'നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളത്...അരിവാള്‍..സോറി....കൈപ്പത്തി അടയാളത്തിലാണ് വോട്ടുചെയ്യേണ്ടത്': പഴയ ശീലം മാറിയില്ല; കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ നാക്കുപിഴ ആഘോഷമാക്കി സഖാക്കള്‍
കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ നാക്കുപിഴ ആഘോഷമാക്കി സഖാക്കള്‍
കൊട്ടാരക്കര: ചെങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി കോണ്‍ഗ്രസ് പാളയത്തിലെത്തിയ മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ വന്‍ അമളി. പതിറ്റാണ്ടുകളോളം സിപിഎം വേദികളില്‍ ' അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്' വോട്ട് ചോദിച്ച ശീലം ഐഷാ പോറ്റിയെ വിട്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കൊട്ടാരക്കരയിലെ പുതിയ ദൃശ്യങ്ങള്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വോട്ട് ചോദിക്കുന്നതിനിടെ 'അരിവാള്‍... സോറി കൈപ്പത്തി' എന്ന് തിരുത്തിപ്പറഞ്ഞ ഐഷാ പോറ്റിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്‌നേഹത്തോടെ, നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളത്...അരി....കൈപ്പത്തി അടയാളത്തിലാണ് വോട്ടുചെയ്യേണ്ടത്... എന്നായിരുന്നു വാചകം.
ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെപി സര്‍ക്കാരിനെതിരെ കെപിസിസി നടത്തിയ രാപ്പകല്‍ സമരവേദിയിലാണ് ഐഷാ പോറ്റി ഏവരെയും ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് പതാക കയ്യിലേന്തിയത്. കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണ ഷാള്‍ അണിഞ്ഞ് വേദിയിലെത്തിയ അവര്‍, തന്നെ ദ്രോഹിച്ച ചില 'ഡിസിഷന്‍ മേക്കര്‍മാര്‍ക്കെതിരെയുള്ള' പ്രതിഷേധമായാണ് ഈ ചുവടുമാറ്റത്തെ വിശേഷിപ്പിച്ചത്.
'വര്‍ഗ്ഗവഞ്ചകി' വിളികള്‍ക്ക് പുല്ലുവില!
പാര്‍ട്ടി വിട്ടതിന് പിന്നാലെ സൈബര്‍ ഇടങ്ങളില്‍ വലിയ ആക്രമണമാണ് ഐഷാ പോറ്റിക്കെതിരെ നടക്കുന്നത്. എന്നാല്‍ ഇത്തരം ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. തന്നെ സ്‌നേഹിക്കുന്ന സാധാരണ സഖാക്കളോട് ദേഷ്യമില്ലെന്നും, എന്നാല്‍ പാര്‍ട്ടിയിലെ ചില ഉന്നതരുടെ ദ്രോഹമാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്നും അവര്‍ തുറന്നടിച്ചു. സ്വന്തം ജോലിയും സ്വകാര്യ സന്തോഷങ്ങളും മാറ്റിവെച്ച് പ്രവര്‍ത്തിച്ചിട്ടും പാര്‍ട്ടി തന്നോട് നീതി കാട്ടിയില്ലെന്നാണ് ഐഷാ പോറ്റിയുടെ പക്ഷം.
ഐഷാ പോറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കൊട്ടാരക്കരയില്‍ മത്സരം കടുത്തിരിക്കുകയാണ്. തങ്ങളുടെ മുന്‍ എംഎല്‍എയെ തന്നെ നേരിടേണ്ടി വരുന്നത് സിപിഎമ്മിന് വലിയ വെല്ലുവിളിയാണ്. ഐഷാ പോറ്റിയെപ്പോലൊരു ജനകീയ നേതാവ് എത്തിയത് മണ്ഡലത്തില്‍ യുഡിഎഫിന് വലിയ മേല്‍ക്കൈ നല്‍കുന്നുണ്ട്.
എന്തായാലും, പ്രചാരണത്തിനിടെയുണ്ടായ 'അരിവാള്‍' പരാമര്‍ശം ഐഷാ പോറ്റിയെ പരിഹസിക്കാനുള്ള ആയുധമായി മാറ്റിയിരിക്കുകയാണ് ഇടത് സൈബര്‍ പോരാളികള്‍.
