പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് ബിജെപി പിന്തുണ; തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസ പ്രമേയം പാസായി; വിപ്പ് ലംഘിച്ച നാല് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി; യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ പരസ്യമായ തെളിവെന്ന് എല്‍ഡിഎഫ്
തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി
തൊടുപുഴ:തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി. എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപിയുടെ നാല് അംഗങ്ങളാണ് പിന്തുണച്ചത്. ഇതോടെ 35 അംഗ നഗരസഭാ കൗണ്‍സിലില്‍ 12നെതിരെ 18 വോട്ടുകള്‍ക്ക് പ്രമേയം പാസായി.
പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കൗണ്‍സിലര്‍മാരെ ബിജെപി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. ടിഎസ് രാജന്‍, സി ജിതേഷ്, ജിഷാ ബിനു, കവിത വേണു എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സസ്പെന്‍ഡ് ചെയ്തതേ.
നഗരസഭയില്‍ ബി.ജെ.പിക്ക് ആകെ എട്ടംഗങ്ങളാണുള്ളത്. ഇതില്‍ നാലുപേര്‍ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ ബാക്കിയുള്ളവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്നാണ് നാലുപേര്‍ അവിശ്വാസത്തെ പിന്തുണച്ചത്. മറ്റൊരു അംഗമായ ബിന്ദു പത്മകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. പി.ജി. രാജശേഖരന്‍, ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപന്‍ എന്നിവര്‍ പാര്‍ട്ടി വിപ്പ് അനുസരിച്ച് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.
അതേസമയം, ബിജെപി - യു.ഡി.എഫ് ബന്ധത്തിന്റെ പരസ്യമായ തെളിവാണ് തൊടുപുഴയിലേതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. ബിജെപി വിപ്പ് നല്‍കിയെങ്കിലും അവിശ്വാസം പ്രമേയം പാസാകുന്നതിനുള്ള കൃത്യമായ വോട്ടുകള്‍ മറിക്കാനുള്ള ധാരണ ഇരുകക്ഷികള്‍ക്കും ഇടയിലുണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. യു.ഡി.എഫ് -13, എല്‍.ഡി.എഫ്- 12, ബി.ജെ.പി -8 ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് തൊടുപുഴയിലെ കക്ഷി നില. യു.ഡി.എഫ് വിമതന്‍ സനീഷ് ജോര്‍ജ്ജിന്റെ മുന്നണിയില്‍ എത്തിച്ചാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. സനീഷ് ജോര്‍ജ്ജിന് ചെയര്‍മാന്‍ പദവി നല്‍കുകയായിരുന്നു. വൈസ് പ്രസിഡന്റ് പദവി നല്‍കി യുഡിഎഫ് സ്വതന്ത്രയായ ജെസി ജോണിനെയും എല്‍ഡിഎഫ് ഒപ്പം കൂട്ടിയിരുന്നു.