എതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടു പോകാന്‍ രാജീവ് ചന്ദ്രശേഖര്‍; ഷോണ്‍ ജോര്‍ജ്ജിനും അനൂപ് ആന്റണിക്കും നേതൃത്വത്തില്‍ നിര്‍ണായക റോള്‍ നല്‍കിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട്; ശോഭാ സുരേന്ദ്രന്റെ ജനകീയതയും നേട്ടമാക്കും; അടുത്ത പുനസംഘടന കോര്‍ കമ്മറ്റിയില്‍

എതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടു പോകാന്‍ രാജീവ് ചന്ദ്രശേഖര്‍

Update: 2025-07-12 02:09 GMT

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പുനസംഘടനയാണ് ബിജെപി ഇക്കുറി നടത്തിയിരിക്കുന്നത്. ക്രൈസ്തവ സമുദായത്തെ അടക്കം ലക്ഷ്യെ വെച്ചു കൊണ്ടാണ് പുതിയ ഭാരവാഹിപ്പട്ടിക. ഷോണ്‍ ജോര്‍ജ്ജിനും അനൂപ് ആന്റണിക്കും നിര്‍ണായക റോളുകള്‍ നല്‍കിയത് ഇതില്‍ നിന്നും വ്യക്തമാണ്. കത്തോലിക്കാ സഭാ വോട്ടുകളെ ഒപ്പം നിര്‍ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ പല അട്ടിമറികളും സംഭവിക്കുമെന്ന് ബോധ്യമായിട്ടുണ്ട്. അതു അനുസരിച്ചുള്ള പുനസംഘടനയാണ് ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്.

ഗ്രൂപ്പു നോക്കാതെയുള്ള പരീക്ഷണത്തിനാണ് ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ ഭാരവാഹിപ്പട്ടികയിലൂടെ ഉന്നമിടുന്നത്. കെ.സുരേന്ദ്രന്റെ പക്ഷത്തിന് അതൃപ്തിയുണ്ടെങ്കിലും ആ അതൃപ്തിയെ രാജീവ് വകവെക്കില്ല. കാരണം ദേശീയ നേതൃത്വം അദ്ദേഹത്തിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ജനകീയ പരിവേഷമുള്ള ശോഭാ സുരേന്ദ്രനെ അടക്കം ഒപ്പം ചേര്‍ത്തു കൊണ്ടാണ് രാജീവ് മുന്നോട്ടു പോകുന്നത്.

ഗ്രൂപ്പല്ല, തിരഞ്ഞെടുപ്പിലെ ജയമാണ് ലക്ഷ്യമെന്നും ദേശീയ നേതൃത്വം ഏല്‍പിച്ച ദൗത്യം അതാണെന്നുമാണ് രാജീവിന്റെ നിലപാട്. മുതിര്‍ന്ന നേതാവായ പി.കെ.കൃഷ്ണദാസിനോട് അടുപ്പം പുലര്‍ത്തുമ്പോഴും രാജീവ് ചന്ദ്രശേഖര്‍, ആ പക്ഷക്കാരനായ എ.എന്‍.രാധാകൃഷ്ണന് ഭാരവാഹിത്വം നല്‍കിയില്ല. സമീപകാലത്തുണ്ടായ വിവാദങ്ങളാണ് രാധാകൃഷ്ണന് വിനയായി മാറിയത്.

അതേസമയം ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നിട്ടും ഭാരവാഹിത്വത്തില്‍നിന്ന് മാറ്റിയതില്‍ രാധാകൃഷ്ണന്‍ അതൃപ്തിയറിയിച്ചെന്നാണ് വിവരം. വൈസ് പ്രസിഡന്റായിരുന്ന സി.ശിവന്‍കുട്ടിയും ഭാരവാഹിത്വത്തില്‍നിന്നു പുറത്തായി. ഒഴിവാക്കപ്പെട്ട പ്രധാന നേതാക്കള്‍ക്ക് ദേശീയ കൗണ്‍സിലോ നിര്‍വാഹക സമിതിയിലോ അംഗത്വം ലഭിച്ചേക്കുമെന്നു പ്രചാരണമുണ്ട്. രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിച്ച പാനല്‍ ദേശീയ നേതൃത്വം അതേപടി അംഗീകരിച്ചു.

തങ്ങളുടെ പക്ഷത്തുനിന്നു പി.സുധീറിനെയോ സി.കൃഷ്ണകുമാറിനേയെ ജനറല്‍ സെക്രട്ടറിപദത്തിലേക്കു പരിഗണിക്കുമെന്ന് സുരേന്ദ്രന്‍ വിഭാഗം കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗണ്യമായി വോട്ടുവര്‍ധിപ്പിച്ച ജില്ലകളിലെ പ്രസിഡന്റുമാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്ന എം.വി.ഗോപകുമാറും സംസ്ഥാന സെക്രട്ടറിമാരായി.

സുരേന്ദ്രന്റെ ടേമില്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ശോഭ സുരേന്ദ്രന്‍ അവഗണിക്കപ്പെടുന്നുവെന്ന പരാതി പ്രകടിപ്പിച്ചിരുന്നു. അന്ന് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും എം.ടി.രമേശിനും കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്.സുരേഷിനായിരിക്കും സംസ്ഥാന ഓഫിസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദം. അനൂപ് ആന്റണി 20 വര്‍ഷത്തിലേറെയായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി അടക്കം വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നും പുനസംഘടനാ തന്ത്രങ്ങളുമായി രാജീവ് മുന്നോട്ടു പോകും. ബിജെപി നേതൃത്വത്തില്‍ ഏറ്റവും മുകളിലത്തെ സമിതിയായ കോര്‍ കമ്മിറ്റിയില്‍ ആരൊക്കെയുണ്ടാകുമെന്നതിലും രാജീവ് ചന്ദ്രശേഖറിന്റെ നീക്കം കാത്തിരിക്കുകയാണ് നേതാക്കള്‍. മുന്‍ പ്രസിഡന്റുമാര്‍ക്ക് പുറമേ ദേശീയ നേതൃത്വം നിര്‍ദേശിക്കുന്നവരും നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരുമാണ് കോര്‍ കമ്മിറ്റിയില്‍ ഉണ്ടാകുക.

കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായിട്ടും ഡോ. കെ.എസ്.രാധാകൃഷ്ണനും എ.എന്‍.രാധകൃഷ്ണനും കോര്‍ കമ്മിറ്റിയിലെത്തിയിരുന്നു. ഇത്തവണ ഷോണ്‍ ജോര്‍ജിനെയും കെ.കെ.അനീഷ്‌കുമാറിനെയും എസ്.കൃഷ്ണകുമാറിനെയും വൈസ് പ്രസിഡന്റ് പദത്തിനൊപ്പം കോര്‍ കമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന വിവരമുണ്ട്. ഇക്കുറി കോര്‍ കമ്മറ്റിയില്‍ ആരൊക്കെ ഉണ്ടാകും എന്നാണ് അറിയേണ്ടത്. വി മുരളീധരന്‍ പക്ഷത്തെ എത്രനേതാക്കള്‍ നിര്‍ണമായകമായ ഈ കോര്‍ കമ്മറ്റിയില്‍ ഉണ്ടുകുമെന്നതാണ് ആകാംക്ഷയുണ്ടാക്കുന്ന കാര്യം.

നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാര്‍ട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും.ആര്‍. ശ്രീലേഖ ഐപിഎസ്, ഷോണ്‍ ജോര്‍ജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും വൈസ്പ്രസിഡന്റുമാരാകും.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വി. മുരളീധരപക്ഷത്ത് നിന്ന് ആരും ഇല്ല. നാല് ജനറല്‍ സെക്രട്ടറിമാരില്‍ എം.ടി. രമേശിനെയാണ് നിലനിര്‍ത്തിയത്. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സി. സദാനന്ദന്‍, പി. സുധീര്‍, സി. കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുള്‍ സലാം, ആ. ശ്രീലേഖ ഐപിഎസ്, കെ. സോമന്‍, അഡ്വ. കെ.കെ. അനീഷ് കുമാര്‍, അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

അശോകന്‍ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപന്‍, ജിജി ജോസഫ്, എം.വി. ഗോപകുമാര്‍, പൂന്തുറ ശ്രീകുമാര്‍, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാര്‍. ട്രഷറര്‍ ഇ. കൃഷ്ണദാസ്.

Tags:    

Similar News