500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയാല്‍ അഴിമതിയല്ലേ; നടന്നത് തീവെട്ടിക്കൊള്ള; മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ കേസെടുക്കണം; കോവിഡ് കാലത്ത് ദുരന്തം വിറ്റ് സര്‍ക്കാര്‍ കാശാക്കിയെന്നും ചെന്നിത്തല

500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയാല്‍ അഴിമതിയല്ലേ

Update: 2025-01-22 04:20 GMT

തിരുവനന്തപുരം: കോവിഡ് അഴിമതി സജീവ ചര്‍ച്ചയാക്കി പ്രതിപക്ഷം. കോവിഡ് കാലത്ത് പി.പി.ഇ കിറ്റടക്കം വാങ്ങിയതില്‍ തീവെട്ടിക്കൊള്ള നടന്നുവെന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ദുരന്തം വിറ്റ് സര്‍ക്കാര്‍ കാശാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയാല്‍ അത് അഴിമതിയല്ലേ എന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണ് പി.പി.ഇ കിറ്റ് വാങ്ങിയതെന്ന് കെ.കെ. ശൈലജ പറയുന്നു. മുഖ്യമന്ത്രി അറിഞ്ഞാല്‍ അഴിമതിയാകില്ലേ എന്നും ചെന്നിത്തല ചോദിച്ചു.

കോവിഡ് കാലത്ത് പി.പി.ഇ കിറ്റടക്കം വാങ്ങിയതിലെ തീവെട്ടിക്കൊള്ള നടന്നതായാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. യൂനിറ്റിന് 550 രൂപക്ക് പി.പി.ഇ കിറ്റ് നല്‍കാന്‍ തയാറായ കമ്പനികളെ ഒഴിവാക്കി 800 രൂപ മുതല്‍ 1550 രൂപ വരെ ക്വാട്ട് ചെയ്ത കമ്പനികളില്‍ നിന്നാണ് വാങ്ങിയതെന്നും ഇതുവഴി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെ നടന്ന ഇടപാടില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും കണക്ക് നിരത്തി അവ തള്ളിയാണ് സി.എ.ജി അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.

550 രൂപക്ക് പി.പി.ഇ കിറ്റ് നല്‍കാമെന്ന് 2020 മാര്‍ച്ച് 28ന് അനിത ടെക്സ്‌കോട്ട് എന്ന കമ്പനി സര്‍ക്കാറിനെ അറിയിച്ചെന്ന് ബോധ്യപ്പെട്ടതായി സി.എ.ജി വ്യക്തമാക്കുന്നു. ഇവരില്‍ നിന്ന് 25,000 പി.പി.ഇ കിറ്റ് വാങ്ങാന്‍ ആദ്യം ഓര്‍ഡര്‍ നല്‍കിയെങ്കിലും 10,000 എണ്ണത്തിനേ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയുള്ളൂ. രണ്ടു ദിവസത്തിന് ശേഷം മാര്‍ച്ച് 30ന് 1000 രൂപ കൂട്ടി 1550 രൂപക്ക് 15,000 പി.പി.ഇ കിറ്റ് മറ്റൊരു കമ്പനിയായ സാന്‍ഫാര്‍മയില്‍ നിന്ന് വാങ്ങി.

രണ്ടു ദിവസം കൊണ്ട് അധികമായി നല്‍കിയത് 1.51 കോടി. മാര്‍ച്ച് തുടക്കത്തില്‍ 450 രൂപക്ക് വാങ്ങിയ പി.പി.ഇ കിറ്റ് മാര്‍ച്ച് മാസം അവസാനം 1550 രൂപക്കാണ് വാങ്ങിയത്. അതും കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ സന്നദ്ധരായ കമ്പനികളെ ഒഴിവാക്കി. സണ്‍ ഫാര്‍മ മാത്രമല്ല, 800 രൂപ മുതല്‍ 1550 രൂപ വരെ ഉയര്‍ന്ന വില ക്വാട്ട് ചെയ്ത കമ്പനികളില്‍ നിന്നടക്കം 2.5 ലക്ഷം കിറ്റുകളാണ് ഈ കാലയളവില്‍ വാങ്ങിയത്.

കോവിഡിനെ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് സര്‍ക്കാര്‍ 2020 മാര്‍ച്ചില്‍ പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ക്വട്ടേഷന്‍, ടെന്‍ഡര്‍ ഔപചാരികതകളില്‍നിന്ന് ഇളവും നല്‍കി. ഇതിന്റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങല്‍. അവശ്യസാധനങ്ങളുടെ വില നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കിറ്റിന്റെ വിപണി വില 545 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ച കാലത്തായിരുന്നു ഇത്.

കോവിഡ് കാല പര്‍ച്ചേസിന് മുന്‍കൂറായി 50 ശതമാനം തുകമാത്രമേ നല്‍കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാല്‍, ചട്ടങ്ങള്‍ മറികടന്ന് സാന്‍ഫാര്‍മ കമ്പനിക്ക് മുഴുവന്‍ തുകയും നല്‍കി. യൂനിറ്റിന് 1550 രൂപ നിരക്കില്‍ 15,000 കിറ്റുകള്‍ വാങ്ങുന്നതിന് മൊത്തം തുകയായ 2.32 കോടിയാണ് മുന്‍കൂറായി നല്‍കിയത്. എന്നാല്‍, സ്ഥാപനത്തിന് നല്‍കിയ ലെറ്റര്‍ ഓഫ് ഇന്‍ഡന്റില്‍ (എല്‍.ഐ.ഒ) 50,000 യൂനിറ്റിനാണ് ഓര്‍ഡര്‍ നല്‍കിയതെന്നും ഇതിന്റെ ആകെ മൂല്യമായ 9.35 കോടിയുടെ 29 ശതമാനം മാത്രമേ (2.32 കോടി) മുന്‍കൂര്‍ നല്‍കിയിട്ടുള്ളൂവെന്നുമായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. ഈ വാദം സി.എ.ജി നിരസിച്ചു.

''കമ്പനി പുതിയതായതിനാലും ഉല്‍പന്നം പരിശോധിച്ചിട്ടില്ലാത്തതിനാലും ഉടന്‍ വിതരണം ചെയ്യാന്‍ ഓര്‍ഡറുകള്‍ നല്‍കിയത് 15,000 എണ്ണത്തിന് മാത്രമായിരുന്നെന്ന് ഓഡിറ്റ് നിരീക്ഷിച്ചതില്‍ വ്യക്തമായി'' എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News