫ് വോട്ട് കുറഞ്ഞത് ആരും ചര്‍ച്ച ചെയ്യുന്നില്ല. അതെന്തുകൊണ്ടാണെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

Tags:    

Similar News