അമിത്ഷാ എത്തിയതിന് പിന്നാലെ മിഷന്‍ -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം; എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും; ബിജെപിയുടെ കേരളത്തിലെ വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരാന്‍ ഇനി അധികകാലം വേണ്ടെന്ന് അമിത്ഷാ; തദ്ദേശത്തിലെ വീഴ്ചകള്‍ പരിഹരിക്കാനും നിര്‍ദേശം
അമിത്ഷാ എത്തിയതിന് പിന്നാലെ മിഷന്‍ -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി
തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത്ഷാ തലസ്ഥാനത്ത് എത്തിയതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചടുല നീക്കങ്ങളുമായി ബിജെപി മുന്നോട്ട്. ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത നേതൃയോഗത്തില്‍ തീരുമാനിച്ചു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു അതിവേഗത്തില്‍ മുന്നോട്ടു പോകാനാണ് ബിജെപി ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍, ബിജെപിക്ക് സ്വാധീനമുള്ള 40 മണ്ഡലങ്ങളില്‍ വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ജനുവരി 20 ന് മുന്‍പ് എന്‍ഡിഎ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. എന്‍ഡിഎ നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തി.
ബൂത്തുതലംവരെ എന്‍ഡിഎ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. നിലവില്‍ ജില്ലാതലത്തിലാണ് എന്‍ഡിഎ കമ്മിറ്റികളുള്ളത്. ഇത് മണ്ഡലം, ബൂത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കണം. മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി തൊട്ടുകൂടാത്ത പാര്‍ട്ടിയാണെന്ന അവസ്ഥ ഇപ്പോള്‍ കേരളത്തിലില്ല. പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി അത് പ്രയോജനപ്പെടുത്തണം.
സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു കൂടി കണക്കിലെടുക്കണം. മണ്ഡലം പിടിക്കാനായി തുടര്‍ച്ചയായ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നയാളായിരിക്കണം സ്ഥാനാര്‍ഥിയെന്നുമാണ് അദ്ദേഹം മുന്നോട്ടു വെച്ച നിര്‍ദേശം. എല്ലാ മത വിഭാഗങ്ങളെയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോകണം. രാജ്യവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന രീതിയില്‍ പ്രചാരണം നടത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങളെ സംബന്ധിച്ചു നേതൃത്വം വിശദീകരിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തദ്ദേശത്തില്‍ വോട്ടുവിഹിതം കുറഞ്ഞത് ഗൗരവമായി കാണണം. ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെനിര്‍ത്തുന്നതില്‍ പൂര്‍ണമായി വിജയിക്കാനായില്ലെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതായി സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ മേഖലകളില്‍ നേട്ടമുണ്ടാക്കാനായില്ലെന്നാണ് സ്വയം വിമര്‍ശനം. ഇതില്‍ മാറ്റമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും നിര്‍ദേശമുണ്ടായി.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കം ചര്‍ച്ചയാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ശബരിമല സ്വര്‍ണക്കൊള്ള രാഷ്ട്രത്തിന്റെ മുഴുവന്‍ വിശ്വാസത്തെയും ഹനിക്കുന്നതാണെന്നും കേസിന്റെ എഫ്.ഐ.ആറില്‍ തന്നെ പ്രതികളെ രക്ഷിക്കാനുള്ള കാര്യങ്ങളുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. സ്വര്‍ണക്കൊള്ളയില്‍ രണ്ട് മന്ത്രിമാര്‍ ജനമനസില്‍ കുറ്റവാളികളാണ്. എന്നിട്ടും ഇവരെ ന്യായീകരിക്കുകയാണ്. സി.പി.എമ്മിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും പ്രതികളാണെന്നും അമിത് ഷാ ബി.ജെ.പി ജനപ്രതിനിധികളുടെ സംസ്ഥാന സംഗമം ഉദ്ഘാടനവും 'മിഷന്‍ 2026' പ്രഖ്യാപനവും നടത്തിക്കൊണ്ട് പറഞ്ഞു.
വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നിവയടക്കം കേരളത്തിന്റെ ഭാവിക്ക് ബി.ജെ.പി സര്‍ക്കാറും മുഖ്യമന്ത്രിയും ഉണ്ടാവണം. ദേശ ദ്രോഹികളില്‍ നിന്ന് രക്ഷിച്ച് കേരളത്തെ വികസിതമാക്കാനും വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും എല്‍.ഡി.എഫിനും യു.ഡി.എഫിനും കഴിയില്ല. 2047 ആകുമ്പോഴേക്കും വികസിത ഭാരതം സൃഷ്ടിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം സൃഷ്ടിക്കാനാവൂ. എല്‍.ഡി.എഫ്, യു.ഡി.എഫ് സഹകരണം കാരണം കേരളത്തില്‍ വികസനം സ്തംഭിച്ചിരിക്കയാണ്. ലോകം മഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രാജ്യത്ത് കോണ്‍ഗ്രസും ഇല്ലാതാവുകയി. 2024ല്‍ ബി.ജെ.പിക്ക് കേരളത്തില്‍ ലഭിച്ച 20 ശതമാനം വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരാന്‍ ഇനി അധികകാലം വേണ്ട.
എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മിത്രങ്ങളാണ് ജമാ അത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും. അവരുടെ വിഭജന രാഷ്ട്രീയത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കണം. എല്‍.ഡി.എഫും യു.ഡി.എഫും പ്രീണന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ഒരാളോടുള്ള പ്രീണനം മറ്റൊരാള്‍ക്ക് അനീതിയാവും. അതുകൊണ്ടാണ് ബി.ജെ.പി തുല്യ നീതി പറയുന്നത്. വികസനത്തിനും വിശ്വാസ സംരക്ഷണത്തിനും കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ബിജെപിയുടെ മുഖ്യമന്ത്രിയെ നിയമിക്കുകയും ചെയ്യുക എന്നതാണ് ആത്യന്തിക ലക്ഷമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ദേശവിരുദ്ധ ശക്തികളില്‍ നിന്ന് നിന്ന് സംരക്ഷിക്കുകയും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ വിജയത്തിന് നന്ദി പറയാന്‍ താന്‍ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെന്നും പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ പത്മനാഭ സ്വാമിക്ക് മുമ്പില്‍ ദര്‍ശനം നടത്തി വണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഷാ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ പ്രതിനിധികളെ അദ്ദേഹം അഭിനന്ദിച്ചു, സംസ്ഥാനത്തെ പാര്‍ട്ടിയുടെ വിശാലമായ രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫലത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
കേരളത്തിന്റെ ദീര്‍ഘകാല വിശ്വാസങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സുരക്ഷയും പുരോഗതിയും ഉറപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും മാത്രമേ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയൂ എന്ന് സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വികസിത ഭാരതത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണെന്ന് ഷാ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷതവഹിച്ചു. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മേയര്‍ വി.വി. രാജേഷ്, സി. സദാനന്ദന്‍ എം.പി, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍, പ്രകാശ് ജാവ്‌ദേക്കര്‍, എ.പി. അബ്ദുല്ലക്കുട്ടി, കെ. സോമന്‍, പി.സി. ജോര്‍ജ്, ശോഭ സുരേന്ദ്രന്‍, എം.ടി. രമേഷ്, ആര്‍. ശ്രീലേഖ, ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
